CrimeKeralaNews

കംബോഡിയയിലെ ചൂതാട്ട കേന്ദ്രത്തിലെത്തിയ മലയാളി കൊല്ലപ്പെട്ടതായി വെളിപ്പെടുത്തല്‍

മലപ്പുറം: മനുഷ്യക്കടത്തിലൂടെ കംബോഡിയയിലെ ചൂതാട്ട കേന്ദ്രത്തിലെത്തിയ മലയാളി കൊല്ലപ്പെട്ടതായി വെളിപ്പെടുത്തല്‍. ചൂതാട്ട കേന്ദ്രത്തിലെ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയതിന് വയനാട് സ്വദേശിയെ രണ്ട് മാസം മുമ്പ് കൊലപ്പെടുത്തിയെന്ന് കോട്ടയം സ്വദേശി പറഞ്ഞു. ചേര്‍ത്തല പൂച്ചാക്കല്‍ സ്വദേശിയായ ജോസഫാണ് കംബോഡിയയില്‍ എത്തിച്ചതെന്നും കോട്ടയം സ്വദേശി പറയുന്നു.

‘ചേര്‍ത്തലയിലുള്ള ഒരു ഏജന്റിനാണ് പൈസ ആദ്യം കൈമാറിയത്. ജോസഫ് എന്നാണ് അവന്റെ പേര്. ഇവിടുന്ന് ടിക്കറ്റെടുത്ത് ബംഗളൂരുവിലേക്ക് ചെല്ലാനാണ് ആദ്യം പറഞ്ഞത്. അത് മാത്രമേ ഞങ്ങളോട് നിര്‍ദേശിച്ചിട്ടുള്ളൂ. അവിടെയെത്തിയ ശേഷം ഒരു ടാക്‌സി വരുമെന്നും ഡ്രൈവര്‍ക്ക് പാസ്‌പോര്‍ട്ട് കൈമാറിയ ശേഷം അതേ ടാക്‌സിയില്‍ അതിര്‍ത്തി കടന്ന് വരാനും പറഞ്ഞു.

വരുന്ന വഴി ചെക്കിംഗ് ഉണ്ടാവും എന്ന് അദ്ദേഹത്തിന്റെ മകന്‍ വിളിച്ച് പറഞ്ഞു. ജീന്‍ ജോസഫ് എന്നാണ് അദ്ദേഹത്തിന്റെ പേര്. ആദ്യം ഒരു കമ്പനിയിലേക്ക് കൊണ്ടുപോയി. അവിടെ പോയപ്പോള്‍ കണ്ടത് രണ്ട് മൂന്ന് നിലകളിലായി മലയാളികള്‍ തന്നെ ഒരു നൂറിലധികം ആളുകള്‍ ജോലി ചെയ്തുകൊണ്ടിരിക്കുകയാണ്.

ഓണ്‍ലൈന്‍ തട്ടിപ്പാണ് അവിടെ നടന്നതെന്നാണ് അറിഞ്ഞത്. ഞങ്ങള്‍ ഇവിടെ പെട്ടുകിടക്കുകയാണെന്നും പറ്റുമെങ്കില്‍ രക്ഷപ്പെടാനുമാണ് അവിടുത്തെ മലയാളികള്‍ തന്നെ ഞങ്ങളോട് പറഞ്ഞത്. കാരണം ഞങ്ങള്‍ ചെല്ലുന്നതിനും രണ്ടോ മൂന്നോ ദിവസം മുമ്പ് അവിടെ ജോലിക്ക് വന്ന വ്യക്തിയെ തല്ലിക്കൊന്നുവെന്നാണ് അറിഞ്ഞത്. അവിടെ നടക്കുന്ന കാര്യങ്ങള്‍ മാധ്യമങ്ങളെ അറിയിച്ചതിന്റെ പേരിലാണ് എല്ലാവരുടേയും മുന്നില്‍വെച്ച് അദ്ദേഹത്തെ തല്ലിക്കൊന്നത്. വയനാട് സ്വദേശിയാണ് ഇത്തരത്തില്‍ കൊല്ലപ്പട്ടത്.’ കോട്ടയം സ്വദേശി പറഞ്ഞു.

ദിവസങ്ങളോളം ഭക്ഷണം പോലും നല്‍കാതെ പൂട്ടിയിട്ടുവെന്നും ക്രൂരമര്‍ദ്ദനത്തിന് ഇരയായെന്നും രാമനാട്ടുകര സ്വദേശി പറഞ്ഞു. സ്ത്രീകള്‍ അടക്കം പലരും കുടുങ്ങി കിടക്കുകയാണെന്നും കംബോഡിയയിലെ ഇന്ത്യന്‍ എംബസിയില്‍ ഒരു ദിവസം അമ്പതിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്നുമാണ് കിട്ടിയ വിവരം. ഏജന്റുമാരില്‍ ഏറെയും മലയാളികള്‍ ആണെന്നും രക്ഷപ്പെട്ടവര്‍ പറയുന്നു.

‘എന്റെ സുഹൃത്ത് പറഞ്ഞത് മുഖാന്തരമാണ് ഞാന്‍ ഇവിടേക്ക് പുറപ്പെടുന്നത്. ഒരു ലക്ഷത്തിനടുത്ത് സാലറി കിട്ടുമെന്ന് പറഞ്ഞിട്ടുണ്ട്. കമ്പനിയില്‍ കയറിയ ശേഷമാണ് തട്ടിപ്പാണെന്ന് മനസ്സിലായത്. ആളുകളെ പറ്റിക്കുകയാണ് നമ്മള്‍ ചെയ്യുന്നത്. ഞാനൊരു പതിനെട്ട് ദിവസത്തോളം ജോലി ചെയ്തിട്ടുണ്ട്. എനിക്കിത് ചെയ്യാന്‍ പറ്റില്ലെന്ന് അറിയിച്ച് ജോലി നിര്‍ത്തിയപ്പോള്‍ എന്നെ റൂമിലിട്ട് ലോക്ക് ചെയ്ത്‌. അവരുടെ ഗുണ്ടകള്‍ വന്ന് മര്‍ദ്ദിച്ചു. വെള്ളം മാത്രം കുടിച്ചാണ് രണ്ട് ദിവസം റൂമില്‍ കഴിഞ്ഞത്.

ഞാന്‍ ഇതിനുള്ളില്‍ ജീവനൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയപ്പോഴാണ് തുറന്നുവിടുന്നത്. മലയാളികളായ സ്ത്രീകളും കുടുങ്ങി കിടക്കുന്നുണ്ട്. മലയാളികള്‍ തന്നെയാണ് ഏജന്റായും പ്രവര്‍ത്തിക്കുന്നത്. ഇന്ത്യന്‍ എംബസിയില്‍ പോയപ്പോള്‍ 50 ഓളം കേസുകള്‍ ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നാണ് പറഞ്ഞത്. ഇതൊന്നും മിസ്സിംഗ് അല്ലെന്നും കമ്പനിയില്‍ കൊടുത്തതാണെന്നുമാണ് അവര്‍ പറഞ്ഞത്’ -രക്ഷപ്പെട്ടവര്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker