FeaturedNews

കീവില്‍ തുടരെ സ്ഫോടനങ്ങള്‍, രണ്ട് യുക്രൈന്‍ കപ്പലുകള്‍ റഷ്യ തകര്‍ത്തു; റഷ്യന്‍ യുദ്ധവിമാനം വെടിവെച്ചിട്ടതായി യുക്രൈന്‍

കീവ്: യുക്രൈനില്‍ റഷ്യന്‍ ആക്രമണം തുടരുന്നു. തലസ്ഥാനമായ കീവില്‍ പ്രവേശിച്ച സൈന്യം ശക്തമായ വ്യോമാക്രമണമാണ് നടത്തുന്നത്. കീവില്‍ വൈദ്യുത നിലയത്തിനു സമീപം തുടരെ സ്ഫോടനങ്ങള്‍. മൂന്ന് മിനിറ്റിനുള്ളില്‍ അഞ്ച് സ്ഫോടന ശബ്ദങ്ങള്‍ കേട്ടെന്നും കീവ് മേയര്‍ പറഞ്ഞു. യുക്രൈന്റെ രണ്ടു കപ്പലുകള്‍ റഷ്യന്‍ സേന തകര്‍ത്തു. ഒഡേസ തുറമുഖത്ത് നങ്കൂരമിട്ടിരുന്ന രണ്ട് ചരക്കു കപ്പലുകളാണ് തകര്‍ത്തത്.

സൈനികവാഹനങ്ങളുമായി കീവ് നഗരത്തിലെത്തിയ റഷ്യന്‍ സൈന്യം രൂക്ഷമായ ആക്രമണമാണ് നടത്തുന്നത്. നഗരത്തില്‍ വ്യാപക സ്ഫോടനങ്ങള്‍ നടന്നതായാണ് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കീവ് അന്താരാഷ്ട്ര വിമാനത്താവളം നിയന്ത്രണത്തിലായ റഷ്യന്‍ സേന, പാര്‍ലമെന്റ് മന്ദിരവും പ്രസിഡന്റിന്റെ കൊട്ടരവും അടക്കം തന്ത്രപ്രധാന കേന്ദ്രങ്ങള്‍ കീഴടക്കാനുള്ള നീക്കത്തിലാണ്.

കീവില്‍ യുക്രൈന്‍ സേനയും പ്രതിരോധം തുടരുകയാണ്. റഷ്യന്‍ യുദ്ധവിമാനം വെടിവെച്ചിട്ടതായി യുക്രൈന്‍ സൈന്യം അറിയിച്ചു. കീവിനടുത്ത് വാസല്‍കീവിലാണ് റഷ്യന്‍ സൈനിക വിമാനം വെടിവെച്ചിട്ടത്. സാധാരണ യുക്രൈന്‍ പൗരന്മാരും ആയുധങ്ങളുമായി റഷ്യന്‍ സേനയ്ക്കെതിരെ പോരാട്ടത്തിന് രംഗത്തിറങ്ങിയിട്ടുണ്ട്.

അതിനിടെ രാജ്യം വിട്ടു പോയിട്ടില്ലെന്ന് യുക്രൈന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കി വ്യക്തമാക്കി. ഞങ്ങള്‍ കീവിലുണ്ട്. സ്വാതന്ത്ര്യത്തിനായുള്ള പ്രതിരോധം തുടരുമെന്നും ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയില്‍ സെലന്‍സ്‌കി വ്യക്തമാക്കി. റഷ്യന്‍ ആക്രമണത്തിനെതിരെ പ്രതിരോധിക്കാന്‍ യുക്രൈന്‍ ഇസ്രായേലിന്റെ സഹായം തേടിയിട്ടുണ്ട്.

അരലക്ഷത്തിലധികം യുക്രൈനികള്‍ രാജ്യം വിട്ടെന്നാണ് ഐക്യരാഷ്ട്രസഭ റിപ്പോര്‍ട്ട് ചെയ്യുന്നത്. ആക്രമണം രൂക്ഷമായ കീവ് അടക്കമുള്ള പ്രദേശങ്ങളില്‍ നിന്നാണ് ആളുകള്‍ കൂട്ടത്തോടെ പലായനം ചെയ്യുന്നത്. റെയില്‍വേ സ്റ്റേഷനില്‍ നാടുവിടാനെത്തിയവരുടെ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. യുക്രൈനെ കീഴടക്കുകയല്ല, നിലവിലെ സര്‍ക്കാരിനെ മാറ്റുകയാണ് ലക്ഷ്യമെന്ന് റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്റോവ് പറഞ്ഞു.

യുക്രൈന്‍ അധിനിവേശത്തെ അപലപിക്കുന്ന യുഎന്‍ പ്രമേയത്തെ റഷ്യ വീറ്റോ ചെയ്തു. 15 അംഗ യുഎന്‍ രക്ഷാസമിതിയില്‍ 11 രാജ്യങ്ങള്‍ പ്രമേയത്തെ അനുകൂലിച്ചു. ഇന്ത്യ, ചൈന, യുഎഇ എന്നീ രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു.

യുക്രൈനിലെ ആക്രമണങ്ങളെ ശക്തമായി അപലപിച്ചും റഷ്യന്‍ സൈന്യത്തെ അടിയന്തരമായി പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ടുള്ളതായിരുന്നു പ്രമേയം. അമേരിക്കയും അല്‍ബേനിയയും ചേര്‍ന്നാണ് പ്രമേയം അവതരിപ്പിച്ചത്. യുഎന്‍ രക്ഷാ സമിതിയിലെ സ്ഥിരാംഗമെന്ന നിലയില്‍ റഷ്യ വീറ്റോ ചെയ്തതോടെ പ്രമേയം പാസായില്ല. എല്ലാ രാജ്യങ്ങളുടെയും പരമാധികാരവും പ്രദേശിക സമഗ്രതയും മാനിക്കപ്പെടണമെന്നും യുഎന്‍ ചാര്‍ട്ടറിന്റെ ഉദ്ദേശ്യങ്ങളും തത്വങ്ങളും ഉയര്‍ത്തിപ്പിടിക്കേണ്ടതുണ്ടെന്നും യുഎന്നിലെ ചൈനീസ് പ്രതിനിധി ഷാങ് ജുന്‍ പറഞ്ഞു.

ഒരു രാജ്യത്തിന്റെ സുരക്ഷ മറ്റ് രാജ്യങ്ങളുടെ സുരക്ഷയെ തുരങ്കം വയ്ക്കാന്‍ കഴിയില്ല.യുക്രൈന്‍ കിഴക്കും പടിഞ്ഞാറും തമ്മിലുള്ള പാലമായി മാറണമെന്നും ചൈന ആവശ്യപ്പെട്ടു. യുക്രൈനിലെ സമീപകാല സംഭവവികാസങ്ങളില്‍ രാജ്യം കടുത്ത അസ്വസ്ഥതയിലാണെന്ന് യുഎന്നിലെ ഇന്ത്യന്‍ പ്രതിനിധി ടി എസ് തിരുമൂര്‍ത്തി കൗണ്‍സില്‍ യോഗത്തില്‍ പറഞ്ഞു. മനുഷ്യന്റെ ജീവന്‍ പണയപ്പെടുത്തി ഒരു പരിഹാരവും ഒരിക്കലും കണ്ടെത്താനാവില്ല.ഭിന്നതകളും തര്‍ക്കങ്ങളും പരിഹരിക്കാനുള്ള ഒരേയൊരു ഉത്തരം ചര്‍ച്ച മാത്രമാണെന്നും തിരുമൂര്‍ത്തി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button