പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കണം’ സമാധാനത്തിന് ആഹ്വാനം ചെയ്ത് കെയ്റോ സമാധാന ഉച്ചകോടി
കെയ്റോ: പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കണമെന്ന് കെയ്റോ സമാധാന ഉച്ചകോടി. വെടിനിർത്തൽ വേണമെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് പറഞ്ഞു. രണ്ടാം നഖ്ബ തടയണമെന്ന് പലസ്തീൻ പ്രസിഡൻ്റ് മഹമൂദ് അബ്ബാസ് ആവശ്യപ്പെട്ടു. യുദ്ധം നിർത്തണമെന്ന് അറബ് രാജ്യങ്ങളും ആവശ്യമുന്നയിച്ചു. ഈജിപ്തിൽ ചേർന്ന ഉച്ചകോടി സമാധാനത്തിന് ആഹ്വാനം ചെയ്തു. അമേരിക്ക ഉച്ചകോടിയിൽ പങ്കെടുത്തില്ല.
അതേസമയം ഗാസ സിറ്റി വിട്ടുപോകാത്തവരെ ഭീകരരായി കണക്കാക്കുമെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ഇസ്രയേൽ. ഗാസ സിറ്റിയിലേയ്ക്ക് തിരിച്ചുവരുന്നതോ ഗാസയില്‍ തുടരുന്നതോ ആയ ആളുകളെ ഭീകരരോ ഹമാസുമായി സഹകരിക്കുന്നവരോ ആയി കണക്കാക്കുമെന്നാണ്.
ഗാസ സിറ്റിയില്‍ തുടരുന്നവര്‍ പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്നും മുന്നറിയിപ്പുണ്ട്. മുന്നറിയിപ്പ് റെക്കോര്‍ഡ് ചെയ്ത ഫോണ്‍കോളുകള്‍ രാവിലെ മുതല്‍ ഇസ്രയേല്‍ സൈന്യത്തിന്റേതായി ലഭിച്ചുവെന്നാണ് പ്രദേശവാസികളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
നേരത്തെ വടക്കൻ ഗാസയിൽ നിന്നും ജനങ്ങൾ തെക്കോട്ട് ഒഴിഞ്ഞ് പോകണമെന്ന് ഇസ്രയേൽ അന്ത്യശാസനം നൽകിയിരുന്നു. നേരത്തെ വടക്കന്‍ ഗാസയിലെ ബെയ്റ്റ് ഹനൂനില്‍ നിന്നും ഖാന്‍ യൂനിസിലേക്ക് സുരക്ഷിതപാത ഒരുക്കുമെന്ന് ഇസ്രയേല്‍ വാഗ്ദാനം ചെയ്തിരുന്നു.
തെക്കന്‍ ഗാസയിലേക്ക് പോകുന്നവര്‍ ബെയ്റ്റ് ഹനൂനില്‍ നിന്ന് ഖാന്‍ യൂനിസിലേക്കുള്ള ഒരൊറ്റവഴി തന്നെ ഉപയോഗിക്കണമെന്നും ഇസ്രയേൽ ആവശ്യപ്പെട്ടിരുന്നു. സുരക്ഷിതപാത ഉപയോഗിക്കാനായി നിശ്ചിതസമയം ഈ പാതയിൽ ആക്രമണം നടത്തില്ലെന്നും ഇസ്രയേൽ അറിയിച്ചിരുന്നു.