28.4 C
Kottayam
Tuesday, April 30, 2024

‘വ്യാജവീഡിയോ നിര്‍മാണം മാധ്യമപ്രവര്‍ത്തനത്തിന്‍റെ ഭാഗമല്ല’ നടന്നത് ഗൗരവമുള്ള കുറ്റകൃത്യം ഏഷ്യാനെറ്റിനെതിരെ മുഖ്യമന്ത്രി

Must read

തിരുവനന്തപുരം: വ്യാജവീഡിയോ നിര്‍മാണം മാധ്യമപ്രവര്‍ത്തനത്തിന്റെ ഭാഗമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.ഏഷ്യാനെറ്റ് ന്യൂസ് ഓഫീസ് ആക്രമണത്തെക്കുറിച്ച്‌ പ്രതിപക്ഷം നിയമസഭയില്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തെറ്റായി ചിത്രീകരിച്ചിട്ട് മാധ്യമപ്രവര്‍ത്തനത്തിന്റെ പരിരക്ഷ വേണമെന്ന് പറയുന്നത് ശരിയല്ല. ഏതെങ്കിലും തരത്തില്‍ മാധ്യമ സ്വാതന്ത്ര്യത്തിന് വിലക്കിടുന്ന ഒരു നടപടിയും സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല. ബി.ബി.സി റെയ്ഡുമായി ഇതിന് താരതമ്യം ഇല്ല. ബി.ബി.സി ചെയ്തത് വര്‍ഗീയ കലാപത്തിലെ ഭരണാധികാരിയുടെ പങ്ക് തുറന്ന് കാണിക്കുകയാണ്. വ്യാജ വീഡിയോ സര്‍ക്കാരിന് എതിരായ വാര്‍ത്തയല്ല.’ പരാതി വന്നാല്‍ മാധ്യമമാണെന്ന് പറഞ്ഞ് പൊലീസ് പരാതി കീറി കളയുന്നത് എങ്ങനെയാണെന്നും മുഖ്യമന്ത്രി ചോദിച്ചു.

‘മാധ്യമപ്രവര്‍ത്തകരില്‍ മഹാഭൂരിഭാഗം ഇത്തരം ദുഷിപ്പുകള്‍ മാധ്യമപ്രവര്‍ത്തന രംഗത്ത് ഉണ്ടാകരുതെന്ന് ആഗ്രഹിക്കുന്നവരാണ്. അത് അഭിമാനകരമാണ്. കുറ്റകൃത്യം ചെയ്താല്‍ മാധ്യമ പ്രവര്‍ത്തകരായാല്‍ നടപടി വേണ്ടെന്നല്ല നിയമം പറയുന്നത്. മാധ്യമ പ്രവര്‍ത്തകരും ജനങ്ങളും എന്ന വേര്‍തിരിവില്ല.

ഈശ്വരന്‍ തെറ്റ് ചെയ്താലും താന്‍ റിപ്പോര്‍ട്ട് ചെയ്യുമെന്ന് പറഞ്ഞത് സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയാണ്. പെണ്‍കുട്ടികളെ ഉപയോഗിച്ച്‌ വ്യാജ വാര്‍ത്ത സൃഷ്ടിക്കുമെന്ന് സ്വപ്നത്തില്‍ പോലും സ്വദേശാഭിമാനി പോലും കരുതിയിട്ടുണ്ടാവില്ല.’ വ്യാജ വാര്‍ത്ത നിര്‍മിക്കുന്നവര്‍ക്ക് ആ പേര് ഉച്ചരിക്കാന്‍ പോലും അര്‍ഹതയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

മാധ്യമ സ്വാതന്ത്ര്യം എന്നത് അസത്യം അറിയിക്കാനുള്ള സ്വാതന്ത്ര്യം അല്ല. എതിരഭിപ്രായം രേഖപ്പെടുത്തുന്ന മാധ്യമങ്ങള്‍ക്കെതിരെ ആക്രമം നടത്തുന്ന ഞങ്ങളുടെ രീതിയല്ല. പരാതി നല്‍കിയ ചാനലിന്റെ വീഡിയോ കണ്ടാല്‍ അക്രമം നടന്നിട്ടില്ലെന്ന് വ്യക്തമാവാം. എന്നും മാധ്യമ സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടിയിട്ടുള്ളവരാണ് ഞങ്ങള്‍’. ഇനിയും പോരാടുകയും ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കുറ്റകൃത്യത്തെ മാധ്യമ സ്വാതന്ത്രത്തിന്റെ പേര് പറഞ്ഞു പ്രതിപക്ഷം ന്യായീകരിക്കുകയാണ്. കുറ്റകൃത്യം നടന്നാല്‍ നിയമം അതിന്‍റെ വഴിക്ക് പോകും. മാധ്യമ സ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ പ്രതിപക്ഷം എവിടെയോ ഇരട്ടത്താപ്പ് കാണിക്കുന്നു. മയക്കുമരുന്നിന് എതിരെ നാടാകെ പ്രചാരണം നടത്തുന്നു. എല്ലാ മാധ്യമങ്ങളും മയക്കുമരുന്നിനെതിരെ പ്രചാരണം നടത്തിയിട്ടുണ്ട്. അവരാരും വ്യാജ വീഡിയോ നിര്‍മിച്ചിട്ടില്ല. ഒരാള്‍ക്കും പ്രത്യേക അനുകൂല്യമോ പരിരക്ഷയും നല്‍കില്ല.’ വ്യാജ നിര്‍മ്മിതികളെ തടയാന്‍ നിയമങ്ങളുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week