ചീഫ് ജസ്റ്റിസിന്റെ ഓഫീസും ഇനി വിവരാവകാശത്തിന്റെ പരിധിയില്‍,സുപ്രധാന വിധിയുമായി സുപ്രീംകോടതി
ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസിന്റെ ഓഫീസ് വിവരാകാശ നിയമ പരിധിയില്‍ വരുമെന്ന് സുപ്രീം കോടതി. ഡല്‍ഹി ഹൈക്കോടതി വിധിക്കെതിരെ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതി വിധി പ്രസ്താവിച്ചത്. അഞ്ചംഗ ഭരണഘടനാ ബെഞ്ചിലെ മൂന്നു ജഡ്ജിമാര്‍ വിധിയില്‍ യോജിച്ചപ്പോള്‍, രണ്ട് അംഗങ്ങള്‍ വിയോജിച്ചു. സുതാര്യത പൊതു സമൂഹം ആഗ്രഹിക്കുന്നുവെന്നും, ചീഫ് ജസ്റ്റിസിന്റെ ഓഫീസ് പൊതു അതോറിറ്റിയെന്നും വിധിയില്‍ പറയുന്നു. ജഡ്ജിമാരുടെ സ്വകാര്യത പരിഗണിച്ച് ചില പരിരക്ഷ നല്‍കണം. സ്വകാര്യതയും രഹസ്യാത്മകതയും സുപ്രധാന ഘടകങ്ങള്‍ തന്നെയാണ്. വിവരങ്ങള്‍ പുറത്തേക്ക് കൊടുക്കുന്നത് സംബന്ധിച്ച തീരുമാനത്തില്‍ അത് പാലിക്കണം. ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിന് സുതാര്യത സഹായിക്കും. സുതാര്യതയുടെ പേരില്‍ ഒരിക്കലും സ്വാതന്ത്ര്യത്തെയും സ്വകാര്യതയ്ക്കുള്ള അവകാശത്തേയും നശിപ്പിക്കാന്‍ പാടില്ലെന്നും കോടതി വ്യക്തമാക്കി.
ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റീസ് എന്‍.വി രമണ്ണ, ജസ്റ്റീസ് ഡി.വൈ ചന്ദ്രചൂഢ്, ജസ്റ്റീസ് ദീപക് ഗുപ്ത, ജസ്റ്റീസ് സഞ്ജീവ് ഖന്ന എന്നിവരുടെ ഭരണഘടനാ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. ചീഫ് ജസ്റ്റീസും ജസ്റ്റീസുമാരായ ദീപക് ഗുപ്ത, സഞ്ജീവ് ഖന്ന എന്നിവര്‍ പൊതുവായ വിധിയും ജസ്റ്റീസ് ഡി.വൈ ചന്ദ്രചൂഢ്, ജസ്റ്റീസ് എന്‍.വി രമണ്ണ എന്നിവര്‍ വ്യത്യസ്തമായ രണ്ട് വിധികളുമാണ് പറഞ്ഞത്.