ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി മാറി; അഞ്ച് ജില്ലകളില്‍ വീണ്ടും റെഡ് അലര്‍ട്ട്
തിരുവനന്തപുരം: തെക്ക് കിഴക്കൻ അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദം ശക്തി പ്രാപിച്ച് തീവ്രന്യൂനമർദം (Depression) ആയി മാറിയതായി കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. ഈ സാഹചര്യത്തിൽ സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ വീണ്ടും റെഡ് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം എന്നീ ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ നേരത്തെ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നെങ്കിലും പിൻവലിച്ച് ഓറഞ്ച് അലർട്ട് ആക്കിയിരുന്നു. ഇതാണ് വീണ്ടും റെഡ് അലർട്ട് ആക്കിയത്.
അമിനി ദ്വീപ് തീരത്ത് നിന്ന് ഏകദേശം 80 കി.മീ തെക്ക്-തെക്ക് പടിഞ്ഞാറും കേരളത്തിലെ കണ്ണൂർ തീരത്ത് നിന്ന് 360 കിമീ പടിഞ്ഞാറ്-തെക്ക് പടിഞ്ഞാറുമായാണ് ഒടുവിൽ വിവരം ലഭിക്കുമ്പോൾ ന്യൂനമർദം സ്ഥിതി ചെയ്യുന്നത്.
അടുത്ത 12 മണിക്കൂറിൽ ഇത് ശക്തിപ്രാപിച്ച് ഒരു അതിതീവ്ര ന്യൂനമർദമായി (Deep Depression) മാറുമെന്നും ശേഷമുള്ള 12 മണിക്കൂറിൽ ചുഴലിക്കാറ്റായി (Cyclonic Storm) മാറുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ചുഴലിക്കാറ്റ് നിരീക്ഷണ കേന്ദ്രം അറിയിച്ചു.
നിലവിൽ പ്രവചിക്കപ്പെടുന്ന ന്യൂനമർദത്തിന്റെ സഞ്ചാരപഥത്തിൽ കേരളം ഉൾപ്പെടുന്നില്ല. പക്ഷേ ന്യൂനമർദത്തിന്റെ സഞ്ചാരപഥം കേരള തീരത്തോട് വളരെ അടുത്ത് നിൽക്കുന്നതിനാൽ കേരളത്തിൽ മെയ് 14 മുതൽ 16 വരെയുള്ള ദിവസങ്ങളിൽ അതിതീവ്രമോ അതിശക്തമായതോ ആയ മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച് , യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നു. കടലാക്രമണം, ശക്തമായ ഇടിമിന്നൽ തുടങ്ങിയ അപകട സാധ്യതകളെ സംബന്ധിച്ചും ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് ആവശ്യപ്പെട്ടു.
ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കേരള തീരത്ത് കടലിൽ പോകുന്നതിന് ദുരന്ത നിവാരണ അതോറിറ്റി പൂർണ വിലക്കേർപ്പെടുത്തിയിരിക്കുകയാണ്. ന്യൂനമർദത്തിന്റെ വികാസവും സഞ്ചാരപഥവും കേന്ദ്ര കാലാവസ്ഥ വകുപ്പും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ട്.
റെഡ് അലർട്ട്
2021 മെയ് 14 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം.
2021 മെയ് 15 : മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്
ഓറഞ്ച് അലർട്ട്
2021 മെയ് 14 : കോട്ടയം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്
2021 മെയ് 15 : കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ.
2021 മെയ് 16 : എറണാകുളം, ഇടുക്കി, മലപ്പുറം.
യെല്ലോ അലർട്ട്
2021 മെയ് 14 : കണ്ണൂർ, കാസറഗോഡ്.
2021 മെയ് 15 : തിരുവനന്തപുരം, പാലക്കാട്.
2021 മെയ് 16 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്.
2021 മെയ് 17 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം.
2021 മെയ് 18 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി.