27.8 C
Kottayam
Thursday, April 25, 2024

ക്രിസ്തുമസിന് നിലവാരമില്ലാത്ത കേക്ക് വിറ്റഴിച്ചാൽ പിടി വീഴും, ഉത്സവകാലത്ത് കർശന പരിശോധനയുമായി ആരോഗ്യ വകുപ്പ്

Must read

 

തിരുവനന്തപുരം: സംസ്ഥാനത്തെ ക്രിസ്തുമസ്, ന്യൂഇയര്‍ വിപണിയില്‍ ലഭ്യമായിട്ടുള്ള കേക്ക്, മറ്റ് ബേക്കറി ഉല്‍പ്പന്നങ്ങള്‍ എന്നിവ ഭക്ഷ്യഗുണനിലവാര മാനദണ്ഡങ്ങള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി ഓപ്പറേഷന്‍ രുചി (RUCHI- Restrictive Use of Chemical and Hazardous Ingredients) എന്ന പദ്ധതി സംസ്ഥാനത്തു നടപ്പിലാക്കുന്നുവെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. സുരിക്ഷിത ആഹാരം ആരോഗ്യത്തിനാധാരം എന്നത് ഉറപ്പാക്കാനായി ആര്‍ദ്രം ജനകീയ കാമ്പയിന്റെ ഭാഗമായാണ് സംസ്ഥാനത്ത് ഓപ്പറേഷന്‍ രുചി ആവിഷ്‌ക്കരിച്ചിരിക്കുന്നത്. 43 ഭക്ഷ്യസുരക്ഷാ സ്‌ക്വാഡുകള്‍ നാല് ഘട്ടങ്ങളിലായി സംസ്ഥാനത്തെ ബേക്കറികള്‍, പുതുവല്‍സര ബസാറുകള്‍, ഐസ്‌ക്രീം പാര്‍ലറുകള്‍, ജ്യൂസ് വിതരണ കേന്ദ്രങ്ങള്‍ എന്നിവ പരിശോധിക്കുന്നതാണ്. ഇത്തരം പരിശോധനകളിലൂടെ കുറ്റക്കാരെന്ന് കണ്ടെത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

ഉത്സവവേളകളില്‍ മധുരപലഹാരങ്ങളും ബേക്കറി ഉല്‍പ്പന്നങ്ങളും കൂടുതലായി വിറ്റഴിക്കപ്പെടാറുണ്ട്. ഇത്തരം മധുരപലഹാരങ്ങളില്‍ ചേര്‍ക്കുന്നതും അനുവദനീയമായതും അല്ലാത്തതുമായ രാസവസ്തുക്കള്‍, രുചിവര്‍ദ്ധക വസ്തുക്കള്‍, കൃത്രിമ കളറുകള്‍, പ്രിസര്‍വേറ്റീവുകള്‍ തുടങ്ങി എല്ലാവിധ രാസവസ്തുക്കളും ക്രമാതീതമായി ചേര്‍ക്കുന്നുണ്ടെന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മന്ത്രിയുടെ നിര്‍ദേശ പ്രകാരം ഓപ്പറേഷന്‍ രുചി ആവിഷ്‌ക്കരിച്ചത്. ഇത്തരം രാസപദാര്‍ത്ഥങ്ങള്‍ നിയമാനുസൃതമല്ലാതെ ഉപയോഗിക്കുന്നതും ഇവ ചേര്‍ത്ത് ബേക്കറി ഉല്‍പ്പന്നങ്ങള്‍ ഉല്‍പ്പെടെ ഉല്‍പ്പാദിപ്പിക്കുന്നതും വിതരണം ചെയ്യുന്നതും സംഭരിക്കുന്നതും വില്‍പ്പന നടത്തുന്നതും കര്‍ശനമായി നിരീക്ഷിക്കുന്നതാണ്. മാത്രമല്ല കുറ്റക്കാര്‍ക്കെതിരെ പ്രോസിക്യൂഷന്‍ അടക്കമുള്ള നിയമനടപടികള്‍ സ്വീകരിക്കുന്നതുമാണ്.

ക്രിസ്മസ്, പുതുവല്‍സര വിപണിയില്‍ ലഭ്യമാകുന്ന കേക്കുകള്‍ മറ്റ് ബേക്കറി ഉല്‍പന്നങ്ങള്‍ ഉള്‍പ്പെടെയുള്ള മധുരപലഹാരങ്ങളെ സംബന്ധിച്ച് പൊതുജനങ്ങള്‍ക്കുണ്ടാകുന്ന പരാതികള്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ടോള്‍ഫ്രീ നമ്പരായ 18004251125 എന്ന നമ്പരിലോ [email protected] എന്ന ഇ-മെയില്‍ വിലാസത്തിലോ അറിയിക്കാവുന്നതാണ്. കൂടാതെ അതാത് ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണറുടെ ഫോണ്‍ നമ്പരുകളായ തിരുവനന്തപുരം 8943346181, കൊല്ലം 8943346182, പത്തനംതിട്ട 8943346183, ആലപ്പുഴ 8943346184, കോട്ടയം 8943346185, ഇടുക്കി 8943346186, എറണാകുളം 8943346187, തൃശൂര്‍ 8943346188, പാലക്കാട് 8943346189, മലപ്പുറം 8943346190, കോഴിക്കോട് 8943346191, വയനാട് 8943346192, കണ്ണൂര്‍ 8943346193, കാസര്‍ഗോഡ് 8943346194 എന്നിവയിലും പരാതികള്‍ അറിയിക്കാവുന്നതാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week