ഐ.ഐ.ടി വിദ്യാര്‍ത്ഥിനി ഫാത്തിമയുടെ മരണം; രണ്ടു അധ്യാപകരുടെ കുരുക്ക് മുറുകുന്നു, തൂങ്ങിമരണമെന്ന് പോലീസ് എഫ്.ഐ.ആര്‍

കൊല്ലം: മദ്രാസ് ഐ.ഐ.ടി വിദ്യാര്‍ത്ഥിനി ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ രണ്ട് അധ്യാപകരുടെ കുരുക്ക് മുറുകുന്നു. ഫാത്തിമയുടെ മൊബൈല്‍ ഫോണില്‍ നിന്ന് രണ്ടു അധ്യാപകരുടെ കൂടി പേരുകള്‍ കണ്ടെത്തി. ഫോണില്‍ പ്രത്യേകം എഴുതി സൂക്ഷിച്ച കുറിപ്പിലാണ് ഇവരുടെ പേരുകള്‍ പരാമര്‍ശിച്ചിരിക്കുന്നത്. ചില വിദ്യാര്‍ഥികള്‍ക്കെതിരെയും കുറിപ്പില്‍ പരാമര്‍ശങ്ങളുണ്ടെന്നാണു സൂചന.

ഫാത്തിമയുടെ മൊബൈല്‍ ഫോണില്‍ വോള്‍ പേപ്പര്‍ ആയി, മരണത്തിനു കാരണക്കാരന്‍ സുദര്‍ശന്‍ പത്മനാഭന്‍ എന്നാണ് എഴുതിയിരുന്നത്. കുറിപ്പ് പരിശോധിക്കാനും വോള്‍ പേപ്പറില്‍ ഫാത്തിമ എഴുതിയിരുന്നു. മാതാപിതാക്കളെയും സഹോദരിമാരെയും അങ്ങേയറ്റം സ്നേഹിക്കുന്നു എന്നു തുടങ്ങുന്ന കുറിപ്പില്‍ ഇപ്പോഴത്തെ സ്ഥലത്തെ വെറുപ്പോടെ കാണുകയാണെന്നു ഫാത്തിമ എഴുതിയിട്ടുണ്ട്. ഇതോടൊപ്പമാണ് മരണത്തിനു കാരണക്കാരായി. രണ്ടു അധ്യാപകരുടെ പേരും കുറിച്ചിരിക്കുന്നത്.

മൊബൈല്‍ ഫോണിലെ പാസ് വേഡ് ഒഴിവാക്കിയ ഫാത്തിമ ആര്‍ക്കും ഫോണ്‍ തുറക്കാന്‍ കഴിയുന്ന വിധമാക്കിയിരുന്നു. ബാറ്ററി ചാര്‍ജ് തീര്‍ന്നു ഓഫ് ആയ മൊബൈല്‍ ഫോണ്‍, മരണവിവരം അറിഞ്ഞു ചെന്നൈയില്‍ എത്തിയ ബന്ധുക്കളാണു ചാര്‍ജ് ചെയ്തു വീണ്ടും ഓണ്‍ ചെയ്തത്. വോള്‍ പേപ്പറില്‍ തെളിഞ്ഞ കുറിപ്പ് ബന്ധുക്കള്‍ മറ്റൊരു മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തിരുന്നു.

അതേസമയം ഫാത്തിമയുടേത് തൂങ്ങിമരണമെന്ന് പോലീസ് എഫ്.ഐ.ആര്‍. ഇത് സംബന്ധിച്ച വിശദീകരണം എഫ്ഐആറില്‍ വ്യക്തമാക്കുന്നു. ഫാത്തിമ വിഷമിച്ചിരുന്നത് കണ്ടുവെന്ന സഹപാഠികളുടെ മൊഴിയും എഫ്ഐആറിലുണ്ട്. നൈലോണ്‍ കയറിലാണ് ഫാത്തിമ തൂങ്ങിയതെന്നും എഫ്ഐആറില്‍ പറയുന്നു. ഫാത്തിമയുടെ മരണം പൊലീസില്‍ അറിയിച്ചത് ഹോസ്റ്റല്‍ വാര്‍ഡനാണ്. വിദ്യാര്‍ത്ഥിനി തൂങ്ങി നില്‍ക്കുന്നത് കണ്ട സഹപാഠിയുടെ പേരും എഫ്ഐആറിലുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News