26.9 C
Kottayam
Thursday, May 16, 2024

പൊതുവഴിയില്‍ വിസര്‍ജനം നടത്തി; ദളിത് യുവാവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊന്നു

Must read

ചെന്നൈ: പൊതുവഴിയില്‍ വിസര്‍ജനം നടത്തിയ ദളിത് യുവാവിനെ ആള്‍ക്കൂട്ടം മര്‍ദിച്ച് കൊലപ്പെടുത്തി. ചെന്നൈയിലെ വില്ലുപുരത്തിന് സമീപമുള്ള പെട്രോള്‍ പമ്പിനടുത്താണ് സംഭവം. ആര്‍ ശക്തിവേല്‍ എന്ന 24കാരനെയാണ് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. വില്ലുപുരത്ത് ശക്തമായ പ്രതിനിധ്യമുള്ള ദളിത് വിഭാഗത്തിനെതിരെ വിദ്വേഷം വച്ചുപുലര്‍ത്തുന്ന വണ്ണിയാര്‍ എന്ന വിഭാഗമാണ് ആക്രമണത്തിന് പിന്നില്‍. പട്ടികജാതി ആദിദ്രാവിഡ വിഭാഗത്തില്‍പ്പെട്ട വ്യക്തിയാണ് ശക്തിവേല്‍. ദളിതായതുകൊണ്ട് മാത്രമാണ് ശക്തിവേലിന് ക്രൂരമര്‍ദനത്തിനിരയാകേണ്ടി വന്നതെന്ന് ശക്തിവേലിന്റെ സഹോദരി തൈവണൈ സണ്ടേ പറഞ്ഞു.

ചൊവ്വാഴ്ച പെട്രോള്‍ പമ്പിലെ നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് ബുധനാഴ്ച വെളുപ്പിന് വീട്ടിലെത്തിയതാണ് ശക്തിവേല്‍. ആ സമയത്ത് എന്തോ വേരിഫിക്കേഷനായി ആധാര്‍ കാര്‍ഡും ഫോട്ടോയുമായി ശക്തിവേലിനോട് പെട്രോള്‍ പമ്പിലെത്താന്‍ സഹപ്രവര്‍ത്തകര്‍ വിളിച്ചറിയിച്ചു. ഇതനുസരിച്ച് ഉച്ചയ്ക്ക് 1.30 ഓടെ ശക്തിവേല്‍ വീട്ടില്‍ നിന്നിറങ്ങി. വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ ശക്തിവേലിന്റെ ബൈക്കില്‍ വളരെ കുറച്ച് പെട്രോള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. വഴി മധ്യേ പെട്രോള്‍ തീര്‍ന്ന ശക്തിവേല്‍ 27 കിമി അകലെയുള്ള പമ്പ് ലക്ഷ്യംവച്ച് ബൈക്ക് തള്ളി. അല്‍പ്പ സമയം കഴിഞ്ഞ് വയറിന് കഠിനമായ വേദനയനുഭവപ്പെടുകയും വഴിയരികില്‍ വിസര്‍ജനം നടത്താന്‍ ശ്രമിക്കുകയുമായിരുന്നു.

അല്‍പ്പസയമം കഴിഞ്ഞ് ശക്തിവേലിനെ സഹോദരി ഫോണില്‍ വിളിച്ചപ്പോഴാണ് ശക്തിവേലിനെ അന്യായമായി തടങ്കലില്‍ വച്ചിരിക്കുകയാണെന്ന വിവരം തൈവണൈ അറിയുന്നത്. ഫോണിന്റെ മറുതലയ്ക്കല്‍ നിന്ന് തൈവണൈയോട് ബൂതൂര്‍ ഹില്‍സില്‍ പെട്ടെന്ന് എത്തിച്ചേരാനും ആവശ്യപ്പെട്ടു. ആറ് മാസമായ കുഞ്ഞുമായി തൈവണൈ സ്ഥലത്തെത്തുമ്പോള്‍ ശക്തിവേല്‍ അവശനിലയിലായിരുന്നു. അക്രമകാരികള്‍ തൈവണൈയേയും മര്‍ദിച്ചു. ഇതിനിടെ കൈയ്യിലിരുന്ന ആറ് മാസം മാത്രം പ്രായമായ കുഞ്ഞ് നിലത്ത് വീണു. ഇതോടെ സഹോദരിയോട് കുഞ്ഞുമായി പോകാന്‍ ശക്തിവേല്‍ ആംഗ്യം കാണിച്ചു. ഗ്രാമത്തിലുള്ള മറ്റൊരു വ്യക്തിക്കൊപ്പമാണ് തലൈവണൈ ശക്തിവേലിനടുത്ത് എത്തിയത്. അദ്ദേഹത്തിന്റെ സഹായത്തോടെ ശക്തിവേലിനെ ആശുപത്രിയിലെത്തിച്ചുവെങ്കിലും യാത്രാമധ്യേ ശക്തിവേല്‍ മരിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഏഴ് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week