KeralaNews

ജനപ്രിയ ട്രെയിനുകളിൽ സ്ലീപ്പർ കോച്ചുകളുടെ എണ്ണം കുറയ്ക്കുന്നു,സാധാരണക്കാർ വലയും, റെയിൽവേക്ക് ലാഭം

കൊച്ചി: സാധാരണക്കാരെ കഷ്ടത്തിലാക്കുന്ന തീരുമാനവുമായി റെയിൽവേ. കേരളത്തിലോടുന്ന ജനപ്രിയ ട്രെയിനുകളിൽ ഈ മാസം മുതൽ സ്ലീപ്പർ കോച്ചുകളുടെ എണ്ണം കുറയ്ക്കാനാണ് തീരുമാനം. ഒഴിവാക്കുന്ന സ്ലീപ്പർ കോച്ചുകൾക്ക് പകരം തേർഡ് എ സി വരും. ഒരു സ്ലീപ്പർ കോച്ചിനു പകരം തേർഡ് എസി വരുമ്പോൾ ഇരട്ടിത്തുകയാണ് റെയിൽവേക്ക് ലഭിക്കുന്നത്.

മാവേലി എക്സ്പ്രസിൽ തിങ്കളാഴ്ച മുതൽ ഒമ്പത് സ്ലീപ്പർ കോച്ച് മാത്രമായിരിക്കും ഉണ്ടാകുക. എസി കോച്ചുകളുടെ എണ്ണം ആറാകും. തിരുവനന്തപുരം-മംഗളൂരു മലബാറിന്(16629) ഒരു സ്ലീപ്പർ കുറയും. ഒപ്പം ഒരു ഡി-റിസർവ്ഡ് കോച്ചും നഷ്ടപ്പെടും. മാവേലി, മലബാർ ഉൾപ്പെടെ പരമ്പരാഗത റേക്ക് മാറി എൽഎച്ച്ബിയിലേക്ക് ഉടൻ മാറും. അപ്പോൾ എസി കോച്ചുകളുടെ എണ്ണം വീണ്ടും വർധിക്കും.

എൽഎച്ച്‌ബിയിൽ 72 ബർത്തുകളാണുള്ളത്. സ്ലീപ്പറിനൊപ്പം ജനറൽ കോച്ചുകളുടെ എണ്ണവും റെയിൽവേ കുറച്ചുതുടങ്ങി. മംഗളൂരു-തിരുവനന്തപുരം-മംഗളൂരു എക്സ്‌പ്രസിൽ (16347/16348) ജുലായ് മാസത്തിൽ ഒരു തേർഡ് എസി കൂട്ടിയത് ഒരു ജനറൽ കോച്ച് കുറച്ചിട്ടാണ്.

മംഗളൂരു-മുംബൈ മത്സ്യഗന്ധ എക്സപ്രസ് ഉൾപ്പടെ ദക്ഷിണ റെയിൽവേയിലെ എട്ട്‌ വണ്ടികളിലാണ് ജനറൽ/സ്ലീപ്പർ കോച്ചുകൾ കുറച്ച് എസിയാക്കിയത്. കണ്ണൂർ-യശ്വന്ത്പുർ-കണ്ണൂർ എക്സ്പ്രസിൽ (16527/16528) രണ്ട് സ്ലീപ്പർ കോച്ചുകൾ മാറ്റി തേർഡ് എസി ആക്കിയിരുന്നു. നേത്രാവതി എക്സ്പ്രസ് (16345), തിരുവനന്തപുരം-നിസാമുദ്ദീൻ (22633) എന്നിവയിൽ സ്ലീപ്പറുകളുടെ എണ്ണം എട്ട് ആയി ചുരുങ്ങി.

മംഗളൂരു-തിരുവനന്തപുരം മാവേലി (16603/16604)-സെപ്റ്റംബർ 11, 12

മംഗളൂരു-ചെന്നൈ മെയിൽ (12602, 12601)-സെപ്റ്റംബർ 13, 19

മംഗളൂരു-ചെന്നൈ വെസ്റ്റ്‌കോസ്റ്റ് (22637/22638)-സെപ്റ്റംബർ-14, 15

മംഗളൂരു-തിരു. മലബാർ (16630/16629) സെപ്റ്റംബർ 17, 19 എന്നിവയാണ് ഈ മാസം സ്ലീപ്പർ കോച്ചുകളുടെ എണ്ണം കുറയ്ക്കുന്ന ട്രെയിനുകൾ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker