ആകാശത്ത് വെച്ച് വഴക്കിട്ട് ദമ്പതികൾ, വിമാനം അടിയന്തരമായി ഡൽഹിയിലിറക്കി
ന്യൂഡൽഹി∙ വിമാനത്തിനുള്ളിൽ ഭർത്താവും ഭാര്യയും തമ്മിൽ കലഹമുണ്ടായതിനെത്തുടർന്ന് വിമാനം അടിയന്തരമായി ഡൽഹി വിമാനത്താവളത്തിലിറക്കി. മ്യൂണിക്കിൽ നിന്ന് ബാങ്കോക്കിലേക്ക് പോകുകയായിരുന്ന ലുഫ്താൻസ വിമാനം എൽഎച്ച്772 ആണ് അടിയന്തരമായി താഴെയിറക്കിയത്.
ഭർത്താവും ഭാര്യയും തമ്മിൽ വിമാനത്തിൽ കലഹമുണ്ടായതോടെ വിമാനത്തിലെ ക്യാബിൻ ക്രൂ ഇക്കാര്യം അധികൃതരെ അറിയിക്കുകയായിരുന്നു. തുടർന്ന് വിമാനം അടിയന്തരമായി ഡൽഹിയിൽ ഇറക്കാൻ തീരുമാനിക്കുകയായിരുന്നു. ഭാര്യയും ഭർത്താവും തമ്മിൽ കലഹമുണ്ടാകാൻ എന്താണ് കാരണമെന്ന് അറിയില്ലെന്നും എന്നാൽ പ്രശ്നം രൂക്ഷമായതോടെ വിമാനം ഡൽഹിയിൽ ഇറക്കാൻ തീരുമാനിക്കുകയായിരുന്നുവെന്നും ഡൽഹി എയർപോർട്ട് ഏവിയേഷൻ സെക്യൂരിറ്റി അറിയിച്ചു.
വിമാനം ആദ്യം പാക്കിസ്ഥാനിൽ ഇറക്കാൻ അനുമതി തേടിയെങ്കിലും നിഷേധിക്കപ്പെട്ടു. തുടർന്നാണ് ഡൽഹിയിൽ ഇറക്കാൻ തീരുമാനിച്ചത്. ബഹളമുണ്ടാക്കിയ ഭർത്താവിനെ എയർപോർട്ട് സെക്യൂരിറ്റി കസ്റ്റഡിയിലെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ലുഫ്താൻസ എയർ അധികൃതർ വിശദീകരണം നൽകിയിട്ടില്ല.