24.7 C
Kottayam
Monday, May 20, 2024

വട്ടവടയിലെ ബാര്‍ബര്‍ ഷോപ്പില്‍ ദളിതര്‍ക്ക് പ്രവേശന വിലക്ക്; ദുരിതം അനുഭവിക്കുന്നത് 270 കുടുംബങ്ങള്‍

Must read

ഇടുക്കി: വട്ടവടയിലെ ബാര്‍ബര്‍ ഷോപ്പില്‍ ദളിതര്‍ക്ക് പ്രവേശന വിലക്ക്. വട്ടവട പഞ്ചായത്തിലെ ചാക്കിലിയന്‍ വിഭാഗക്കാരായ 270 കുടുംബങ്ങളാണ് ഊരുവിലക്കിന് സമാനമായ ബഹിഷ്‌കരണം നേരിടുന്നത്. മറ്റ് ജാതിക്കാരായ ആളുകള്‍ ഏര്‍പ്പെടുത്തിയ വിലക്കിനെതിരെ ചാക്കിലിയ വിഭാഗക്കാര്‍ വട്ടവട പഞ്ചായത്തില്‍ പരാതി നല്‍കിയിട്ടുണ്ട്. വിലക്കിലെ തുടര്‍ന്ന് മുടി വെട്ടാനും മറ്റും 42 കിലോമീറ്റര്‍ യാത്ര ചെയ്ത് മൂന്നാറിലേക്കോ 12 കിലോമീറ്റര്‍ യാത്ര ചെയ്ത് ഇല്ലപ്പെട്ടിയിലേക്കോ പോകേണ്ട ദുരവസ്ഥയിലാണ് ചാക്കിലിയന്‍ വിഭാഗക്കാര്‍.

വട്ടവട പഞ്ചായത്തിലെ കൊട്ടക്കമ്പൂര്‍, വട്ടവട, കോവില്ലൂര്‍ മേഖലകളിലാണ് ചാക്കിലിയന്‍ വിഭാഗക്കാര്‍ താമസിക്കുന്നത്. മറ്റ് ഭാഗങ്ങളില്‍ മന്നാഡിയാര്‍, ചെട്ടിയാര്‍, മരവര്‍, പെല്ലാര്‍, പറയര്‍, പ്രമലക്കര്‍ വിഭാഗക്കാരും താമസിക്കുന്നു. പഞ്ചായത്തിലെ രണ്ട് വാര്‍ഡുകളില്‍ മുതുവാന്‍ വിഭാഗക്കാരാണ് ഭൂരിപക്ഷം.

മറ്റ് സമുദായങ്ങളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് തങ്ങള്‍ക്ക് ബാര്‍ബര്‍ ഷോപ്പുകളില്‍ പ്രവേശനം അനുവദിക്കാത്തതെന്ന് ചാക്കിലിയന്‍ വിഭാഗക്കാരനായ ആര്‍ ബാലന്‍ പറഞ്ഞു. വിലക്കിനെ തുടര്‍ന്ന് സമുദായാംഗങ്ങള്‍ പരസ്പരം മുടിവെട്ടുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. അല്ലെങ്കില്‍ മൂന്നാറിലേക്കോ ഇല്ലപ്പെട്ടിയിലേക്കോ പോകേണ്ടി വരും. തന്റെ പിതാവ് രാമന്റെ കുട്ടിക്കാലം മുതല്‍ ഈ വിവേചനം നിലനില്‍ക്കുന്നുണ്ടെന്നും ബാലന്‍ കൂട്ടിച്ചേര്‍ത്തു.

ആന്ധ്രാപ്രദേശില്‍ വേരുകളുള്ള സമുദായമാണ് ചാക്കിലിയന്‍. പിന്നീട് അവര്‍ തൊഴില്‍ തേടി തമിഴ്നാട്ടിലേക്കും അവിടെ നിന്ന് കേരളത്തിലേക്കും കുടിയേറി. ചത്ത മൃഗങ്ങളുടെ തോല്‍ വേര്‍തിരിച്ച് എടുത്ത് തുകല്‍ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതാണ് ഇവരുടെ പാരമ്പര്യ തൊഴില്‍. പിന്നീട് തൊഴില്‍ പ്രതിസന്ധി നേരിട്ടപ്പോഴാണ് ഇവര്‍ മറ്റ് തൊഴില്‍ മേഖലകളിലേക്ക് കടന്നത്.

വിവേചനം അവസാനിപ്പിക്കാന്‍ മറ്റ് സമുദായങ്ങളുമായി മുമ്പ് പല തവണ ചര്‍ച്ച നടത്തിയിട്ടുണ്ടെന്ന് വട്ടവട പഞ്ചായത്ത് പ്രസിഡന്റും സി.പി.എം നേതാവുമായ പി രാമരാജു പറഞ്ഞു. എന്നാല്‍ വിവേചനം ഇപ്പോഴും നിലനില്‍ക്കുകയാണ്. ഈ സാഹചര്യത്തില്‍ പൊതുവായി എല്ലാവര്‍ക്കും പ്രവേശിക്കാവുന്ന ഒരു ബാര്‍ബര്‍ ഷോപ്പ് പഞ്ചായത്ത് തന്നെ നിര്‍മ്മിച്ചു കഴിഞ്ഞിട്ടുണ്ടെന്നും പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week