മഞ്ചേരി: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് നിലവില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തെരഞ്ഞെടുപ്പ് വന്നപ്പോള്‍ കോണ്‍ഗ്രസിനും ബി.ജെ.പിക്കുമാണ് ശബരിമലയില്‍ താല്‍പര്യം കൂടിയിരിക്കുന്നതെന്നും മുഖ്യമന്ത്രി മഞ്ചേരിയില്‍ പറഞ്ഞു.
ശബരിമല വിധി വന്നാലും തുടര്‍നടപടികള്‍ എല്ലാവരോടും ആലോചിച്ച് മാത്രമായിരിക്കും തീരുമാനിക്കുക. തെരഞ്ഞെടുപ്പില്‍ ബിജെപി-കോണ്‍ഗ്രസ് രഹസ്യ ധാരണയുണ്ട്. എല്‍ഡിഎഫ് ഒരു അവസരവാദ നിലപാടിനും ഇല്ലെന്നും പിണറായി വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഏറെ പിന്നിലായ പ്രതിപക്ഷം കടുത്ത നിരാശയിലാണ്. ഇടതുപക്ഷത്തെ നേരിടാന്‍ നേരായ മാര്‍ഗങ്ങള്‍ ഇല്ലാത്തതിനാല്‍ പ്രതിപക്ഷം അനാവശ്യമായ വിവാദങ്ങള്‍ സൃഷ്ടിക്കുകയാണ്. ജനങ്ങളുടെ പ്രതീക്ഷയും ഇനി എല്‍ഡിഎഫിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
എല്‍ഡിഎഫ് ഭരണത്തില്‍ കേരളത്തില്‍ വന്‍ മുന്നേറ്റങ്ങളാണ് ഉണ്ടായത്. കേരളം ഒട്ടും മാറില്ല, ഒരു പുരോഗതിയിലും ഉണ്ടാകില്ല എന്ന പഴയ ധാരണ തിരുത്താന്‍ കഴിഞ്ഞു. വികസനത്തെ കുറിച്ച് പറയുമ്പോള്‍ ഇടത് സര്‍ക്കാര്‍ രാഷ്ട്രീയത്തില്‍ നിന്ന് വേറിട്ട് നില്‍ക്കുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.