27.9 C
Kottayam
Sunday, April 28, 2024

മഴക്കെടുതി; അടിയന്തര യോഗം വിളിച്ച് മുഖ്യമന്ത്രി

Must read

തിരുവനന്തപുരം: മഴക്കെടുതി വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് അവലോകന യോഗം ചേരും. പത്ത് മണിക്ക് ഓണ്‍ലൈനായാണ് യോഗം. ചീഫ് സെക്രട്ടറി, ജില്ലാ കളക്ടര്‍മാര്‍, റവന്യു, ജലവിഭവ, വൈദ്യുതി മന്ത്രിമാര്‍ വകുപ്പ് തലവന്മാര്‍, തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും.ഡാമുകളിലെ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ ഡാമുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളും യോഗം ചര്‍ച്ച ചെയ്യും.

കേരളത്തിലെ അഞ്ച് നദികളിലാണ് ഇന്നലെ ഓറഞ്ച് അലേര്‍ട്ട് പുറപ്പെടുവിച്ചത്. മണിമല, കല്ലട, അച്ഛന്‍ കോവില്‍, കരമന, നെയ്യാര്‍ എന്നി നദികള്‍ക്കാണ് കേന്ദ്ര ജല വിഭവ വകുപ്പ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചത്. ഇതിന് പുറണെ ഇടുക്കി, പമ്പാ ഡാമുകളിലും ഓറഞ്ച് അലേര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. സംസ്ഥാനത്തെ മഴക്കെടുതിയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത മരണസംഖ്യ 22 ആണ്. കോട്ടയത്ത് 13 പേരും ഇടുക്കിയില്‍ 8 പേരും കോഴിക്കോട് വടകരയില്‍ ഒരു കുട്ടിയും മരിച്ചു.

കോട്ടയം കൂട്ടിക്കലില്‍ ഉരുള്‍പൊട്ടലില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത മരണം പത്താണ്. ദേശീയ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തില്‍ ഇന്ന് നടത്തിയ പരിശോധനയിലാണ് 7 മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തത്. ഒഴുക്കില്‍പ്പെട്ട് കാണാതായ മൂന്ന് പേരുടെ മൃതദേഹങ്ങളും ലഭിച്ചു. ഇതോടെ കോട്ടയം ജില്ലയില്‍ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 13 ആയി. മരിച്ചവര്‍ക്ക് നാലു ലക്ഷം രൂപ ധനസഹായവും, പരുക്കേറ്റവര്‍ക്ക് ചികിത്സ സഹായവും നല്‍കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചു.

കൂട്ടിക്കല്‍ ഗ്രാമത്തെ കീറിമുറിച്ച ഉരുള്‍പൊട്ടലുകളില്‍ നഷ്ടമായത് ഒരു കുടുംബത്തിലെ ആറുപേര്‍ ഉള്‍പ്പെടെ 10 ജീവനുകളാണ്. കാവാലിയില്‍ ഉരുള്‍പൊട്ടി കാണാതായ വണ്ടാളാക്കുന്നേല്‍ മാര്‍ട്ടിന്‍, മക്കളായ സ്നേഹ, സാന്ദ്ര എന്നിവരുടെ മൃതദേഹങ്ങള്‍ ഇന്ന് കണ്ടെടുത്തു. മാര്‍ട്ടിന്റെ ഭാര്യ സിനി, അമ്മ ക്ലാരമ്മ, ഇളയ മകള്‍ സോന എന്നിവരുടെ മൃതദേഹങ്ങള്‍ ഇന്നലെ ലഭിച്ചിരുന്നു. മണ്ണിലും പാറക്കൂട്ടങ്ങള്‍ക്കിടയിലും പുതഞ്ഞ നിലയിലായിരുന്നു മൃതദേഹങ്ങള്‍. സമീപത്തെ പ്ലാപ്പള്ളി ഉരുള്‍പൊട്ടലില്‍ കാണാതായ നാലു പേരെയും മരിച്ച നിലയില്‍ കണ്ടെത്തി.

ആറ്റുചാലില്‍ ജോമിയുടെ ഭാര്യ സോണിയ, മകന്‍ അലന്‍, മുണ്ടകശേരില്‍ എം.ടി. വേണുവിന്റെ ഭാര്യ റോഷ്നി, പന്തലാട്ടില്‍ മോഹനന്റെ ഭാര്യ സരസമ്മ എന്നിവര്‍ക്കാണ് പ്ലാപ്പള്ളിയില്‍ ജീവന്‍ നഷ്ടമായത്. ഇതിനു പുറമേ ഒഴുക്കില്‍പ്പെട്ട് കാണാതായ ഓട്ടോതൊഴിലാളി ഷാലെറ്റ്, കാഞ്ഞിരപ്പള്ളി സ്വദേശി രാജമ്മ, ഏന്തയാര്‍ വല്യന്ത സ്വദേശിനി സിസിലി എന്നിവരെയും മരിച്ച നിലയില്‍ കണ്ടെത്തി. ഇതോടെ കോട്ടയം ജില്ലയില്‍ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 13 ആയി. മരിച്ചവരുടെ ആശ്രിതര്‍ക്ക് നാലു ലക്ഷം രൂപ വീതവും, പരിക്കേറ്റവര്‍ക്ക് ചികിത്സാ സഹായവും നല്‍കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു.

കോട്ടയം ജില്ലയില്‍ കാണാതായ എല്ലാവരുടെയും മൃതദേഹം കണ്ടെത്തിയെന്ന് മന്ത്രി വി എന്‍ വാസവന്‍ അറിയിച്ചു. തെരച്ചില്‍ നിര്‍ത്തിയിട്ടില്ല. നാശനഷ്ടം അടിയന്തരമായി കണക്കാക്കാന്‍ നടപടി സ്വീകരിച്ചു. ഈ റിപ്പോര്‍ട്ട് റിപ്പോര്‍ട് മന്ത്രിസഭ പരിഗണിക്കുമെന്നും മന്ത്രി അറിയിച്ചു.

ഇടുക്കിയിലെ കൊക്കയാറിലും കോട്ടയത്തെ കൂട്ടിക്കലിലുമാണ് കൂടുതല്‍ പേര്‍ക്ക് ജീവന്‍ നഷ്ടമായത്. ഇടുക്കിയില്‍ ഫൗസിയയുടേയും മകന്‍ അമീന്‍ സിയാദിന്റെയും മൃതദേഹമാണ് ഒടുവിലായി ലഭിച്ചത്. ഇനി ലഭിക്കാനുള്ളത് സച്ചു ഷാഹുലിന്റെ മൃതദേഹമാണ്.

കോഴിക്കോട് വടകര കണ്ണൂക്കര സ്വദേശി പട്ടാണി മീത്തല്‍ ഷംജാസിന്റെ മകന്‍ മുഹമ്മദ് റൈഹാന്‍ ആണ് കോഴിക്കോട് വെള്ളക്കെട്ടില്‍ വീണ് മരിച്ചത്. കുന്നുമ്മക്കരയിലെ മാതാവിന്റെ വീട്ടിലായിരുന്നു റൈഹാന്‍ ഉണ്ടായിരുന്നത്. രാവിലെ കടയില്‍ പോയ സഹോദരന് പുറകെ നടന്ന കുട്ടി വീടിനരികെയുള്ള തോട്ടില്‍ വീഴുകയായിരുന്നു. പരിസരവാസികളാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. വടകരയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week