BusinessKeralaNews

കേരളത്തിൻ്റെ സ്വന്തം ലാപ്ടോപ്,കൊക്കോണിക്സിനെ പുനരുജ്ജീവിപ്പിച്ച് സർക്കാർ, കെൽട്രോൺ നയിക്കും

തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാരിന്‍റെ സ്വപ്ന പദ്ധതി കൊക്കോണിക്സിനെ ഇനി കെൽട്രോൺ നയിക്കും. നിര്‍മ്മാണത്തിലും വിതരണത്തിലും പ്രതീക്ഷകളുടെ ഏഴയലത്തു പോലും എത്താതിരുന്ന കൊക്കോണിക്സ് പദ്ധതി അടിമുടി പുനഃസംഘടിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. പൊതുമേഖലയ്ക്ക് പ്രാധാന്യം കിട്ടും വിധം ഓഹരി മൂലധന അനുപാതത്തിൽ മാറ്റം വരുത്തിയാണ് പുനഃസംഘടന.

കേരളത്തിന് സ്വന്തമായി ഒരു ലാപ്ടോപ്. വമ്പൻ പ്രഖ്യാപനങ്ങളുമായി പൊതു സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കാനിരുന്ന പദ്ധതി പക്ഷെ തുടക്കത്തിലേ പാളി. വേണ്ടത്ര ആസൂത്രണമോ ആവശ്യത്തിന് മൂലധനമോ പോലും ഇല്ലാതെ വിപണിയിൽ പകച്ച് നിന്ന് പാതി വഴിയിൽ നിലച്ച് പോയ പദ്ധതി കെൽട്രോണിനെ മുൻ നിര്‍ത്തി ഏറ്റെടുക്കാനാണ് സര്‍ക്കാര്‍ തീരുമാനം.

യുഎസ്ടി ഗ്ലോബലിന് 49 ഉം സ്റ്റാര്‍ട്ടപ്പ് കമ്പനിയായ ആക്സലറോണിന് 2 ശതമാനവും ഓഹരി നൽകി മുൻതൂക്കം സ്വകാര്യ മേഖലക്കായിരുന്നു എങ്കിൽ ഇനിയത് മാറുകയാണ്. 

28.90 ശതമാനം ഓഹരി കെൽട്രോണിനും 22.10 ശതമാനം ഓഹരി കെഎസ്ഐഡിസിക്കും നൽകി 51 % ഓഹരി പൊതുമേഖലയിൽ നിലനിര്‍ത്തും. സാങ്കേതിക സഹായം യുഎസ്ടിയിൽ നിന്ന് എടുക്കും. കെട്ടിലും മട്ടിലും പുതുമകളോടെ കെൽട്രോൺ ബ്രാന്‍റിൽ വിപണി പിടിക്കുകയാണ് ലക്ഷ്യം. മൂന്ന് മാസത്തിനകം കൊക്കോണിക്സ് പുതിയ ഉത്പന്നം ഇറക്കും. പുറത്ത് നിന്നുള്ള നിര്‍മ്മാണ കരാറുകളും ഏറ്റെടുക്കും,

സര്‍ക്കാര്‍ വകുപ്പുകളിൽ 50 ശതമാനം കോക്കോണിക്സിന് മുൻതൂക്കം നൽകണമെന്നും ആറ് വര്‍ഷമെങ്കിലും സര്‍ക്കാര്‍ പിന്തുണ ഉറപ്പാക്കണമെന്നുമാണ് കെൽട്രോൺ സമര്‍പ്പിച്ച പുനസംഘടനാ റിപ്പോര്‍ട്ടിലെ ശുപാര്‍ശ. വിപണി മൂല്യമുള്ള ഉത്പന്നങ്ങളുടെ നിര്‍മ്മാണം മുതൽ ജില്ലകൾ തോറും ഔട് ലറ്റുകളും സര്‍വ്വീസ് കേന്ദ്രങ്ങളും തുടങ്ങാനും കൊക്കോണിക്സിനെ മുൻനിര്‍ത്തി കെൽട്രോണിന് പദ്ധതിയുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker