രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തിൽ വീണ്ടും വർധന ;കേരളത്തിൽ കൊവിഡ് മരണം 70000 കടന്നു
ന്യൂഡൽഹി: രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളിൽ വീണ്ടും വർദ്ധനവ്. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 16,135 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 4,35,02,429 ആയി ഉയർന്നു. 4.85 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
നിലവിൽ 1,11,711 സജീവ കേസുകളാണ് രാജ്യത്തുള്ളത്. ഇരുപത്തിനാല് മണിക്കൂറിനിടെ 13,929 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 4,28,65,519 ആയി. ഇന്നലെ 3,32,979 സാമ്പിളുകളാണ് പരിശോധിച്ചതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
പശ്ചിമ ബംഗാൾ, ഒഡീഷ ഉൾപ്പടെയുള്ള ചില സംസ്ഥാനങ്ങളിൽ രോഗബാധിതരുടെ എണ്ണം കുത്തനെ ഉയർന്നിട്ടുണ്ട്. രാജ്യത്ത് ഇന്നലെ മാത്രം 31 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണം 5,25,199 ആയി ഉയർന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മരണസംഖ്യയിൽ 50 ശതമാനം വർദ്ധനവാണുണ്ടായത്.
കേരളത്തിൽ ഇന്നലെ 3322 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 17.30ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രണ്ട് മരണം കൂടി കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ആകെ മരണം 70,048 ആയി, തുടർച്ചയായ 20 ദിവസമായി കേരളത്തിൽ കൊവിഡ് രോഗികളുടെ എണ്ണം 2000ന് മുകളിലാണ്. 3258പേർ ഇന്നലെ രോഗ മുക്തരായി