കൊച്ചി: ക്രിസ്മസ് ആഘോഷങ്ങളെ വരവേറ്റുകൊണ്ട് കൊച്ചി മെട്രോയുടെ ക്രിസ്മസ് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. 14 ദിവസം നീണ്ട് നില്‍ക്കുന്ന ക്രിസ്മസ്- പുതുവത്സര പരിപാടിയായ ‘കൊച്ചി മെട്രോ ഫ്രോസ്റ്റി ഫെസ്റ്റ് 2021’ ന്റെ ഭാഗമായി ക്രിസ്മസ് സ്റ്റാര്‍ നിര്‍മ്മാണം, കരോള്‍ ഗാനം, പുല്‍കൂട് നിര്‍മ്മാണം, ക്രിസ്മസ് ട്രീ അലങ്കാരം, സാന്റാ ക്ലോസ് ഫാന്‍സി ഡ്രസ്സ്, കേക്ക് നിര്‍മ്മാണം തുടങ്ങി നിരവധി മത്സരങ്ങളാണ് കൊച്ചി മെട്രോ സ്റ്റേഷനുകളില്‍ പൊതുജനങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്നത്.
ഇന്ന് ക്രിസ്മസ് സ്റ്റാര്‍ നിര്‍മ്മാണ മത്സരത്തോടെയാണ് കൊച്ചി മെട്രോ ഫ്രോസ്റ്റി ഫെസ്റ്റിന് തുടക്കമാവുക. ആലുവ സ്റ്റേഷനില്‍ 11 മുതല്‍ 1 മണിവരെയും മുട്ടം സ്റ്റേഷനില്‍ ഉച്ചക്ക് 12 മുതല്‍ 2 മണി വരെയുമാണ് മത്സരം. കലൂര്‍ സ്റ്റേഷനില്‍ 1 മുതല്‍ 3 മണി വരെയും പേട്ട സ്റ്റേഷനില്‍ 2 മുതല്‍ 4 മണിവരെയും മത്സരം നടക്കും. മത്സരത്തില്‍ വിജയികളാകുന്നര്‍ക്ക് 5000,3000,2000 രൂപ വീതം സമ്മാനം നല്‍കും.
പത്തൊന്‍പതിന് ആലുവ, ഇടപ്പള്ളി, വൈറ്റില, എറണാകുളം സൗത്ത് എന്നീ സ്റ്റേഷനുകളില്‍ കരോള്‍ ഗാന മത്സരം സംഘടിപ്പിക്കും. 10000, 7500, 5000 രൂപ വീതമാണ് കരോള്‍ ഗാന മത്സര വിജയികള്‍ക്ക് ലഭിക്കുക. ഇരുപതിന് പുല്‍ക്കുട് നിര്‍മ്മാണ മത്സരവും 21ന് ക്രിസ്മസ് ട്രീ അലങ്കാര മത്സരവും എല്ലാ സ്റ്റേഷനുകളിലും നടത്തുന്നുണ്ട്. 8000, 5000, 3000 രൂപ വീതമാണ് ഈ രണ്ട് മത്സരങ്ങളിലെയും വിജയികള്‍ക്ക് ലഭിക്കുക.
ഡിസംബര്‍ ഇരുപത്തിരണ്ടാം തീയതി പതിമൂന്ന് വയസുവരെയുള്ള കുട്ടികള്‍ക്കായി സാന്റാ ക്ലോസ് ഫാന്‍സി ഡ്രസ്സ് മത്സരവും ഒരുക്കിയിട്ടുണ്ട്. പാലാരിവട്ടം, കടവന്ത്ര, തൈക്കൂടം, ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം എന്നീ മെട്രോ സ്റ്റേഷനുകളിലാണ് സാന്റാ ക്ലോസ് മത്സരം. ബേക്കിങ്ങില്‍ താല്പര്യമുള്ളവര്‍ക്കായി വൈറ്റില, മഹാരാജാസ്, കടവന്ത്ര, പാലാരിവട്ടം സ്റ്റേഷനുകളില്‍ ഡിസംബര്‍ 23ന് കേക്ക് നിര്‍മ്മാണ മത്സരവും സംഘടിപ്പിക്കും. 5000, 3000, 2000 രൂപ വീതമാണ് സാന്റാ ക്ലോസ്, കേക്ക് മേക്കിങ് മത്സരവിജയികള്‍ക്ക് സമ്മാനിക്കുക.
ഇതുകൂടാതെ ഡിസംബര്‍ 24 മുതല്‍ 31 വരെ വ്യത്യസ്തങ്ങളായ ആഘോഷ പരിപാടികള്‍ കൊച്ചി മെട്രോ ഒരുക്കിയിട്ടുണ്ട്. മത്സരങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ സൗജന്യമായിരിക്കും. മത്സരത്തില്‍ പങ്കെടുക്കാന്‍ എത്തുന്നവര്‍ക്കും ഒപ്പം യാത്ര ചെയ്യുന്ന ആള്‍ക്കും മത്സരം നടക്കുന്ന സ്റ്റേഷനിലേക്കും തിരിച്ചുമുള്ള യാത്രയും സൗജന്യമാണ്. മത്സരങ്ങളില്‍ വിജയിക്കുന്നവര്‍ക്ക് ജനുവരി ആദ്യ ആഴ്ച്ച സമ്മാനങ്ങള്‍ നല്‍കും. കോവിഡ് പ്രോട്ടോകോള്‍ പാലിച്ചാകും ആഘോഷപരിപാടികള്‍ സംഘടിപ്പിക്കുക. കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനും മത്സരങ്ങള്‍ക്ക് രജിസ്റ്റര്‍ ചെയ്യുന്നതിനും http://www.kochimetro.org വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.