KeralaNews

നടിയെ ആക്രമിച്ച കേസ്; ആ നടിയാണോ ഇതെന്ന് ചോദിച്ചു, വോയിസ് ക്ലിപ്പ് കേള്‍പ്പിച്ചു: രഞ്ജു രഞ്ജിമാർ

കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ കാര്യങ്ങള്‍ തുറന്ന് പറഞ്ഞ് മേക്കപ്പ് ആർട്ടിസ്റ്റായ രഞ്ജു രഞ്ജിമാർ. കേസ് വിസ്താരം കഴിഞ്ഞ് വർഷങ്ങള്‍ക്ക് ശേഷമാണ് ഞാന്‍ വീണ്ടും സാക്ഷിപ്പട്ടികയില്‍ വരുന്നത്. ഞാനും മറ്റൊരു നടിയും തമ്മിലുള്ള ഫോണ്‍ സംഭാഷണം പൊലീസുകാർക്ക് ലഭിച്ചു. അങ്ങനെയാണ് ഞാന്‍ സാക്ഷി പട്ടികയില്‍ വരുന്നതെന്നും കൗമുദി മൂവീസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ പങ്കെടുത്തുകൊണ്ട് രഞ്ജു രഞ്ജിമാർ വ്യക്തമാക്കുന്നു.

ആ ഫോണ്‍ സംഭാഷണം എങ്ങനെയാണ് അവർക്ക് കിട്ടിയതെന്ന് എനിക്ക് അറിയില്ല. ചിലപ്പോള്‍ ഫോണ്‍ ടാപ്പ് ചെയ്തത് ആകാം, അല്ലെങ്കില്‍ ഫോണ്‍ പിടിച്ചെടുത്ത് പരിശോധിച്ചായിരിക്കാം. ആ സമയത്ത് ഞാന്‍ ഹൈദരാബാദിലെ ഒരു ലൊക്കെഷനിലായിരുന്നു. എന്നെ കാണണമെന്ന് പറഞ്ഞുകൊണ്ട് തുടരെ തുടരെ വിളികള്‍ വരുന്നുണ്ടായിരുന്നു. അവിടുന്നും കുറേ നാളുകള്‍ കഴിഞ്ഞതിന് ശേഷമാണ് ആലുവ പൊലീസ് ക്വാർട്ടേഴ്സിലേക്ക് വിളിപ്പിക്കുന്നത്.

ഞാന്‍ അവിടെ ചെന്നപ്പോള്‍ ഞാന്‍ ആ നടിക്ക് അയച്ച വാട്സാപ്പ് വോയിസ് എനിക്ക് കേള്‍പ്പിച്ച് തരികയാണ്. എന്നിട്ട് ഇത് നിങ്ങളാണോയെന്ന് ചോദിച്ചു, ഞാന്‍ അതേയെന്ന് പറഞ്ഞു. പിന്നീട് വേറെ ഒരു വോയിസ് കേള്‍പ്പിച്ചിട്ട് ഇത് ആ നടിയാണോയെന്ന് ചോദിച്ചു, അതിന് ഞാന്‍ അതേയെന്ന് പറഞ്ഞു. നടിയുടെ അച്ഛന്‍ മരിച്ച ദിവസം നടന്ന ഒരു സംഭാഷണമായിരുന്നു അതെന്നും ഞാന്‍ വ്യക്തമാക്കിയെന്നും രഞ്ജു രഞ്ജിമാർ പറയുന്നു.

ആ സംഭാഷണവുമായി ബന്ധപ്പെട്ട് കൂടുതല്‍ കാര്യങ്ങള്‍ പൊലീസ് എന്നോട് ചോദിച്ചു. 2013 ല്‍ നടന്ന അമ്മ ഷോയില്‍ എന്താണ് സംഭവിച്ചതെന്നാണ് പൊലീസ് പ്രധാനമായും ആരാഞ്ഞത്. ആ സമയത്ത് ഞാന്‍ അവിടെ ഉണ്ട്. നടിക്ക് ഞാനാണ് മേക്കപ്പ് ചെയ്തത്. മൂന്നോ നാലോ നടിമാർക്ക് ഞാന്‍ അന്ന് മേക്കപ്പ് ചെയ്തിരുന്നു.

മേക്കപ്പിനുള്ള സാധനങ്ങളൊക്കെ വാങ്ങിച്ച് ഞാന്‍ അബാദ് പ്ലാസയിലേക്ക് വരുമ്പോള്‍ അവിടെ റിഹേഴ്സല്‍ നടക്കുകയാണ്. നടിയുടെ റൂമിലെത്തി നോക്കുമ്പോള്‍ ആ കുട്ടി ഇരുന്ന് കരയുകയാണ്. കരഞ്ഞതിന്റെ കാരണം ചോദിക്കുമ്പോള്‍ മറ്റുള്ള നടിമാരാണ് ഇങ്ങനെയൊക്കെ ചില കാര്യങ്ങള്‍ അവിടെ നടന്നതായി പറയുന്നത്. അത് മാത്രമേ എനിക്ക് അറിയുകയുള്ളു. അല്ലാതെ വേറെ ഒന്നും അറിയില്ല.

2017 ല്‍ ഈ ഒരു പ്രശ്നം നടക്കുമ്പോള്‍, അന്ന് രാവിലെ എനിക്ക് രണ്ട് ആർട്ടിസ്റ്റുകളുടെ മേക്കപ്പ് ഉണ്ട്. ചേർത്തലയില്‍ പ്രയാഗ മാർട്ടിന് വേണ്ടിയും രമ്യ നമ്പീശന് മഴവില്‍ മനോരമയിലുമായിരുന്നു ഷൂട്ട്. രാവിലെ പ്രയാഗയ്ക്ക് മേക്കപ്പ് ചെയ്ത് തിരിച്ച് രമ്യ നമ്പീശന് മേക്കപ്പ് ചെയ്തു കൊടുക്കുമ്പോള്‍ ഞാന്‍ ചോദിക്കുകയാണ് “അവളെ കണ്ടിട്ട് കുറേ നാളായല്ലോ എന്താ വിശേഷം” എന്ന്.

ഞാന്‍ ഇങ്ങനെ കുറച്ചുപേർ എന്റെ മക്കള്‍ ആണെന്ന രീതിയില്‍ കളിയാക്കും. ഭാവന, രമ്യ നമ്പീശന്, റിമി ടോമി, മുക്ത അങ്ങനെ കുറച്ച് ആർട്ടിസ്റ്റുകള്‍. ഞാന്‍ തൃശൂർ പൂരത്തിന് പോയപ്പോള്‍ ഉണ്ടായതാണ് ഭാവന, ചോറ്റാനിക്കര മകം തൊഴാന്‍ പോയപ്പോഴുണ്ടായതാണ് രമ്യ, പാലാ പള്ളിയില്‍ പോയപ്പോഴുണ്ടായതാണ് റിമി ടോമി എന്നൊക്കെ തമാശയ്ക്ക് പറയാറുണ്ടായിരുന്നു.

രമ്യയാണ് അവള്‍ വീട്ടില്‍ നിന്ന് വരുന്നുണ്ടെന്നും നീ ഫ്രീ ആണെങ്കില്‍ ഫ്ലാറ്റിലേക്ക് വായെന്നും രാത്രി ഭക്ഷണം കഴിച്ച് പിരിയാമെന്നും പറയുന്നത്. രമ്യക്ക് മേക്കപ്പ് ചെയ്ത് കൊടുത്തതിന് ശേഷം ഞാന്‍ തിരിച്ച് ചേർത്തലയ്ക്ക് പോയി. അവിടെ നിന്നും വൈകുന്നേരത്തോടെയാണ് മടങ്ങുന്നത്. അപ്പോഴാകട്ടെ മൈഗ്രെയിന്‍ വന്നിട്ട് വലിയ ശർദ്ധിയാണ്. ആ സാഹചര്യത്തിലായതുകൊണ്ട് അവർ ആരേയും ഞാന്‍ വിളിച്ചിരുന്നില്ല. പിറ്റേ ദിവസം മറ്റൊരു നടിയാണ് വാർത്തയില്‍ ഇങ്ങനെ കാണിക്കുന്നുണ്ട്, ഇന്ന ആള്‍ ആണോയെന്ന് എനിക്ക് സംശയമുണ്ടെന്ന് പറയുന്നത്.

അങ്ങനെയാണ് ഞാന്‍ ന്യൂസ് വെച്ച് നോക്കുന്നത്. പിന്നീട് അവരെ വിളിക്കാനോ കാണാനോ എനിക്ക് തോന്നുന്നില്ല. അതായത് എനിക്ക് ഒന്നും ചെയ്യാനായില്ലല്ലോയെന്ന മാനസിക വിഷമമാണ്. പിന്നീട് അവളെ കാണുന്നത് സെപ്തമ്പറിലോ ഓഗസറ്റിലോ ഒരു ഫോട്ടോ ഷൂട്ടിലാണ്. പറഞ്ഞുവന്നത് അങ്ങനെയാണ് ഞാന്‍ സാക്ഷി പട്ടികയില്‍ വരുന്നതെന്നാണ്. കാലം എത്ര ഓടിയാലും നിയമം നിയമത്തിന്റെ വഴിക്ക് തന്നെ പോകുമെന്നും രഞ്ജുരഞ്ജിമാർ കൂട്ടിച്ചേർക്കുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker