തിരുവനന്തപുരം: ഇന്ധന നികുതി കുറയ്ക്കാത്ത സംസ്ഥാന സര്‍ക്കാര്‍ നിലപാടിനെതിരെ കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്ത ചക്രസ്തംഭന സമരം നടന്നു. പാലക്കാട് സുല്‍ത്താന്‍പേട്ട ജംഗ്ഷനില്‍ നടന്ന സമരത്തില്‍ സംഘര്‍ഷമുണ്ടായി. വി കെ ശ്രീകണ്ഠന്‍ എംപിയും പൊലീസും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. സമരത്തില്‍ രമ്യ ഹരിദാസ് എംപി അടക്കം പങ്കെടുത്തു.
സമരം നിശ്ചയിച്ച സ്ഥലത്ത് എത്തുന്നതിന് മുമ്പ് തന്നെ പൊലീസ് തടഞ്ഞെന്നും കയ്യേറ്റം ചെയ്തെന്നും വി കെ ശ്രീകണ്ഠന്‍ എംപി ആരോപിച്ചു. കണ്ണൂരില്‍ നടന്ന സമരത്തിലും നേരിയ സംഘര്‍ഷമുണ്ടായി. കണ്ണൂരില്‍ യാത്ര പൂര്‍ണമായി തടസ്സപ്പെടുത്തിയായിരുന്നു പ്രതിഷേധം.
തുടര്‍ന്ന് പൊലീസ് സമരക്കാരെ നീക്കി. കൊച്ചിയില്‍ ചക്രസ്തംഭന സമരം മേനകാ ജംഗ്ഷനില്‍ ഹൈബി ഈഡന്‍ എംപി ഉദ്ഘാടനം ചെയ്തു.തിരുവനന്തപുരത്ത് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ ചക്രസ്തംഭന സമരം ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ചക്രസ്തംഭന സമരം ഉദ്ഘാടനം വൈകി.
സമരം ഉദ്ഘാടനം ചെയ്യേണ്ട കെ മുരളീധരന്‍ എംപി ട്രാഫിക് ബ്ലോക്കില്‍ പെട്ടതോടെയാണ് സമരം ഉദ്ഘാടനം ചെയ്യുന്നത് വൈകിയത്.ഉദ്ഘാടനം വൈകിയെങ്കിലും 11 മണിക്ക് ചക്രസ്തംഭന സമരം ആരംഭിക്കുകയും 15 മിനുട്ടിന് ശേഷം സമരം അവസാനിപ്പിച്ച് വാഹനങ്ങള്‍ കടത്തിവിട്ടതായി ഡിസിസി പ്രസിഡന്റ് അഡ്വ. കെ പ്രവീണ്‍കുമാര്‍ അറിയിച്ചു.
അതേസമയം പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ചക്രസ്തംഭന സമരത്തില്‍ പങ്കെടുത്തില്ല. അദ്ദേഹത്തിന് സാഹചര്യം അനുവദിക്കാത്തതിനാലാണ് പങ്കെടുക്കാന്‍ കഴിയാത്തതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പറഞ്ഞു. പാലക്കാട് സംഘര്‍ഷമുണ്ടായത് സ്വാഭാവികം മാത്രമാണ്. ജനങ്ങള്‍ സമരത്തോട് സഹകരിച്ചു. കൊച്ചിയില്‍ നേരത്തെയുണ്ടായ പ്രതിഷേധത്തിലെ സംഘര്‍ഷം നടന്‍ ജോജു ജോര്‍ജ് കാരണമാണെന്നും കെ സുധാകരന്‍ പറഞ്ഞു.