എസ്.ഐ ഓടിച്ച കാര്‍ ബൈക്കുകള്‍ ഇടിച്ചു തെറിപ്പിച്ചു; മദ്യലഹരിയിലെന്ന് നാട്ടുകാര്‍

തിരുവനന്തപുരം: തിരുവനന്തപുരം പട്ടത്ത് ട്രാഫിക് എസ്‌ഐയുടെ പരാക്രമം. കാര്‍ ഓടിച്ചെത്തി റോഡരുകില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്കുകള്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ട്രാഫിക് എസ്.ഐ അനില്‍കുമാറാണ് അപകടമുണ്ടാക്കിയത്. എസ്‌ഐ മദ്യപിച്ചിരുന്നതായി നാട്ടുകാര്‍ ആരോപിച്ചു.

ഞായറാഴ്ച രാത്രി 8.30ന് പട്ടത്തുവച്ചാണ് സംഭവമുണ്ടായത്. ബൈക്കുകളുടെ ഉടമസ്ഥര്‍ നോക്കിനില്‍ക്കെയാണ് നിയന്ത്രണംവിട്ട കാര്‍ ബൈക്കുകള്‍ നിര്‍ത്തിയിട്ടിരുന്ന ഭാഗത്തേക്കു ഇടിച്ചുകയറിയത്. ഇടിയുടെ ആഘാതത്തില്‍ രണ്ടു ബൈക്കുകള്‍ക്ക് കേടുപാടുണ്ടായി.

എസ്‌ഐ ഡ്യൂട്ടി കഴിഞ്ഞു മടങ്ങവെയാണ് അപകടമുണ്ടായതെന്നാണ് വിവരം. കാറിനുള്ളില്‍ എസ്‌ഐയുടെ യൂണിഫോമും തൊപ്പിയും ഉണ്ടായിരുന്നു. അപകടവിവരം അറിഞ്ഞ് പോലീസ് എത്തി പോലീസ് വാഹനത്തില്‍ എസ്‌ഐയെ സ്ഥലത്തുനിന്നുമാറ്റി. കാറും നീക്കം ചെയ്തു. സംഭവ സ്ഥലത്തുണ്ടായിരുന്നവര്‍ എടുത്ത വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു.

സംഭവത്തില്‍ കേസെടുത്ത് അന്വേഷണം നടക്കുകയാണെന്ന് മെഡിക്കല്‍ കോളേജ് പൊലീസ് അറിയിച്ചു. അനില്‍കുമാറിനെ വൈദ്യപരിശോധക്ക് വിധേയനാക്കിയെന്നും, തുടര്‍ നടപടി സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി. ബൈക്കുടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കി കേസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമം നടക്കുന്നുവെന്നും നാട്ടുകാര്‍ക്ക് ആക്ഷേപമുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News