KeralaNews

കേരളത്തിൽ ഒരു ദിവസം കൂടി ടൗട്ടേ പ്രഭാവം, ജാഗ്രത പാലിയ്ക്കണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: അറബിക്കടലിൽ രൂപം കൊണ്ട ടൗട്ടേ ചുഴലിക്കാറ്റ് കൂടുതൽ കരുത്താർജിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. ചുഴലിക്കാറ്റിൻ്റെ കേന്ദ്രം കേരളതീരത്ത് നിന്നും വടക്കോട്ട് പോയെങ്കിലും കേരളത്തിൽ ചുഴലിക്കാറ്റിൻ്റെ പ്രഭാവം തുടരുകയാണ്. അടുത്ത 24 മണിക്കൂർ കൂടി കേരളത്തിൽ ചുഴലിക്കാറ്റിൻ്റെ പ്രഭാവമുണ്ടാവും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നതെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ വാക്കുകൾ…

കേന്ദ്ര കാലാവസ്ഥ വകുപ്പ് വിവിധ ജില്ലകളിൽ റെഡ് അലർട്ട്പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് വ്യാപക മഴ തുടരുകയാണ്. രണ്ട് ദിവസമായുള്ള കാറ്റും മഴയും മൂലം വ്യാപക നാശമുണ്ടായി. കാലാവസ്ഥ നിരീക്ഷണ വകുപ്പിൻ്റെ കണക്ക് പ്രകാരം രണ്ട് ദിവസത്തിൽ കേരളത്തിൽ ആകെ രേഖപ്പെടുത്തിയത് 145.5 മില്ലിമീറ്ററാണ്.

കൊച്ചിയിലും പീരുമേട്ടിലും 200 മില്ലിമീറ്ററിന് മുകളിൽ മഴ രേഖപ്പെടുത്തി.വടക്കൻ ജില്ലകളിൽ ഇന്ന് രാത്രിയും ചുഴലിക്കാറ്റിൻ്റെ ഭാഗമായി ശക്തമായ കാറ്റ് തുടരുമെന്നാണ് മുന്നറിയിപ്പ്. കാറ്റ് വലിയ തോതിലുള്ള അപകടം സൃഷ്ടിക്കുന്നു. മരങ്ങൾ കടപുഴകിയും ചില്ലകൾ ഒടിഞ്ഞുമാണ് കൂടുതൽ അപകടം. അതിനാൽ കഴിഞ്ഞ ദിവസം പറഞ്ഞ പോലെ നമ്മുടെ പറമ്പിലും സമീപത്തുമുള്ള മരങ്ങളും ശാഖകളും സുരക്ഷിതമാണോ എന്ന് ഉറപ്പാക്കണം.

ചുഴലിക്കാറ്റ് മാറിപ്പോയാലും അടുത്തുതന്നെ കേരളത്തിലേക്ക് മണ്‍സൂണ്‍ മഴ എത്തും. മെയ് 31-ഓടെ മഴ എത്തും എന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ പ്രവചനം. കാലവർഷത്തിലും മരം വീണാണ് കൂടുതൽ അപകടങ്ങൾ ഉണ്ടാവുന്നത്. ഇക്കാര്യത്തില്‍ നല്ല ജാഗ്രത വേണം. ചെറിയ അണക്കെട്ടുകളെല്ലാം തുറന്ന് നിയന്ത്രിതമായ അളവിൽ വെള്ളം ഒഴുക്കിവിട്ടിട്ടുണ്ട്. ഇത്തരം അണക്കെട്ടുകളുടെ താഴെ താമസിക്കുന്നവർ ജാഗ്രത തുടരണം.

രൂക്ഷമായ കടൽക്ഷോഭം വലിയ പ്രതിസന്ധിയാണ് തീരദേശത്തുണ്ടാക്കിയത്. ഒൻപത് ജില്ലകളിൽ കടൽക്ഷോഭമുണ്ടായി. കേരളത്തിൻ്റെ തീരം സുരക്ഷിതമല്ലെന്നത് ആശങ്കയുണ്ടാക്കുന്നു. കടൽഭിത്തി ശ്വാശ്വത പരിഹാരമല്ല.അപകടാവസ്ഥയിൽ കഴിയുന്ന തീരദേശവാസികളുടെ പ്രശ്നത്തിനുള്ള ശ്വാശ്വത പരിഹാരം എന്ന നിലയിലാണ് പുനർഗേഹം എന്ന പദ്ധതി നടപ്പാക്കുന്നത്.

തീരത്തോട് 50 മീറ്റർ ചേർന്ന് താമസിക്കുന്നവർക്ക് വീട് വാങ്ങാനും നിർമ്മിക്കാനും സാമ്പത്തിക സഹായം നൽകുന്ന പദ്ധതിയാണിത്. മഴ തുടരാനാണ് സാധ്യത എന്നതിനാൽ തത്കാലം ക്യാംപിലേക്ക് മാറി ജീവാപായം ഒഴിവാക്കാനാണ് ശ്രമിക്കേണ്ടത്. കാലാവസ്ഥാ പ്രക്ഷുബ്ധമായതിനാൽ ഏത് അടിയന്തര സാഹചര്യം നേരിടാനും പൊലീസ് സജ്ജമാണ്. കോസ്റ്റൽ പൊലീസും സജീവമായി രംഗത്തുണ്ട്.

കഴിഞ്ഞ രണ്ട് ദിവസമായി കേരളത്തിൽ തുടരുന്ന പ്രകൃതിക്ഷോഭത്തിൽ രണ്ട് മരണമാണ് റിപ്പോർട്ട് ചെയ്തത്. എറണാകുളത്തും കോഴിക്കോട്ടുമായി രണ്ടുപേർ മുങ്ങി മരിച്ചു. ശക്തമായ മഴയും കാറ്റുമുള്ള ഘട്ടത്തിൽ ജലാശയങ്ങളിൽ ഇറങ്ങുന്നതും നദികൾ മുറിച്ച് കടക്കുന്നതും ശ്രദ്ധിക്കണം. സംസ്ഥാനത്താകെ 68 ക്യംപുകളിലായി 502 കുടുംബങ്ങളിലെ 1939 ആളുകളാണ് താമസിക്കുന്നത്.

കാലവർഷം ശക്തമാവുകയും വെള്ളപ്പൊക്കത്തിന് സാധ്യതയും വന്നാൽ സർക്കാർ നൽകുന്ന നിർദേശങ്ങൾ പൂർണമനസോടെ സ്വീകരിക്കാൻ എല്ലാവരും തയ്യാറാവണം എന്ന് വീണ്ടും അഭ്യർത്ഥിക്കുന്നു. ക്യാംപിലേക്ക് വന്നാൽ കൊവിഡ് വരുമെന്ന ആശങ്ക കൊണ്ട് മാറാതെയിരിക്കരുത്. ഡിസാസ്റ്റര്‍ മാനേജ്മെൻ്റ അതോറിറ്റി സുരക്ഷിതമായി ക്യാംപുകൾ നടത്താൻ വേണ്ട മാർഗനിർദേശം നൽകിയിട്ടുണ്ട്.

രോഗികളേയും നിരീക്ഷണത്തിൽ ഉള്ളവരേയും പ്രത്യേക ക്യാംപുകളിലേക്കാണ് മാറ്റുന്നത്. ക്യാംപുകളിൽ എത്തുന്നവർ കൊവിഡ് മാനദണ്ഡം പാലിക്കാനും ശ്രദ്ധിക്കണം. ക്യാംപുകളിൽ എല്ലാവരും മാസ്ക് ധരിക്കണം .കൂട്ടം കൂടി നിൽക്കാനും പാടില്ല. സാനിറ്റൈസർ മരുന്നുകൾ മരുന്നുകുറിപ്പുകൾ എന്നിവ എമർജൻസി കിറ്റിൽ കരുതണം. സർട്ടിഫിക്കറ്റുകളും കയ്യില്‍ കരുതണം. ക്യാംപിൽ എത്തുന്നവര്‍ക്ക് പരിശോധന നടത്താനുള്ള നടപടിയും സ്വീകരിക്കണം.

ഈ മാസം സംസ്ഥാനത്ത് 71 ക്യാംപുകൾ തുടങ്ങി. 543 കുടുംബങ്ങൾ ക്യാംപിൽ കഴിയുന്നുണ്ട്. തിരുവനന്തപുരത്ത് 19 ക്യാമ്പിലായി 672 പേരും, കൊല്ലത്ത് 10 ക്യാമ്പിലായി 187 പേരും, ആലപ്പുഴയിൽ 10 ക്യാമ്പിലായി 114 പേരും, എറണാകുളത്ത് 17 ക്യാമ്പിലായി 653 പേരും ആണ് കഴിയുന്നത്. കോട്ടയത്തെ രണ്ട് ക്യാമ്പുകളിലായി 24 പേരും തൃശ്ശൂരിലെ ഏഴ് ക്യാമ്പുകളില്‍ 232 പേരും മലപ്പുറത്ത് മൂന്ന് ക്യാമ്പിലായി 53 പേരും കോഴിക്കോട്ടെ മൂന്ന് ക്യാമ്പിലായി 59 പേരുമാണുള്ളത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker