KeralaNews

ആർഎസ്എസുമായി ചർച്ചനടത്തുന്ന എഡിജിപി ഇടതുപക്ഷത്തിനും ഭരണത്തിനും കളങ്കം, മാറ്റിനിർത്തണം- സിപിഐ

തിരുവനന്തപുരം: എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെതിരേ രൂക്ഷവിമർശനവുമായി സി.പി.ഐ. ഒരു ഫാസിസ്റ്റ് സംഘടനയുടെ ഭാരവാഹികളുമായി രഹസ്യ ചർച്ചകൾ നടത്തുന്ന പൊലീസ് മേധാവി ഇടതുപക്ഷ രാഷ്ട്രീയ ധാരണകൾക്കും ഭരണസംവിധാനത്തിനും കളങ്കമാണെന്നും എ.ഡി.ജി.പിയെ മാറ്റിനിർത്തണമെന്നും സി.പി.ഐ. ദേശീയ എക്സിക്യുട്ടീവ്‌ അംഗം അഡ്വ.കെ.പ്രകാശ്ബാബു ആവശ്യപ്പെട്ടു.

സിപിഐ മുഖപത്രമായ ജനയു​ഗത്തിലെ ലേഖനത്തിലാണ് അദ്ദേഹത്തിന്റെ വിമർശനം. ജനഹിതം മാനിച്ചുകൊണ്ട്, സാങ്കേതികത്വം മറികടക്കാനുള്ള രാഷ്ട്രീയ ഇച്ഛാശക്തി സർക്കാരിനുണ്ടാകണമെന്നും പ്രകാശ് ബാബു വ്യക്തമാക്കി.

ലേഖനത്തിലെ പ്രസക്ത ഭാ​ഗങ്ങൾ ഇന്ത്യയിൽ ഫാസിസം പ്രത്യക്ഷപ്പെടുന്നത് ഭൂരിപക്ഷ വർഗീയതയുടെ രൂപത്തിലാണെന്നുള്ളതിൽ ദേശീയ ഇടതുപക്ഷ രാഷ്ട്രീയ കക്ഷികൾക്ക് ഒരു സംശയവുമില്ല. അങ്ങനെയുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെയും മുന്നണി നയിക്കുന്ന സർക്കാരിന്റെയും നയങ്ങളിൽനിന്ന് ഭരണസംവിധാനത്തിലെ ഒരാളും വ്യതിചലിക്കാൻ പാടില്ല. അഥവാ ആ നയം ലംഘിച്ചുകൊണ്ട് സംസ്ഥാന കേഡറിലുള്ള ഒരുദ്യോഗസ്ഥൻ പ്രവർത്തിച്ചാൽ അയാളെ സർക്കാരിൻ്റെ നയസമീപനങ്ങൾ പ്രതിഫലിക്കുന്ന തസ്തികകളിൽ നിന്നും മാറ്റിനിർത്താൻ കഴിയണം.

ജനഹിതമാണ് സർക്കാരിൻ്റെ പ്രഖ്യാപിത നയങ്ങൾക്ക് പിന്നിലെ ചാലകശക്തിയെന്നു തിരിച്ചറിയാതെ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരെ ജനങ്ങളുമായി നിരന്തര ബന്ധം താരതമ്യേന കുറവുള്ള ചുമതലകളിലേക്കു മാറ്റാവുന്നതാണ്. ഒരു ജനകീയ സർക്കാരിന്റെ ജനപക്ഷ നിലപാട് ബോധ്യപ്പെടാത്ത ഉദ്യോഗസ്ഥൻ സർക്കാരിനെ പലപ്പോഴും പ്രതിസന്ധിയിൽ കൊണ്ടുചെന്നെത്തിക്കും. അത്തരമൊരവസ്ഥയാണ് കേരളത്തിൻ്റെ ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ ആർഎസ്എസ് നേതാക്കളുമായുള്ള സന്ദർശനം വരുത്തിവെച്ചിരിക്കുന്നത്.

വർഗീയ സംഘർഷങ്ങളുണ്ടാകുന്ന സാഹചര്യത്തിൽ സ്ഥിതിഗതികൾ നിയന്ത്രണാതീതമാകാതിരിക്കാനും സമാധാനം പുനഃസ്ഥാപിക്കാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ വർഗീയ സംഘടനാ നേതാക്കളുമായി ചർച്ച നടത്താറുണ്ട്. പക്ഷെ, ആർഎസ്എസ് എന്ന ഹൈന്ദവ തീവ്രവാദ സംഘടനയുടെ രണ്ടു ദേശീയ നേതാക്കളെ തികച്ചും മെച്ചപ്പെട്ട ക്രമസമാധാനം നിലനിൽക്കുന്ന കേരളത്തിൽ പ്രത്യേകിച്ച് വർഗീയ സംഘർഷങ്ങളൊന്നും ഇല്ലാത്ത ഒരു സന്ദർഭത്തിൽ സംസ്ഥാനത്തെ ഉന്നത പൊലീസുദ്യോഗസ്ഥൻ എന്തിനാണ് രഹസ്യമായി സന്ദർശിച്ചത് എന്നറിയാൻ ഏവർക്കും താല്പര്യമുണ്ട്.

ഔദ്യോഗികമോ വ്യക്തിപരമോ ആയ എന്താവശ്യത്തിനാണ് അവരെ താൻ സന്ദർശിച്ചതെന്ന് പറയാനുള്ള ബാധ്യത ആ ഉദ്യോഗസ്ഥനുണ്ട്. കുറഞ്ഞപക്ഷം പൊലീസ് മേധാവിയെയോ ആഭ്യന്തര വകുപ്പിനെയോ രേഖാമൂലമെങ്കിലും അറിയിക്കേണ്ടതാണ്. അതിന് ഉദ്യോഗസ്ഥൻ തയ്യാറാകുന്നില്ലെങ്കിൽ നിലവിലെ ചുമതലയിൽ നിന്നും മാറ്റിനിർത്തണം.

ജനഹിതം മാനിച്ചുകൊണ്ട്, സാങ്കേതികത്വം മറികടക്കാനുള്ള രാഷ്ട്രീയ ഇച്ഛാശക്തി സർക്കാരിനുണ്ടാകണം. ഇന്ത്യയിലെ ഭൂരിപക്ഷ തീവ്രവർഗീയതയെ താലോലിക്കുകയും ഇന്ത്യൻ ഭരണഘടനയിലെ മതേതരത്വം, ഫെഡറലിസം, ന്യൂനപക്ഷ സംരക്ഷണം തുടങ്ങിയ മൂല്യങ്ങളെ അംഗീകരിക്കാതിരിക്കുകയും ചെയ്യുന്ന ഒരു ഫാസിസ്റ്റ് സംഘടനയുടെ ഭാരവാഹികളുമായി രഹസ്യചർച്ചകൾ നടത്തുന്ന പൊലീസ് മേധാവി ഇടതുപക്ഷ രാഷ്ട്രീയ ധാരണകൾക്കും ഭരണസംവിധാനത്തിനും കളങ്കമാണ്.

ഈ സന്ദർശനങ്ങളെ തൃശൂർപൂരവുമായി ബന്ധപ്പെടുത്തേണ്ട ഒരാവശ്യവുമില്ല. രാഷ്ട്രീയ നയവ്യതിയാനം ഉദ്യോഗസ്ഥരുടെ അന്വേഷണ റിപ്പോർട്ടിൽക്കൂടി കണ്ടുപിടിക്കേണ്ട ഒന്നല്ല. രാഷ്ട്രീയ ബോധ്യമാണിവിടെ ആവശ്യം. വൈകിയ നീതി, നിഷേധിക്കപ്പെട്ട നീതിയാണെന്ന ആപ്തവാക്യം ജുഡീഷ്യറിക്കു മാത്രമല്ല സർക്കാരിനും മുന്നണിക്കും ബാധകമാണ്. ഇടതുപക്ഷ രാഷ്ട്രീയ നയസമീപനങ്ങൾ ജനങ്ങളിൽ സംശയങ്ങൾ ജനിപ്പിക്കുന്നതാകരുത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker