26.8 C
Kottayam
Monday, April 29, 2024

സൗദിയുടെ 3600 കോടി വേണ്ട, പി.എസ്.ജി വിടും, മെസി ബാഴ്‌സലോണയിലേക്ക് തിരിച്ചെത്തുന്നു

Must read

ബാഴ്‌സലോണ: ലിയോണല്‍ മെസ്സി ബാഴ്‌സലോണയിലേക്ക് തിരിച്ചെത്താനുള്ള സാധ്യതയേറുന്നു. പിഎസ്ജിയില്‍ മെസി തുടരില്ലെന്ന് ഫ്രഞ്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഫുട്‌ബോള്‍ ലോകത്തെ ഞെട്ടിച്ച് 2021ലാണ് ലിയോണല്‍ മെസ്സി ബാഴ്‌സലോണ വിട്ട് പിഎസ്ജിയിലേക്ക് ചേക്കേറിയത്.

ബാഴ്‌സലോണയുടെ സാമ്പത്തിക പ്രതിസന്ധിയായിരുന്നു മെസിയുടെ കൂടുമാറ്റത്തിന് കാരണം. തുടക്കത്തില്‍ നിറംമങ്ങിയെങ്കിലും ഈ സീസണില്‍ മെസി പിഎസ്ജിക്കായി മിന്നുന്ന പ്രകടനമാണ് നടത്തുന്നത്. എന്നാല്‍ പിഎസ്ജി ആരാധകര്‍ മെസിയുടെ പ്രകടനത്തില്‍ തൃപ്തരല്ല. കളിക്കളത്തിലേക്ക് കൂവലോടെയാണിപ്പോള്‍ മെസിയെ വരവേല്‍ക്കുന്നത്. 

ഇതുകൊണ്ടുതന്നെ പിഎസ്ജിയില്‍ തുടരാന്‍ മെസി ആഗ്രഹിക്കുന്നില്ല. മെസിയുടെ പുതിയ തട്ടകം ഏതെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍. സൗദിക്ലബ് അല്‍ ഹിലാല്‍ 3600 കോടിരൂപയുടെ വാര്‍ഷിക പ്രതിഫലം വാഗ്ദാനം ചെയ്‌തെങ്കിലും അടുത്ത സീസണിലും യൂറോപ്പില്‍ കളിക്കാനാണ് മെസിക്ക് താല്‍പര്യം. സൗദിയിലേക്കില്ലെന്ന് മെസി പറഞ്ഞതായി യൂറോപ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

2024 കോപ്പ അമേരിക്ക ആവുന്നത് കൂടുതല്‍ നിലവാരമുള്ള ഫുട്ബോള്‍ കളിക്കാനാണ് മെസി ആഗ്രഹിക്കുന്നത്. മുന്‍ക്ലബായ ബാഴ്‌സലോണയിലേക്ക് മെസി തിരികെ എത്തുമെന്നാണ് സൂചന. എന്നാല്‍ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറിയിട്ടില്ലാത്തതിനാല്‍ ബാഴ്‌സലോണയ്ക്ക് മെസിയുടെ സേവന വേതന വ്യവസ്ഥകള്‍ പാലിക്കാന്‍ കഴിയുമോയെന്ന് ഉറപ്പില്ല. 

ഇതിനായി പുതിയ സ്‌പോണ്‍സര്‍മാരെ കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് ബാഴ്‌സലോണ മാനേജ്‌മെന്റ്. മെസിക്കും ബാഴ്‌സയിലേക്ക് മടങ്ങാന്‍ താല്‍പര്യമുണ്ട്. ബാഴ്സയുടെ പരിശീലകനായ സാവി മെസിയുമായി ബന്ധപ്പെട്ടിട്ടുണ്ട്. ബാഴ്‌സലോണ കരാര്‍ വാഗ്ദാനം ചെയ്യുംവരെ മറ്റൊരു തീരുമാനം എടുക്കരുതെന്ന് സാവി മെസിയോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. ബാഴ്സയിലേക്ക് തിരിച്ചെത്താന്‍ വേണ്ടി തന്നെയാണ് മെസി ആഗ്രഹിക്കുന്നത്.

ബാഴ്‌സയിലെ സഹതാരങ്ങളായിരുന്നു മെസിയും സാവിയും. ബാഴ്‌സലോണയ്ക്കായി 778 കളിയില്‍ 672 ഗോള്‍ നേടിയിട്ടുള്ള മെസി പിഎസ്ജിക്കായി 67 കളിയില്‍ 29ഗോളും സ്വന്തമാക്കിയിട്ടുണ്ട്. അതേസമയം, പിഎസ്ജി മുന്‍ ബാഴ്സലോണ താരത്തെ നിലനിര്‍ത്താനുള്ള ആഗ്രഹവും പ്രകടിപ്പിച്ചിട്ടുണ്ട്. നിലവില്‍ ലഭിക്കുന്ന പ്രതിഫലം ലഭിക്കുമെന്നും പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week