‘സതീശനെയൊക്കെ ആരാണ് പ്രതിപക്ഷ നേതാവാക്കിയത്’; വിമര്‍ശിച്ച് ശിവന്‍കുട്ടി

തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ നിയമസഭയില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരേ വിമര്‍ശനവുമായി വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. നിരന്തരം വിമര്‍ശനം നടത്തുന്ന സതീശന് മുന്നില്‍ താന്‍ സര്‍വ വിജ്ഞാന കോശം കയറിയ ആളൊന്നുമല്ല. ആരാണ് സതീശനെ പ്രതിപക്ഷ നേതാവാക്കിയതെന്നും ശിവന്‍കുട്ടി ചോദിച്ചു.

പ്ലസ് വണ്‍ പ്രവേശനത്തിനായി അപേക്ഷിച്ച എല്ലാ കുട്ടികള്‍ക്കും പ്രവേശനം നല്‍കാനാകും. മുഴുവന്‍ അലോട്‌മെന്റുകളും തീരുമ്പോള്‍ 33,000 സീറ്റുകള്‍ മിച്ചം വരും. ഏഴ് ജില്ലകളില്‍ 20 ശതമാനം പ്ലസ് വണ്‍ സീറ്റ് വര്‍ധിപ്പിച്ചതായും മന്ത്രി വ്യക്തമാക്കി.

അതേസമയം, മന്ത്രിയുടെ കണക്കുകളില്‍ വ്യക്തയില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു. ഷാഫി പറമ്പിലാണ് അടിയന്തര പ്രമേയ നോട്ടിസ് നല്‍കിയത്. ചരിത്ര വിജയം നേടിയിട്ടും വിദ്യാര്‍ഥികള്‍ക്ക് പഠിക്കാന്‍ കഴിയാത്ത സാഹചര്യമാണെന്ന് ഷാഫി കുറ്റപ്പെടുത്തി. ഹെലികോപ്റ്റര്‍ വാടക ഉപയോഗിച്ചെങ്കിലും സര്‍ക്കാര്‍ പ്ലസ് വണ്‍ സീറ്റ് കൂട്ടണമെന്നും ഷാഫി പരിഹസിച്ചു. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി.

പ്ലസ് വണ്‍ പ്രവേശനത്തില്‍ അധിക ബാച്ച് അനുവദിക്കാനാവില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി നിയമസഭയെ അറിയിച്ചിരിന്നു. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി അധിക ബാച്ചിന് അനുമതി നല്‍കാന്‍ അനുവദിക്കുന്നില്ല. രണ്ടാംഘട്ട അലോട്ട്മെന്റിന് ശേഷം സ്ഥിതി വിലയിരുത്തുമെന്ന് പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടീസിന് മറുപടിയായി മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. പ്ലസ് വണ്ണിന് ഏഴു ജില്ലകളില്‍ 20 ശതമാനം സീറ്റ് അനുവദിച്ചു. പ്രവേശനം നല്‍കാനാകുക 4.25 ലക്ഷം പേര്‍ക്കെന്നും മന്ത്രി അറിയിച്ചു.

71,230 മെറിറ്റ് സീറ്റ് ഒന്നാം അലോട്ട്മെന്റിന് ശേഷം ഒഴിവുണ്ട്. 16,650 പേര്‍ കഴിഞ്ഞവര്‍ഷം പ്രവേശനം ലഭിച്ചിട്ടും ചേര്‍ന്നില്ല. പ്രവേശന നടപടികള്‍ പൂര്‍ത്തിയാകുമ്പോള്‍ മലപ്പുറത്ത് 1160 സീറ്റുകള്‍ മാത്രമേ കുറവുണ്ടാകൂ. കോഴിക്കോട് 416 ഉം വയനാട് 847 സീറ്റുകളുടേയും കുറവ് മാത്രമാണ് ഉണ്ടാകുകയെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു.സ്പോര്‍ട്സ് ക്വാട്ട അടക്കമുള്ളവയില്‍ ഒഴിവ് വരുന്ന സീറ്റുകള്‍ ജനറല്‍ വിഭാഗത്തിലേക്ക് മാറ്റും.

അഞ്ചു വര്‍ഷത്തെ ശരാശരി നോക്കുമ്പോള്‍ 90.5 ശതമാനം പേര്‍ മാത്രമാണ് തുടര്‍പഠനത്തിന് അപേക്ഷിക്കുന്നത്. ആകെ 3,85,530 സീറ്റുകളുണ്ട്. ആദ്യ അലോട്ട് മെന്റ് വഴി 2,01,450 സീറ്റുകള്‍ പ്ലസ് വണ്ണിന് നല്‍കി. രണ്ടാം അലോട്ട്മെന്റിനായി 1,92,859 സീറ്റുകള്‍ ബാക്കിയുണ്ട്. എന്നാല്‍ 1,59,840 അപേക്ഷകരേയുള്ളൂ. 33,119 സീറ്റുകള്‍ മിച്ചം വരുമെന്ന് മന്ത്രി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News