കോവിഡ് രോഗമുക്തരുടെ എണ്ണത്തില്‍ ലോകശരാശരിയെക്കാള്‍ മുന്നിൽ കേരളം
കൊച്ചി: കോവിഡ് രോഗമുക്തരായവരുടെ എണ്ണത്തില്‍ ലോകശരാശരിയെക്കാള്‍ കേരളം മുന്നിൽ. സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചവരില്‍ 27.17 ശതമാനം പേരും രോഗമുക്തരായി. രണ്ടാഘട്ടം രോഗം വന്ന് ഒരുമാസം പിന്നിടുമ്ബോള്‍ത്തന്നെ നാലിലൊന്ന് പേര്‍ക്കും രോഗം ഭേദമായെന്നത് ആരോഗ്യകേരളത്തിന് അഭിമാനമായി. ആദ്യ രോഗബാധ റിപ്പോര്‍ട്ട് ചെയ്ത് നൂറുദിവസം പിന്നിടുമ്ബോള്‍, രോഗമുക്തരായവരുടെ എണ്ണത്തില്‍ ലോകശരാശരിയെക്കാള്‍ മുന്നിലെത്തി.
ലോകത്താകെ 15,31,192 പേര്‍ക്കാണ് ഇതുവരെ (വ്യാഴാഴ്ച വൈകീട്ട് ആറുവരെ) രോഗംബാധിച്ചത്. 3,37,276 പേര്‍ക്ക് ഭേദമായി. ഇതില്‍ 23 ശതമാനവും ചൈനയിലാണ്. ഭേദമായവരുടെ കണക്കില്‍ ലോകശരാശരി 22.2 ആണ്. കോവിഡിന്റെ പ്രഭവകേന്ദ്രമായ അവിടെ അഞ്ചുമാസംകൊണ്ടാണ് 94 ശതമാനംപേരും രോഗമുക്തരായത്. 1160 പേര്‍ മാത്രമേ ഇപ്പോള്‍ ചികിത്സയിലുള്ളൂ. ചൈനയില്‍ ഇത്രയധികം ആളുകള്‍ രോഗമുക്തരായതിനാലാണ് ലോകശരാശരി ഇത്രയെങ്കിലും ഉയര്‍ന്നത്.
ജനുവരിയില്‍ വുഹാനില്‍നിന്നെത്തിയ മൂന്ന് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ രണ്ടുഘട്ടങ്ങളിലായ കേരളത്തില്‍ 357 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 97 പേര്‍ രോഗം ഭേദമായി ആശുപത്രിവിട്ടു.
ഇന്ത്യയില്‍ രോഗം ഭേദമായവരുടെ നിരക്ക് 9.12 ശതമാനമാണ്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 6237 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 483 പേര്‍ക്ക് രോഗം ഭേദമായി. ഇതില്‍ അഞ്ചിലൊന്നും കേരളത്തിലാണ്. കേരളത്തില്‍ രണ്ടാമത് കോവിഡ് സ്ഥിരീകരിച്ച അതേസമയത്ത് രോഗം പിടിപെട്ട സംസ്ഥാനമായിരുന്നു മഹാരാഷ്ട്ര. അവിടെയിപ്പോഴും രോഗമുക്തരായവര്‍ വെറും ഒന്പതുശതമാനംമാത്രമാണ്.