KeralaNews

നടി വിജയലക്ഷ്മി അന്തരിച്ചു; വിടപറഞ്ഞത് നാടകരംഗത്തെ അതുല്യപ്രതിഭ

മലപ്പുറം: നാടകനടി കോവിലകത്തുമുറി നികുഞ്ജത്തില്‍ വിജയലക്ഷ്മി(83) അന്തരിച്ചു. വാര്‍ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം. 1980-ലെ മികച്ചസഹനടിക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം നേടിയിട്ടുണ്ട്. നടനും സാംസ്‌കാരിക പ്രവര്‍ത്തകനുമായിരുന്ന നിലമ്പൂര്‍ ബാലനാണ് ഭര്‍ത്താവ്. മക്കള്‍: വിജയകുമാര്‍, ആശ, സന്തോഷ് കുമാര്‍. മരുമക്കള്‍: കാര്‍ത്തികേയന്‍, അനിത, മിനി. സംസ്‌കാരം ബുധനാഴ്ച രാവിലെ 10-ന് നഗരസഭ വാതക ശ്മശാനത്തില്‍ നടക്കും.

1940 ജൂണ്‍ 29-ന്‌ കോഴിക്കോട്ടായിരുന്നു വിജയലക്ഷ്മിയുടെ ജനനം. അച്ഛന്‍ പറങ്ങോടന്‍, അമ്മ കല്യാണി. രണ്ടു വയസ്സുള്ളപ്പോള്‍ അച്ഛനെ നഷ്ടപ്പെട്ട വിജയലക്ഷ്മിയെ പിന്നീട് വളരെ കഷ്ടപ്പെട്ട അമ്മയാണ് വളര്‍ക്കിയത്. ബാല്യത്തില്‍ തന്നെ കലാവാസന പ്രകടിപ്പിച്ചിരുന്ന വിജയലക്ഷ്മി കോഴിക്കോട് വെസ്റ്റ്ഹില്‍ ചുങ്കം യു.പി.സ്‌കൂളിലും, പിന്നീട് പ്രൊവിഡന്‍സ് സ്‌കൂളിലും പഠിക്കുമ്പോള്‍ നൃത്തവും പാട്ടും അഭ്യസിച്ചു. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മൂലം പഠനം ഉപേക്ഷിക്കേണ്ടി വന്നെങ്കിലും കലാജീവിതം മുന്നോട്ടുകൊണ്ടു പോയി.

നാടകരംഗത്തേക്കു വരുന്നതില്‍ ബന്ധുക്കള്‍ എതിര്‍ത്തെങ്കിലും അതുവകവെയ്ക്കാതെ അരങ്ങിലേക്കു വന്നു. പന്ത്രണ്ടാം വയസ്സില്‍ കോഴിക്കോട് ടൗണ്‍ ഹാളില്‍ അവതരിപ്പിച്ച ‘തോട്ടക്കാരന്‍’ എന്ന നാടകത്തില്‍ വൃദ്ധയുടെ വേഷം അവതരിപ്പിച്ചുകൊണ്ടു് അരങ്ങിലെത്തി. അതിനുശേഷം വി.ടി. ഇന്ദുചൂഡന്‍ എഴുതിയ ‘കാരാഗൃഹം’ എന്ന നാടകത്തിലും അഭിനയിച്ചു. പിന്നീടങ്ങോട്ടു ‘പ്രതിഭ ആര്‍ട്ട്‌സി’നുവേണ്ടിയും, ‘എക്‌സ്പിരിമെന്റല്‍ തീയേറ്റേഴ്‌സിന് വേണ്ടിയും ‘വെളിച്ചം വിളക്കന്വേഷിക്കുന്നു’, ‘മനുഷ്യന്‍ കാരാഗൃഹത്തിലാണു്’, ‘ചുവന്ന ഘടികാരം’, ‘സൃഷ്ടി സ്ഥിതി സംഹാരം’, ‘സനാതനം’, ‘സമന്വയം’ തുടങ്ങി ധാരാളം നാടകങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ചുകൊണ്ട് നാടകരംഗത്ത് സജീവമായി.

1957-ലാണ് നാടക-സിനിമാ അഭിനേതാവും കലാസ്വാദകനുമായ നിലമ്പൂര്‍ ബാലനെ വിവാഹം ചെയ്യുന്നത്. നിലമ്പൂര്‍ യുവജന കലാസമിതിക്കുവേണ്ടി നാടകത്തില്‍ ഇരുവരും ഒന്നിച്ചഭിനയിക്കാന്‍ തുടങ്ങി. ഇരുവരും ചേര്‍ന്ന് ‘കളിത്തറ’ എന്ന പേരില്‍ ഒരു നാടകസമിതി ആരംഭിച്ചു. കോഴിക്കോടു മ്യൂസിക്കല്‍ തീയേറ്റേഴ്‌സ്, കായംകുളം പീപ്പിള്‍സ് തീയേറ്റേഴ്‌സ്, മലബാര്‍ തീയേറ്റേഴ്‌സ്, സംഗമം തീയേറ്റേഴ്‌സ്, കലിംഗ തീയേറ്റേഴ്‌സ് തുടങ്ങിയ സമിതികളിലെ സജീവ സാന്നിദ്ധ്യമായിരുന്നു വിജയലക്ഷ്മി. ഗോപുരനടയില്‍, മഹാഭാരതം, മാന്ത്രികച്ചെണ്ട, വിശ്വരൂപം, വഴിയമ്പലം, കാട്ടുകടന്നല്‍ തുടങ്ങിയ നാടകങ്ങളിലെ കഥാപാത്രങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു.

നിര്‍മ്മാല്യം, സൂര്യകാന്തി, ബന്ധനം, അന്യരുടെ ഭൂമി, പോക്കുവെയില്‍, കഥയ്ക്കു പിന്നില്‍, ഒരേതൂവല്‍ പക്ഷികള്‍, തീര്‍ത്ഥാടനം, അമ്മക്കിളിക്കൂട്, കൈയൊപ്പ് തുടങ്ങിയ സിനിമകളിലും ഏതാനും ടെലി ഫിലിമുകളിലും, സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker