25.4 C
Kottayam
Thursday, April 25, 2024

തിരിച്ചുവരവ് ആഘോഷമാക്കി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ,മെസ്സിയും നെയ്മറും ഏയ്ഞ്ചല്‍ ഡി മരിയയും ഇല്ലാതെ വിജയം പിടിച്ചെടുത്ത് പി.എസ്.ജി

Must read

മാഞ്ചസ്റ്റര്‍:പന്ത്രണ്ടുവര്‍ഷത്തെ ഇടവേളക്കുശേഷം പ്രീമിയര്‍ ലീഗിലേക്കും മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ജേഴ്സിയിലേക്കുമുള്ള തിരിച്ചുവരവ് ഇരട്ട ഗോളോടെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ആഘോഷമാക്കിയപ്പോള്‍, ന്യൂകാസിലിനെതിരായ പ്രീമിയര്‍ ലീഗ് പോരാട്ടത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് തകര്‍പ്പന്‍ ജയം. ഒന്നിനെതിരെ നാലു ഗോളുകള്‍ക്കായിരുന്നു മാഞ്ചസ്റ്റര്‍ ലീഗിലെ മൂന്നാം ജയം സ്വന്തമാക്കിയത്. ജയത്തോടെ നാലു മത്സരങ്ങളില്‍ നിന്ന് 10 പോയന്‍റുമായി യുണൈറ്റഡ് മാഞ്ചസ്റ്റര്‍ സിറ്റിയെ പിന്തള്ളി പോയന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി

ഗോള്‍രഹിതമായ ആദ്യപകുതിക്കൊടുവില്‍ ഇഞ്ചുറി ടൈമിലായിരുന്നു റൊണാള്‍ഡോയുടെ ആദ്യ ഗോള്‍. മേസണ്‍ ഗ്രീന്‍വുഡിന്‍റെ തകര്‍പ്പന്‍ ഗ്രൗണ്ട് ഷോട്ട് തടുത്തിടുന്നതില്‍ ന്യൂകാസില്‍ ഗോള്‍കീപ്പര്‍ ഫ്രെഡ്ഡി വുഡ്മാന് പറ്റിയ കൈപ്പിഴയാണ് റൊണാള്‍ഡോയുടെ ഗോളില്‍ കലാശിച്ചത്. ഗോള്‍ കീപ്പറുടെ കൈയില്‍ തട്ടി തെറിച്ച പന്ത് പോസ്റ്റിന് മുന്നിലുണ്ടായിരുന്ന റൊണാള്‍ഡോ അനായാസം വലയിലാക്കി.

രണ്ടാം പകുതിയില്‍ ജാവിയര്‍ മാന്‍ക്വിലോയിലൂടെ ന്യൂകാസില്‍ സമനില വീണ്ടെടുത്തു. 56ാം മിനിറ്റിലായിരുന്നു ന്യൂകാസിലിന്‍റെ സമനില ഗോള്‍. എന്നാല്‍ സമനില ഗോളിന്‍റെ ആശ്വാസം ന്യൂകാസിലിന് അധിക നേരം നിലനിര്‍ത്താനായില്ല. ആറ് മിനിറ്റിനുശേഷം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഓള്‍ഡ് ട്രാഫോര്‍ഡിനെ ചുവപ്പിച്ച് തന്‍റെ രണ്ടാം ഗോളും നേടി മടങ്ങിവരവ് രാജകീയമാക്കി. ലൂക്ക് ഷോയുടെ ത്രൂ പാസ് പിടിച്ചെടുത്ത് റൊണാള്‍ഡോ അനാസായം പന്ത് വലയിലാക്കി.

പോര്‍ച്ചുഗല്‍ ടീമിലെ റൊണാള്‍ഡോയുടെ സഹതാരമായ ബ്രൂണോ ഫെര്‍ണാണ്ടസായിരുന്നു മാഞ്ചസ്റ്ററിന് മൂന്നാം ഗോള്‍ സമ്മാനിച്ചത്. ബോക്സിന് പുറത്തു നിന്ന് പോഗ്ബ നല്‍കിയ പാസില്‍ ബ്രൂണോ ഫെര്‍ണാണ്ടസ് തൊടുത്ത ലോംഗ് റേഞ്ചര്‍ ന്യൂകാസില്‍ വലയില്‍ പറന്നിറങ്ങി.പകരക്കാരനായി ഇറങ്ങിയ ലിംഗാര്‍ഡ് ഇഞ്ചുറി ടൈമില്‍ യുണൈറ്റഡിന്‍റെ ഗോള്‍പ്പട്ടിക പൂര്‍ത്തിയാക്കി. ഇന്ന് രണ്ട് ഗോള്‍ നേടിയതോടെ മാ‌ഞ്ചസ്റ്റര്‍ യുണൈറ്റഡിനായുള്ള റൊണാള്‍ഡോയുടെ ഗോള്‍ നേട്ടം 120 യി. 2003 മുതൽ 2009വരെ യുണൈറ്റഡ് താരമായിരുന്ന റൊണാൾഡോ. പിന്നീട് റയല്‍ മാഡ്രിഡിലേക്കും അവിടെ നിന്ന് യുവന്‍റസിലേക്കും പോയ റൊണാള്‍ഡോ 12 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് യുണൈറ്റ‍ഡിന്‍റെ ചുവപ്പു കുപ്പായത്തില്‍ കളിക്കാനിറങ്ങിയത്

മുന്നേറ്റനിരയില്‍ സെന്‍റര്‍ ഫോര്‍വേര്‍ഡായി ഏഴാം നമ്പറില്‍ ആണ് റൊണാള്‍ഡോ ഇറങ്ങിയത്. മത്സരത്തില്‍ ഓരോ തവണയും റൊണാള്‍ഡോയുടെ കാലില്‍ പന്തെത്തുമ്പോഴും കൈയടികളോടെയാണ് യുണൈറ്റഡ് ആരാധകര്‍ വരവേറ്റത്. ജെയ്ഡന്‍ സാഞ്ചോ, ബ്രൂണോ ഫെര്‍ണാണ്ടസ്, മേസൺ ഗ്രീന്‍വുഡ് എന്നിവരായിരുന്നു റൊണാള്‍ഡോക്ക് തൊട്ടുപിന്നില്‍.

ഈ സീസണില്‍ റയല്‍ മാഡ്രിഡില്‍ നിന്ന് യുണൈറ്റഡിലെത്തിയ റാഫേല്‍ വരാനെയും യുണൈറ്റഡിന്‍റെ ഹോം ഗ്രൗണ്ടില്‍ ആദ്യ മത്സരത്തിനിറങ്ങി. വരാനെക്കൊപ്പം ലൂക്ക് ഷോ, ഹാരി മഗ്വയര്‍, വാന്‍ ബിസാക്ക എന്നിവരാണ് യുണൈറ്റഡിന്‍റെ പ്രതിരോധനിരയിലിറങ്ങിയത്.മത്സരത്തില്‍ പന്തടക്കത്തിലും പാസിംഗിലുമെല്ലാം മുന്നിട്ടുനിന്നിട്ടും ആദ്യപകുതിയുടെ അവസാന നിമിഷം വരെ യുണൈറ്റഡിന് ന്യൂകാസിലിന്‍റെ വലയനക്കാനായിരുന്നില്ല.

ഫ്രഞ്ച് ലീഗില്‍ സൂപ്പര്‍ താരങ്ങളായ ലിയോണല്‍ മെസ്സിയും നെയ്മറും ഏയ്ഞ്ചല്‍ ഡി മരിയയും ഇല്ലാതെ ഇറങ്ങിയിട്ടും പാരീസ് സെന്‍റ് ജെര്‍മന്(പിഎസ്‌ജി)ക്ക് തകര്‍പ്പന്‍ ജയം. ഹോം മത്സരത്തില്‍ ക്ലെര്‍മോണ്ട് ഫൂട്ടിനെ എതിരില്ലാത്ത നാലു ഗോളുകള്‍ക്കായിരുന്നു പി എസ് ജി തുരത്തിയത്.

ആദ്യ പകുതിയില്‍ ആന്ദര്‍ ഹെരേരയുടെ ഇരട്ട ഗോളില്‍ മുന്നിലായിരുന്ന പി എസ് ജി രണ്ടാം പകുതിയില്‍ കിലിയന്‍ എംബാപ്പെയും ഇദ്രിസ ഗ്യൂയെയയും നേടിയ ഗോളില്‍ വിജയം പൂര്‍ത്തിയാക്കി. അര്‍ജന്‍റീനക്കും ബ്രസീലിനുമായി ലോകകപ്പ് യോഗ്യതാ മത്സരം കളിച്ച് തിരിച്ചെത്തിയ മെസ്സിയും ഡി മരിയയും നെയ്മറും ഇന്ന് പി എസ് ജിക്കായി കളത്തിലിറങ്ങില്ല. പി എസ് ജിയുടെ ഹോം മത്സരം കാണാന്‍ ഗ്യാലറിയില്‍ മെസിയെത്തിയിരുന്നു.

ജയത്തോടെ ആറ് മത്സരങ്ങളില്‍ ആറ് ജയവുമായി 18 പോയന്‍റുള്ള പി എസ് ജി ഒന്നാം സ്ഥാനത്ത് തുടരുന്നു. നാലു കളികളില്‍ പത്തുപോയന്‍റുള്ള ആംഗേഴ്സ് രണ്ടാം സ്ഥാനത്തും എട്ട് പോയന്‍റുള്ള ക്ലെര്‍മോണ്ട് മൂന്നാം സ്ഥാനത്തുമാണ്. 20ന് ലിയോണിനെതിരെയാണ് പി എസ് ജിയുടെ അടുത്ത മത്സരം. അതിന് മുമ്പ് വ്യാഴാഴ്ച ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് പോരാട്ടത്തില്‍ പി എസ് ജി ക്ലബ്ബ് ബ്രുഗെയെ നേരിടും. ഈ മത്സരത്തില്‍ മെസി കളിക്കാനിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week