കൊച്ചി: വയനാട് ഉരുള്‍പൊട്ടലിന് കാരണം സംസ്ഥാന സര്‍ക്കാരിന്റെ തെറ്റായ നയങ്ങളാണെന്ന് പ്രചരിപ്പിക്കാന്‍ കേന്ദ്രം ഗൂഢാലോചന നടത്തിയെന്ന ആരോപണവുമായി മന്ത്രി പി. രാജീവ്. ദുരന്തത്തിലേക്ക് നയിച്ചത് സര്‍ക്കാരിന്റെ നയങ്ങളാണെന്ന് പ്രതികരിക്കാന്‍ പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോവഴി ശാസ്ത്രജ്ഞരെ സമീപിച്ചുവെന്ന റിപ്പോര്‍ട്ട് ചൂണ്ടിയാണ് രാജീവിന്റെ ആരോപണം. ആരും തയ്യാറാവാതെ വന്നതോടെയാണ് കേന്ദ്രപരിസ്ഥിതി മന്ത്രി ഭൂപേന്ദര്‍ യാദവ് തന്നെ നുണപ്രസ്താവനയുമായി രംഗത്തെത്തിയതെന്നും മന്ത്രി ഫെയ്‌സ്ബുക്ക് കുറിപ്പില്‍ ആരോപിച്ചു.
സംസ്ഥാന സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ പ്രതികരിക്കാനും ആധികാരികമല്ലാത്ത വിവരങ്ങള്‍ നല്‍കി കേരള വിരുദ്ധ ലേഖനങ്ങള്‍ എഴുതാനും ശാസ്ത്രജ്ഞരോട് ആവശ്യപ്പെട്ടുവെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി രാജീവ് ആരോപിച്ചു. 'ഉരുള്‍പ്പൊട്ടല്‍ സംബന്ധിച്ച മുന്നറിയിപ്പ് കേരളത്തിന് നല്‍കിയിരുന്നെന്ന കേന്ദ്ര അഭ്യന്തര മന്ത്രി അമിത്ഷായുടെ പ്രസ്താവന നുണയാണെന്ന് തെളിവുകള്‍ സഹിതം മാധ്യമങ്ങള്‍ തുറന്നുകാട്ടിയപ്പോഴാണ് ഈ അധമപ്രവര്‍ത്തനം. മുന്നറിയിപ്പുകള്‍ നല്‍കുന്നതില്‍ പരാജയപ്പെട്ട കേന്ദ്രസര്‍ക്കാര്‍ ഭാവിയില്‍ തുറന്നുകാട്ടപ്പെടുമെന്ന ഭയവും ഈ നീക്കത്തിന് പുറകിലുണ്ട്. മനുഷ്യ ഇടപ്പെടലുകള്‍ ഒന്നുമില്ലാത്ത സ്ഥലത്തുണ്ടായ ഉരുള്‍പ്പൊട്ടല്‍ ശാസ്ത്രീയമായ പഠനത്തിന് വിധേയമാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഒരു പാരിസ്ഥിക അനുമതിയുമില്ലാതെ കുന്നുകള്‍ ഇടിച്ചുനിരത്താനുള്ള കരട് ഉത്തരവ് പുറത്തിറക്കിയ വകുപ്പ് നടത്തുന്ന ഇത്തരം നീക്കങ്ങള്‍ ജനങ്ങള്‍ തിരിച്ചറിയും', രാജീവ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
വയനാട് ദുരന്തത്തിന് കാരണം അനധികൃത ഖനനവും മനുഷ്യവാസവുമാണെന്ന് ഭൂപേന്ദര്‍ യാദവ് ആരോപിച്ചിരുന്നു. 'ദുരന്തം നടന്ന സ്ഥലത്ത് അനധികൃത മനുഷ്യവാസം ഉണ്ടായിരുന്നു. ഇതിന് അവസരം ഉണ്ടാക്കിക്കൊടുത്തത് പ്രാദേശിക രാഷ്ട്രീയക്കാരാണ്. ടൂറിസത്തിന്റെ പേരുപറഞ്ഞ്, പരിസ്ഥിതി ലോല മേഖലകളായി ഭൂമിയെ കൃത്യമായി തരംതിരിക്കാന്‍ പ്രാദേശിക രാഷ്ട്രീയക്കാര്‍ അനുവദിച്ചില്ല. കയ്യേറ്റങ്ങള്‍ക്ക് ഇവര്‍ അനുമതി നല്‍കി. ദുരന്തമുണ്ടായ പ്രദേശം പരിസ്ഥിതി ലോല മേഖലയാണ്. മനുഷ്യവാസത്തിന് അനുയോജ്യമല്ലാത്ത ഭൂമിയാണത്. തദ്ദേശഭരണകൂടങ്ങളുടെ സംരക്ഷണയിലും സഹായത്തോടെയും അവിടെ അനധികൃത ഖനനവും താമസവും നടന്നു', എന്നായിരുന്നു ഭൂപേന്ദര്‍ യാദവ് പറഞ്ഞത്.
കേന്ദ്രത്തിന്റേത് പിന്നില്‍ നിന്നുള്ള കുത്തലാണെന്ന് പ്രതികരിച്ച രാജീവിന്റെ ആരോപണം ഏറ്റെടുത്ത് തദ്ദേശമന്ത്രി എം.ബി. രാജേഷും രംഗത്തെത്തി. പ്രതിസന്ധിയുടെ സമയത്ത് കേരളീയര്‍ക്കെതിരായുള്ള ഗൂഢാലോചനയാണിതെന്ന് അദ്ദേഹം ആരോപിച്ചു. ഇത്തരത്തിലുള്ള നൈതികമല്ലാത്ത രാഷ്ട്രീയത്തേയും മറികടക്കുമെന്ന് അദ്ദേഹം എക്‌സില്‍ കുറിച്ചു.
ഒരു നാടാകെ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെടുമ്പോൾ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം കേരളത്തിനെതിരെ നടത്തിയ ഗൂഢാലോചനയാണ് ന്യൂസ്മിനുട്ട് പുറത്തുകൊണ്ടുവന്നത്. കേരള സർക്കാരിന്റെ തെറ്റായ നയമാണ് ഈ ദുരന്തത്തിലേക്ക് നയിച്ചതെന്ന രീതിയിൽ പ്രതികരിക്കാൻ പ്രസ്സ് ഇൻഫോർമേഷൻ ബ്യൂറോ വഴി നിരവധി ശാസ്ത്രജ്ഞരെ സമീപിച്ചതിന്റെ വിവരങ്ങളാണ് റിപ്പോർട്ടിലുള്ളത്. ആധികാരികല്ലാത്ത വിവരങ്ങൾ നൽകി കേരളവിരുദ്ധ ലേഖനങ്ങൾ എഴുതാനും ഇവരോട് ആവശ്യപ്പെട്ട വിവരങ്ങളും റിപോർട്ടിലുണ്ട്- ആരും ഇതിന് തയ്യാറാകാതെ വന്നപ്പോഴാണ് മന്ത്രി ഭൂപേന്ദ്ർ യാദവ് തന്നെ നുണ പ്രസ്താവനയുമായി ഇറങ്ങിയത്.