FeaturedKeralaNews

ശൈലജയെ മന്ത്രി സ്ഥാനത്തു നിന്നും ഒഴിവാക്കൽ,പിണറായിയെ നിർത്തിപ്പൊരിച്ച് കേന്ദ്രകമ്മിറ്റി

ന്യൂഡൽഹി:ആരോഗ്യമന്ത്രിയായി മികച്ചപ്രകടനം കാഴ്ചവെച്ച കെ.കെ. ശൈലജയെ രണ്ടാം പിണറായി മന്ത്രിസഭയിൽ ഒഴിവാക്കിയതിനെതിരേ സി.പി.എം. കേന്ദ്രകമ്മിറ്റിയിൽ വിമർശം.മറ്റു സംസ്ഥാനങ്ങളിലെ ചില പ്രതിനിധികളാണ് ചർച്ചയ്ക്കിടെ കേരള ഘടകത്തിന്റെ തീരുമാനത്തെ വിമർശിച്ചത്. മുൻധനമന്ത്രി, മുൻ പൊതുമരാമത്തുമന്ത്രി തുടങ്ങിയ മുതിർന്ന നേതാക്കളെ സ്ഥാനാർഥിത്വത്തിൽനിന്നു മാറ്റിനിർത്തിയത് ചൂണ്ടിക്കാട്ടിയായിരുന്നു കേരളഘടകത്തിന്റെ പ്രതിരോധം.

ശൈലജയെ മന്ത്രിസ്ഥാനത്തുനിന്നു മാറ്റിനിർത്തിയതിനെപ്പറ്റി ചോദ്യമുയർന്നപ്പോൾ കേരള ഘടകത്തിന്റേതു നയപരമായ തീരുമാനമാണെന്ന് സി.പി.എം. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി മാധ്യമങ്ങളോടു വ്യക്തമാക്കി. നിശ്ചിത തവണ മത്സരിച്ച മുൻമന്ത്രിമാരെയും മുതിർന്ന നേതാക്കളെയും സ്ഥാനാർഥികളാക്കിയില്ല. ആ തീരുമാനം ജനങ്ങളും അംഗീകരിച്ചതിന്റെ തെളിവാണ് കേരളത്തിലെ തിരഞ്ഞെടുപ്പുഫലമെന്നും അദ്ദേഹം പറഞ്ഞു. ഇടതുസർക്കാരിന്റെ മികച്ച പ്രകടനത്തിനുള്ള അംഗീകാരമാണ് തുടർഭരണം നേടിയ ജനവിധിയെന്ന് കേന്ദ്രകമ്മിറ്റി വിലയിരുത്തി.

പശ്ചിമബംഗാളിൽ 1946-നു ശേഷം ഒരു കമ്യൂണിസ്റ്റ് പോലും നിയമസഭയിൽ ഇല്ലാത്തവിധം ഇടതുപക്ഷത്തിന് തിരിച്ചടി നേരിട്ടു. എന്നാൽ, ബംഗാളിലെ ജനങ്ങൾ ബി.ജെ.പി.ക്കും ഹിന്ദുത്വരാഷ്ട്രീയത്തിനുമെതിരേ ഉയിർത്തെഴുന്നേറ്റു. ബി.ജെ.പി.യെ പരാജയപ്പെടുത്തണമെന്ന ആഗ്രഹത്തിൽ തൃണമൂൽ കോൺഗ്രസിനു വോട്ടുചെയ്തു. കോൺഗ്രസും ഇടതുപക്ഷവും ഇന്ത്യൻ സെക്കുലർ ഫ്രണ്ടും ചേർന്നുള്ള സഖ്യത്തെ ബി.ജെ.പി.ക്കു ബദലായി ജനങ്ങൾ കണ്ടില്ല. ബംഗാളിൽ മാത്രമല്ല, രാജ്യമെമ്പാടും തുടക്കം മുതലേ ബി.ജെ.പി.യാണ് സി.പി.എമ്മിന്റെ മുഖ്യശത്രു.

ബംഗാളിന്റെ പ്രത്യേക സാഹചര്യത്തിൽ തൃണമൂലിനെ തോൽപ്പിക്കാൻ ഇടതുപക്ഷം ആവശ്യപ്പെട്ടു. എന്നാൽ, പ്രായോഗികമായി ബി.ജെ.പി.യെയും തൃണമൂലിനെയും ഒരുപോലെ എതിർക്കുന്നുവെന്ന സ്ഥിതിയുണ്ടായി. ഇത്തരം പിഴവുകൾ സംഭവിച്ചതു തിരുത്തി മുന്നോട്ടുപോവും. ബംഗാളിൽ ആഴത്തിലുള്ള ആത്മപരിശോധന നടത്തി തെറ്റുതിരുത്തൽ നടപടികൾ സ്വീകരിക്കും. ഈ മാസം 12, 13 തിയതികളിൽ ചേരുന്ന സംസ്ഥാന കമ്മിറ്റിയിൽ താനും പങ്കെടുക്കുന്നുണ്ടെന്ന് യെച്ചൂരി അറിയിച്ചു.

ദേശീയതലത്തിലുള്ള സഹകരണത്തെക്കുറിച്ചു ചോദിച്ചപ്പോൾ ബി.ജെ.പി.വിരുദ്ധ സഖ്യത്തിൽ ആരോടും അയിത്തമില്ലെന്നും തൃണമൂൽ ഇപ്പോൾത്തന്നെ പ്രതിപക്ഷസഖ്യത്തിലുണ്ടെന്നും യെച്ചൂരി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker