മണ്ണുമാന്തി യന്ത്രം കയറി മലമ്പാമ്പ് ചത്തു; ഡ്രൈവര്‍ അറസ്റ്റില്‍
തൃശൂര്‍: ദേശീയപാത സര്‍വീസ് റോഡ് നിര്‍മാണത്തിനിടയില്‍ മണ്ണുമാന്തി യന്ത്രം കയറി മലമ്പാമ്പ് ചത്തതിനെത്തുടര്‍ന്ന് ഡ്രൈവര്‍ അറസ്റ്റില്‍. വന്യജീവിസംരക്ഷണ നിയമപ്രകാരമാണ് ഇതരസംസ്ഥാന തൊഴിലാളിയായ ഡ്രൈവറെയും മണ്ണുമാന്തിയന്ത്രത്തെയും കസ്റ്റഡിയിലെടുത്തത്. ജാമ്യമില്ലാ കുറ്റം ചുമത്തിയാണ് അറസ്റ്റ്.
ഞായറാഴ്ച റോഡുപണിക്കിടെ കൂട്ടിയിട്ട കല്ലുകള്‍ നീക്കംചെയ്യുന്നതിനിടയിലാണ് മലമ്പാമ്പ് പുറത്തേക്കുവന്നത്. കല്ല് നീക്കുന്നതിനിടയില്‍ മലമ്പാമ്പിന് മുറിവേറ്റിരുന്നു. പരിക്കേറ്റ മലമ്പാമ്പ് പിന്നീട് ചത്തു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വനംവകുപ്പ് അധികൃതരാണ് ഡ്രൈവറെ കസ്റ്റഡിയിലെടുത്തത്. ഇതോടെ സര്‍വീസ് റോഡ് നിര്‍മാണം താത്കാലികമായി നിര്‍ത്തിവെയ്ക്കുകയാണ്.
1972ലെ വന്യജീവി സംരക്ഷണ നിയമപ്രകാരം മലമ്പാമ്പിനെ അപായപ്പെടുത്തുന്നത് ഗുരുതരമായ ശിക്ഷ കിട്ടുന്ന കുറ്റമാണ്. മൂന്നു മുതല്‍ ഏഴു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാം.