കൊച്ചി: വൈറ്റിലയില്‍ റോഡ് ഉപരോധത്തിനിടെ ജോജു ജോര്‍ജിന്റെ കാര്‍ ആക്രമിച്ച കേസില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പോലീസില്‍ കീഴടങ്ങി. മുന്‍ മേയര്‍ ടോണി ചമ്മിണിയുള്‍പ്പെടെ ആറു പേരാണ് മരട് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. ടൗണില്‍ നിന്നും പ്രകടനമായാണ് ഇവര്‍ സ്റ്റേഷനിലെത്തിയത്.
ജോജു സിപിഎമ്മിന്റെ ചട്ടുകമായി മാറിയെന്ന് ടോണി ചമ്മിണി പറഞ്ഞു. ജോജുവിന്റെ പരാതി വ്യാജമാണ്. പ്രശ്‌നം ഒത്തുതീര്‍ക്കാനുള്ള ശ്രമം സംവിധായകന്‍ ബി. ഉണ്ണികൃഷ്ണനാണ് അട്ടിമറിച്ചത്. ഉണ്ണികൃഷ്ണന്റെ രാഷ്ട്രീയം എല്ലാവര്‍ക്കും അറിയാവുന്നതാണെന്നും ടോണി പറഞ്ഞു.
കേസ് നിയമപരമായും രാഷ്ട്രീയമായും നേരിടും. ജോജു മനപൂര്‍വം ഞങ്ങളുടെ സമരത്തെ അലങ്കോലപ്പെടുത്തി. ആരുടെ സമരമാണ് നടക്കുന്നതെന്നും എന്തിന്റെ സമരമാണെന്നും ചോദിച്ചറിഞ്ഞശേഷമാണ് ജോജു വാഹനത്തില്‍ നിന്നും ഇറങ്ങാന്‍ കൂടി തയറായത്.
സിപിഎമ്മിന്റെ സമരം ആയിരുന്നേങ്കില്‍ അദ്ദേഹം വാഹനത്തില്‍ നിന്നും ഇറങ്ങിവരുമായിരുന്നോ എന്നും അദ്ദേഹം ചോദിച്ചു. ജോജു നിഷ്പക്ഷ നിലപാടാണ് സ്വീകരിക്കുന്നതെങ്കില്‍ സിപിഎമ്മിന്റെ സമ്മേളനങ്ങളും സമരങ്ങളും നടക്കുന്‌പോള്‍ ഫേസ്ബുക്കിലൂടെയെങ്കിലും പ്രതിഷേധം രേഖപ്പെടുത്താന്‍ തയാറാകണമെന്നും ടോണി കൂട്ടിച്ചേര്‍ത്തു.