കൊച്ചി: വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസിലെ ഇരയെ മോന്‍സന്‍ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ ഇയാളുടെ ബിസിനസ് പങ്കാളിയെക്കുറിച്ചും ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. മോന്‍സന്റെ ബിസിനസ് പങ്കാളിയുടെ മകനായ ചേര്‍ത്തല നോര്‍ത്ത് സ്വദേശിയായ എസ്. ശരത്താണ് യുവതിയെ പീഡിപ്പിച്ചത്. ഈ കേസില്‍നിന്ന് പിന്മാറണമെന്നാവശ്യപ്പെട്ട് മോന്‍സന്‍ മാവുങ്കല്‍ പെണ്‍കുട്ടിയേയും കുടുംബത്തേയും നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു. കേസില്‍നിന്ന് പിന്മാറിയാല്‍ 10 ലക്ഷം രൂപ നല്‍കാമെന്ന് ഇയാള്‍ വാഗ്ദാനം ചെയ്തിരുന്നു.
കളമശേരി പോലീസ് സ്റ്റേഷന്‍, എറണാകുളം ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ പരാതി നല്‍കിയിട്ടും നീതി ലഭിച്ചില്ലെന്നും കേസില്‍ പുനരന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു യുവതി കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് ശരത്തിനെയും അയാളുടെ കുടുംബത്തേയും കുറിച്ച് അന്വേഷണം നടത്താന്‍ ക്രൈംബ്രാഞ്ച് സംഘം ഒരുങ്ങുന്നത്. ഇവരെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചു തുടങ്ങിയെന്നാണ് സൂചന.
അതിനിടെ ശ്രീവത്സം ഗ്രൂപ്പുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാട് കേസ് അന്വേഷിക്കാനെത്തിയ പോലീസ് സംഘത്തോട് പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോന്‍സന്‍ മാവുങ്കല്‍ കയര്‍ക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നു. തന്നെ താഴ്ത്തിക്കാണരുതെന്നും തന്റെ ബന്ധങ്ങളെക്കുറിച്ച് പോലീസ് സംഘത്തിന് വേണ്ടപോലെ അറിയില്ലെന്നും വീഡിയോയിലുണ്ട്. ഹരിപ്പാടെ ശ്രീവത്സം ഗ്രൂപ്പുമായി ബന്ധപ്പെട്ട ആറുകോടി 27 ലക്ഷം രൂപയുടെ സാമ്പത്തിക ഇടപാടില്‍ വിവരശേഖരണത്തിനാണ് ഡിവൈഎസ്പിയും സംഘവും രണ്ടുമാസം മുമ്പ് കൊച്ചി കലൂരിലുളള വീട്ടിലെത്തിയത്.
ശ്രീവത്സം നല്‍കിയ പരാതിക്ക് ബദലായി മോന്‍സനും പരാതി നല്‍കിയിരുന്നു. അന്വേഷണസംഘത്തോട് സഹകരിക്കാന്‍ താല്‍പ്പര്യമില്ലെന്നായിരുന്നു മോന്‍സന്റെ നിലപാട്.തന്നെക്കുറിച്ച് ചേര്‍ത്തലയിലെ വീട്ടുപരിസരത്ത് പോയി അന്വേഷിച്ചത് എന്തിനാണെന്നാണ് ഉദ്യോഗസ്ഥരോട് മോന്‍സന്‍ ചോദിക്കുന്നത്. അത് തങ്ങളുടെ ജോലിയുടെ ഭാഗമാണെന്ന് ഉദ്യോഗസ്ഥര്‍ മറുപടി നല്‍കുന്നു. ഈ ഘട്ടത്തിലാണ് തന്റെ സ്വാധീനത്തെക്കുറിച്ച് മോന്‍സന്‍ തന്നെ പറയുന്നത്. മോന്‍സന്‍ തന്നെ പകര്‍ത്തിയ ദൃശ്യങ്ങളാണ് ഇതെന്നാണ് കരുതുന്നത്.
ഇതിനിടെ മോന്‍സനെ കസ്റ്റഡിയില്‍ വാങ്ങാന്‍ തിരുവനന്തപുരത്തുനിന്നുളള ക്രൈംബ്രാഞ്ച് സംഘം നാളെ കോടതിയെ സമീപിക്കും. ശില്‍പി സുരേഷിന്റെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ക്രൈംബ്രാഞ്ച് സംഘം മോന്‍സനെ കസ്റ്റഡിയില്‍ വാങ്ങാന്‍ ഒരുങ്ങുന്നത്. മറ്റ് ചില കേസുകളും നാളെ രജിസ്റ്റര്‍ ചെയ്യുമെന്നാണ് സൂചന. മോന്‍സന്റെ പക്കല്‍ നിന്ന് പിടിച്ചെടുത്ത വിവിധ രേഖകളുടെ പരിശോധനയും നാളെ തുടങ്ങും.
പുരാവസ്തുക്കളുടെ പേരില്‍ കോടികളുടെ തട്ടിപ്പ് നടത്തിയ മോന്‍സന്‍ മാവുങ്കലിനെതിരെ സിബിഐ അന്വേഷണം വേണമെന്ന ആവശ്യത്തിലുറച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍ രംഗത്ത് വന്നിട്ടുണ്ട്. മോന്‍സന്റെ ഉന്നത പോലീസ് ബന്ധം, സമൂഹത്തിലെ ഉന്നതരുമായുള്ള മറ്റ് ബന്ധങ്ങള്‍, തട്ടിപ്പുകള്‍ ഇവയെല്ലാം ചൂണ്ടിക്കാട്ടിയാണ് സുധീരന്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടത്. നേരത്തെയും കേസില്‍ സിബിഐ അന്വേഷണം വേണമെന്ന് സുധീരന്‍ ആവശ്യപ്പെട്ടിരുന്നു.
കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെതിരെ അടക്കം ആരോപണമുയര്‍ന്ന പശ്ചാത്തലത്തിലും സുധീരന്‍ ബെന്നി ബെഹ്നാന്‍ അടക്കമുള്ള നേതാക്കള്‍ കേസില്‍ ശക്തമായ അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.മോന്‍സന്‍ മാവുങ്കല്ലിന്റെ കൈയിലുള്ള ചെമ്പോല തിട്ടൂരത്തെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതിഅതേ സമയം പുരാവസ്തു സാന്പത്തിക തട്ടിപ്പ് കേസില്‍ മോന്‍സന്‍ മാവുങ്കല്‍ ഇന്ന് എറണാകുളം ജില്ലാ സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചേക്കും. പുരാവസ്തുക്കളുടെ മറവില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയിട്ടില്ലെന്നും കടം വാങ്ങുക മാത്രമാണ് ചെയ്തതെന്നുമാണ് മോന്‍സന്റെ വാദം. ശില്‍പി സുരേഷിന്റെ പരാതിയില്‍ ക്രൈംബ്രാഞ്ച് തിരുവനന്തപുരം യൂണിറ്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണസംഘം ഇന്ന് കസ്റ്റഡി അപേക്ഷയും നല്‍കും.
അതിനിടെ സാമ്പത്തികത്തട്ടിപ്പ് നടത്തിയ മോന്‍സണ്‍ മാവുങ്കലിനെതിരെയുള്ള കേസുകള്‍ അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കി. സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്താണ് ഇതുസംബന്ധിച്ച ഉത്തരവായത്. ക്രൈംബ്രാഞ്ച് തിരുവനന്തപുരം റേഞ്ച് ഐജി സ്പര്‍ജന്‍ കുമാറിന്റെ നേതൃത്വത്തിലാണ് പ്രത്യേക അന്വേഷണ സംഘം പ്രവര്‍ത്തിക്കുക. ക്രൈംബ്രാഞ്ച് മേധാവി എസ് ശ്രീജിത്ത് മേല്‍നോട്ടം വഹിക്കും.