26 C
Kottayam
Thursday, May 16, 2024

ചൈനീസ് ചാരക്കപ്പല്‍ ശ്രീലങ്കയിലേക്ക്; ഇന്ത്യയുടെ എതിര്‍പ്പ് ഫലം കണ്ടില്ല, തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ ചോരുമോയെന്ന ആശങ്കയില്‍ ഇന്ത്യ

Must read

കൊളംബോ: ചൈനീസ് ചാരക്കപ്പലിന് പ്രവേശനാനുമതി നൽകി ശ്രീലങ്ക. അത്യാധുനിക നിരീക്ഷണ സംവിധാനങ്ങളോടു കൂടിയ ചൈനീസ് ചാരക്കപ്പൽ യുവാൻ വാങ് 5നാണ് ശ്രീലങ്കൻ തുറമുഖത്ത് പ്രവേശിക്കാൻ അനുമതി. ഇന്ത്യയുടെയും യുഎസിന്റെയും എതിർപ്പു മറികടന്നാണ് നടപടി. ഓഗസ്റ്റ് 16 മുതൽ 22 വരെ ഹംബൻതോട്ട തുറമുഖത്ത് നങ്കൂരമിടാനാണ് വിദേശകാര്യ മന്ത്രാലയം അനുമതി നൽകിയിരിക്കുന്നതെന്ന് ശ്രീലങ്കൻ തുറമുഖമന്ത്രി നിർമൽ പി.സിൽവ പറഞ്ഞു.

ഹംബൻതോട്ട തുറമുഖത്ത് ഓഗസ്റ്റ് 11നു കപ്പൽ എത്തുമെന്നാണ് നേരത്തേ അറിയിച്ചിരുന്നത്. എന്നാൽ ഇന്ത്യയുടെ സമ്മർദത്തെ തുടർന്നു കപ്പലിനു പ്രവേശനാനുമതി നൽകുന്നത് നീളുകയായിരുന്നു. കിഴക്കൻ ഹംബൻതോട്ടയ്ക്ക് 600 നോട്ടിക്കൽ മൈൽ അകലെയെത്തിയ കപ്പൽ തുറമുഖത്തേക്കുള്ള പ്രവേശനാനുമതിക്കായി കാത്തിരിക്കുകയാണെന്ന് അധികൃതർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

ജൂലൈ 12നാണ് ശ്രീലങ്കൻ വിദേശകാര്യ മന്ത്രാലയം ചൈനീസ് കപ്പലിന് ഹംബൻതോട്ടയിൽ പ്രവേശിക്കാൻ അനുമതി നൽകിയത്. എന്നാൽ ഇന്ത്യയുടെ സമ്മർദത്തെ തുടർന്ന് കപ്പലിന്റെ യാത്ര നീട്ടിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീലങ്കൻ സർക്കാർ കൊളംബോയിലെ ചൈനീസ് എംബസിക്കു കത്തു നൽകി. ഈ ആവശ്യം നിരാകരിച്ച ചൈന കപ്പലിന്റെ യാത്ര തുടർന്നു.

ഹംബൻതോട്ട തുറമുഖത്തിന്റെ ചുമതല ചൈനീസ് കമ്പനിക്കാണെന്നും കപ്പലിന്റെ ഗതി നിർണയിക്കുന്നതും ഓപ്പറേഷനൽ പ്രശ്നങ്ങൾ പരിഹരിക്കുന്നതും അവരാണെന്നും ശ്രീലങ്ക പോർട്സ് അതോറിറ്റി (എസ്എൽപിഎ) അറിയിച്ചിരുന്നു. ഇന്ധനം നിറയ്ക്കാനെന്ന പേരിലാണ് കപ്പൽ ഹംബൻതോട്ടയിൽ എത്തുന്നത്. കരയിലെയും ഉപഗ്രഹങ്ങളിലെയും സിഗ്നലുകൾ പിടിച്ചെടുത്തു വിശകലനം ചെയ്യാൻ കഴിവുള്ള അത്യാധുനിക ചാരക്കപ്പലാണു യുവാൻ വാങ് –5.

ഇന്ത്യൻ മഹാസമുദ്രത്തിന്റെ വടക്കു പടിഞ്ഞാറൻ മേഖലയിൽ ഉപഗ്രഹ സിഗ്നലുകളുടെ നിരീക്ഷണത്തിനാണു കപ്പലിന്റെ വരവെന്നാണ് ഇന്ത്യയുടെ വിലയിരുത്തൽ. 750 കിലോമീറ്റർ ആകാശ പരിധിയിലെ സകല സിഗ്നലുകളും പിടിച്ചെടുക്കാൻ ചൈനീസ് ചാരനു കഴിയുമെന്നതിനാൽ കൂടംകുളം, കൽപാക്കം, ശ്രീഹരിക്കോട്ട തുടങ്ങി തെക്കേ ഇന്ത്യയിലെ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ നിന്നുള്ള വിവരങ്ങൾ ചോരുമോയെന്ന ആശങ്കയിലാണ് സുരക്ഷാ ഏജൻസികൾ. കേരളത്തിന്റെ മിക്ക പ്രദേശങ്ങളും കപ്പലിന്റെ കണ്ണിൽപ്പെടുമെന്നും പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week