32.8 C
Kottayam
Friday, March 29, 2024

നിരോധിക്കപ്പെട്ട ആപ്പുകളോട് 79 ചോദ്യങ്ങളുമായി കേന്ദ്രം; മറുപടി നല്‍കിയില്ലെങ്കില്‍ നിരോധനം സ്ഥിരമാക്കും

Must read

ന്യൂഡല്‍ഹി: ടിക് ടോക്ക് ഉള്‍പ്പെടെ നിരോധിക്കപ്പെട്ട ആപ്പുകളോട് 79 ചോദ്യങ്ങളുമായി കേന്ദ്രം. മൂന്നാഴ്ചക്കുള്ളില്‍ മറുപടി നല്‍കിയില്ലെങ്കില്‍ നിരോധനം സ്ഥിരമാക്കാനാണ് കേന്ദ്രത്തിന്റെ നീക്കം. ഇലക്ട്രോണിക്‌സ്, വിവരസാങ്കേതിക മന്ത്രാലയമാണ് ആപ്പുകളോട് വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്.

ജൂലായ് 22നു മുന്നോടിയായി പ്രതികരിക്കണമെന്നാണ് ആപ്പുകളോട് ആവശ്യപ്പെട്ടിരിക്കുന്നത്. ആപ്പുകളെപ്പറ്റി ഇന്റലിജന്‍സ് ഏജന്‍സികളില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മന്ത്രാലയം ആപ്പുകളെ സമീപിച്ചത്. ആപ്പുകളുടെ മറുപടി ലഭിച്ചു കഴിഞ്ഞ്, ഇന്റലിജന്‍സ് ഏജന്‍സികള്‍ നല്‍കിയ വിവരങ്ങളുമായി താരതമ്യം ചെയ്ത് തീരുമാനം എടുക്കാനാണ് കേന്ദ്രത്തിന്റെ തീരുമാനം.

കമ്പനിയുടെ കേന്ദ്രം, മാതൃ കമ്പനികളുടെ സ്വഭാവം, ഫണ്ടിംഗ്, ഡേറ്റ മാനേജ്‌മെന്റ്, സര്‍വറുകള്‍ തുടങ്ങി സമഗ്രമായ ചോദ്യാവലിയാണ് നല്‍കിയിരിക്കുന്നത്. അനുവാദമില്ലാതെ ഉപയോക്താക്കളുടെ ഡേറ്റ കൈകാര്യം ചെയ്യാറുണ്ടോ എന്നും സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ച് ഈ ഡേറ്റ ദുര്‍വിനിയോഗം ചെയ്യാറുണ്ടോ എന്നും ചോദിച്ചിട്ടുണ്ട്.

ഈ വിഷയം കൈകാര്യം ചെയ്യാനായി രൂപീകരിച്ച പ്രത്യേക സംഘത്തിന് കമ്പനികളുടെ മറുപടി കൈമാറും. ആപ്പ് അധികൃതരുമായി നേരിട്ടുള്ള ഹിയറിങിനും സാധ്യതയുണ്ട്. കഴിഞ്ഞ ജൂലായില്‍ ടിക്ക്ടോക്കും ഹെലോയും ഉള്‍പ്പെടെയുള്ള ചൈനീസ് ആപ്പുകളോട്, ഇന്ത്യാവിരുദ്ധ കാര്യങ്ങള്‍ക്കായി ആപ്പുകള്‍ ഉപയോഗിക്കുന്നതിനെപ്പറ്റി 24 ചോദ്യങ്ങള്‍ കേന്ദ്രം ചോദിച്ചിരുന്നു.

കഴിഞ്ഞ മാസം അവസാനമാണ് ഇന്ത്യ ടിക്ക്‌ടോക്ക്, യുസി ബ്രൗസര്‍, ക്യാം സ്‌കാനര്‍, ഹലോ എന്നിവയുള്‍പ്പെടെ 59 മൊബൈല്‍ ആപ്ലിക്കേഷനുകള്‍ നിരോധിച്ചത്. ഡേറ്റാ സുരക്ഷയും പൗരന്മാരുടെ സ്വകാര്യത സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും കണക്കിലെടുത്താണ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ടെക്നോളജി ആക്ടിന്റെ 69 എ വകുപ്പ് പ്രകാരം ആപ്പുകള്‍ നിരോധിച്ചത്. ടിക്ക്‌ടോക്ക് അടക്കമുള്ള ചൈനീസ് ആപ്ലിക്കേഷനുകളുടെ മൊബൈല്‍, കംപ്യൂട്ടര്‍ അടക്കമുള്ള വേര്‍ഷനുകള്‍ക്ക് നിരോധനമുണ്ടാകും. രാജ്യത്തിന്റെ സുരക്ഷയെയും വ്യക്തികളുടെ സുരക്ഷയെയും കണക്കിലെടുത്താണ് നടപടിയെന്നാണ് വിശദീകരണം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week