കൊറോണ വൈറസ് മനുഷ്യരുടെ കൂടെ എപ്പോഴുമുണ്ടാകും! മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍
ന്യൂയോര്‍ക്ക്: കൊറോണ വൈറസ് മനുഷ്യരുടെ കൂടെ എപ്പോഴും ഉണ്ടാകുമെന്ന വെളിപ്പെടുത്തലുമായി ശാസ്ത്രജ്ഞന്‍. ഒരു രൂപത്തില്‍ അല്ലെങ്കില്‍ മറ്റൊരു രൂപത്തില്‍ വൈറസ് മനുഷ്യ ശരീരത്തില്‍ ഉണ്ടാകുമെന്നാണ് ശാസ്ത്രജ്ഞന്‍ മുന്നറിയിപ്പ് നല്‍കുന്നത്. യു.കെ സര്‍ക്കാരിന്റെ ശാസ്ത്ര ഉപദേശക സമിതിയായ സയന്റിഫിക് അഡൈ്വസറി ഗ്രൂപ്പ് ഫോര്‍ എമര്‍ജന്‍സീസ് അംഗമായ സര്‍ മാര്‍ക് വാല്‍പോര്‍ട്ടാണ് ഇക്കാര്യം വ്യക്തമാക്കിയത്. ബി.ബി.സിയുടെ റേഡിയോ 4നോട് സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
കൊവിഡ് രണ്ട് വര്‍ഷത്തിനുള്ളില്‍ അവസാനിച്ചേക്കാമെന്ന് ലോകാരോഗ്യസംഘടന വ്യക്തമാക്കിയതിന് പിന്നാലെയാണ് സര്‍ മാര്‍ക് വാല്‍പോര്‍ട്ടിന്റെ വെളിപ്പെടുത്തല്‍. കൊറോണയെ എളുപ്പത്തില്‍ തുടച്ചു നീക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ലെന്ന് വാല്‍പോര്‍ട്ട് പറയുന്നു. കൃത്യമായ ഇടവേളകളില്‍ വാക്സിനേഷന്‍ നടത്തിയാല്‍ മാത്രമേ കൊവിഡിനെ തടയാന്‍ സാധിക്കുകയുള്ളൂ.
ഇന്ന് ലോകത്തിലെ ജനസംഖ്യ 1918 ന് സമാനമല്ല. സ്പാനിഷ് ഫ്‌ളൂ പടര്‍ന്നുപിടിച്ച സമയത്തെ ജനസംഖ്യയേക്കാള്‍ അനേക മടങ്ങ് ഇരട്ടിയാണ് ഇന്നത്തെ ജനസംഖ്യ. ഇത് വൈറസ് പടരുന്നതിന് കാരണമാകും. സ്പാനിഷ് ഫ്‌ളൂവിനെ തുടച്ചുനീക്കാന്‍ രണ്ട് വര്‍ഷമാണ് എടുത്തത്. എന്നാല്‍ കൊറോണയുടെ കാര്യത്തില്‍ സാഹചര്യങ്ങള്‍ അനുകൂലമല്ല. കൊവിഡിനെ നിയന്ത്രിക്കാന്‍ ആഗോള വാക്‌സിനേഷന്‍ വേണമെന്നും വാല്‍പോര്‍ട്ട് വ്യക്തമാക്കുന്നു.
കൊവിഡിനെ രണ്ട് വര്‍ഷത്തിനുള്ളില്‍ പിടിച്ചുകെട്ടാനാകുമെന്ന പ്രതീക്ഷ പങ്കുവച്ച് ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അഥാനം ഗബ്രിയേസുസ് ആണ് രംഗത്തെത്തിയത്. 1918 ല്‍ പടര്‍ന്നു പിടിച്ച സ്പാനിഷ് ഫ്‌ളൂ രണ്ട് വര്‍ഷം കൊണ്ടാണ് ഇല്ലാതായതെന്നും എന്നാല്‍ സാങ്കേതിക വിദ്യ വികസിച്ച ഇക്കാലത്ത് കൊവിഡിനെ ചെറുക്കാന്‍ രണ്ട് വര്‍ഷം വേണ്ടി വരില്ലെന്നും ലോകാരോഗ്യ ടെഡ്രോസ് അഥാനം ഗബ്രിയേസുസ് പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് സര്‍ മാര്‍ക് വാല്‍പോര്‍ട്ടിന്റെ പ്രതികരണം.