ചീഫ് സെക്രട്ടറി സര്‍ക്കാരിന് മുകളിലല്ല, ആ ധാരണ തെറ്റ്; ടോം ജോസിനെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.ഐ
തിരുവവന്തപുരം: യുവാക്കളെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തതിനെയും അട്ടപ്പാടിയിലെ മാവോയിസ്റ്റ് ഏറ്റുമുട്ടലിനെയും ന്യായീകരിച്ചു ലേഖനമെഴുതിയ ചീഫ് സെക്രട്ടറി ടോം ജോസിനെതിരേ ആഞ്ഞടിച്ച് സി.പി.ഐ. സര്‍ക്കാരിനു മുകളിലാണു ചീഫ് സെക്രട്ടറിയെന്ന ധാരണയുണ്ടെങ്കില്‍ അതു തെറ്റാണെന്നും പ്രസ്താവന നിയമവിരുദ്ധമാണെന്നും സിപിഐ നേതാവ് പ്രകാശ് ബാബു പ്രതികരിച്ചു. മാവോയിസ്റ്റുകള്‍ തീവ്രവാദികള്‍ തന്നെയെന്നും ജനാധിപത്യ സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമമാണു നടക്കുന്നതെന്നും ഒരു ഇംഗ്ലീഷ് ദിനപ്പത്രത്തിലെഴുതിയ ലേഖനത്തിലാണു ടോം ജോസ് എഴുതിയത്.
മാവോയിസ്റ്റുകള്‍ക്കെതിരായ നടപടിയില്‍ സര്‍ക്കാരിനും തണ്ടര്‍ബോള്‍ട്ട്-പോലീസ് നടപടികള്‍ക്കുമെതിരേ വിമര്‍ശനമുയരുന്ന സാഹചര്യത്തിലാണു ന്യായീകരിച്ചു ചീഫ് സെക്രട്ടറി ടോം ജോസ് രംഗത്തെത്തിയത്. സേനയെ കുറ്റപ്പെടുത്തുന്നതില്‍ ന്യായമില്ലെന്നും മാവോയിസ്റ്റുകള്‍ക്കു മനുഷ്യാവകാശത്തിന് അര്‍ഹതയില്ലെന്നും മനുഷ്യാവകാശത്തിന്റെ പേരിലുള്ള മാവോയിസ്റ്റുകള്‍ക്കു വേണ്ടി ഉയരുന്ന വാദങ്ങള്‍ നിയമം അനുസരിക്കുന്നവരെ അവഹേളിക്കലാണെന്നും ചീഫ് സെക്രട്ടറി ലേഖനത്തില്‍ പറയുന്നു.