വടകര താലൂക്ക് ഓഫീസിലെ തീപിടുത്തം: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് കെ.കെ രമ എം.എല്‍.എ

കോഴിക്കോട്: വടകര താലൂക്ക് ഓഫീസിലെ തീപിടുത്തത്തില്‍ ദുരൂഹതയുണ്ടെന്ന് കെ.കെ രമ എം.എല്‍.എ. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് കെകെ രമ ആവശ്യപ്പെട്ടു. ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണം പോരെന്നും ഒരാഴ്ചക്കിടെ വടകരയിലെ രണ്ടു ഓഫീസുകളില്‍ തീപിടുത്തമുണ്ടായിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.

ഇന്നലെ പുലര്‍ച്ചെയോടെയുണ്ടായ താലൂക്ക് ഓഫീസിലെ തീപിടുത്തത്തില്‍ 80 ശതമാനം ഫയലുകള്‍ കത്തിനശിച്ചിരുന്നു. അതേസമയം വടകര താലൂക്ക് ഓഫീസില്‍ രണ്ട് ദിവസം മുമ്പ് നടന്ന തീപിടുത്തവുമായി ബന്ധപ്പെട്ട് ഒരാള്‍ പൊലിസ് കസ്റ്റഡിയിലായി. ആന്ധ്ര സ്വദേശിയെയാണ് കസ്റ്റഡിയിലെടുത്തത്. ഇയാളുടേതെന്ന് കരുതുന്ന സിസി ടിവി ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.

മുമ്പ് ശുചിമുറിയില്‍ നടന്ന തീപിടുത്തത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ഈ തീപിടുത്തത്തെ കുറിച്ച് നേരത്തെ അന്വേഷിച്ച് നടപടിയെടുത്തിരുന്നെങ്കില്‍ വലിയ തീപിടുത്തം ഉണ്ടാകുമായിരുന്നില്ലെന്ന വിമര്‍ശനം ഉയരുന്നുണ്ട്. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ വടകര ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ചതായി എസ്പി എ. ശ്രീനിവാസന്‍ അറിയിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News