പെണ്‍കുട്ടികളുടെ വിവാഹ പ്രായം ഉയര്‍ത്തുന്നതിനെ എതിര്‍ത്ത് ബൃന്ദ കാരാട്ട്
ന്യൂഡല്‍ഹി: സ്ത്രീകളുടെ വിവാഹ പ്രായം 21 ആക്കുന്നതിനെ എതിര്‍ത്ത് സിപിഐഎം പിബി അംഗം ബൃന്ദ കാരാട്ട്. പ്രായപൂര്‍ത്തിയായ സ്ത്രീയുടെ വിവാഹം കുറ്റകരമാക്കുന്ന നടപടിയാണ് ഇത്. പ്രായപൂര്‍ത്തിയായവര്‍ക്ക് വിവാഹം സംബന്ധിച്ച തീരുമാനമെടുക്കാന്‍ അവകാശമുണ്ട്. വിവാഹ പ്രായം 21 ആക്കി ഉയര്‍ത്താനുള്ള നീക്കം വിപരീത ഫലം ചെയ്യും. ലിംഗ നീതി ഉറപ്പാക്കാനാണെങ്കില്‍ പുരുഷന്റെ വിവാഹ പ്രായം കുറച്ചാല്‍ മതിയെന്നും ബൃന്ദ കാരാട്ട് പറഞ്ഞു.
അതേസമയം, വിവാഹ പ്രായം ഉയര്‍ത്തുന്നതിന് അനുമതി നല്‍കിയ കേന്ദ്ര മന്ത്രിസഭയുടെ നടപടി പാര്‍ലമെന്റ് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് എംപിമാര്‍ ഇരു സഭകളിലും അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്‍കി. മുസ്ലിം ലീഗ് ലോക്സഭ പാര്‍ലിമെന്ററി പാര്‍ട്ടി ലീഡര്‍ ഇ.ടി. മുഹമ്മദ് ബഷീര്‍ എം. പി , എംപിമാരായ ഡോ.എം.പി അബ്ദുസ്സമദ് സമദാനി, നവാസ് ഗനി എന്നിവര്‍ ലോക്സഭയിലും പി. വി. അബ്ദുല്‍ വഹാബ്. എംപി രാജ്യസഭയിലും അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്‍കി.
വിവാഹ പ്രായം ഉയര്‍ത്തുന്നതും അത് സമൂഹത്തില്‍ ഉണ്ടാക്കാന്‍ പോകുന്ന ദൂരവ്യാപകമായ പ്രത്യാഘാതങ്ങളെ സംബന്ധിച്ചും പാര്‍ലമെന്റ് ചര്‍ച്ച ചെയ്യണം. മുസ്ലിം വ്യക്തി നിയമത്തിനെതിരെയുള്ള കടന്നു കയറ്റമാണ് ഇതെന്നും ഇത്തരം നീക്കങ്ങളില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്മാറണമെന്നും എംപി മാര്‍ അടിയന്തര പ്രമേയത്തില്‍ ആവശ്യപ്പെട്ടു.
പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 ലേക്ക് ഉയര്‍ത്താനുളള തീരുമാനത്തിനെതിരെ ഇടതുപക്ഷ സംഘടനയായ അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷനും രംഗത്തെത്തി. വിവാഹപ്രായം ഉയര്‍ത്തുന്നത് കൊണ്ട് പ്രശ്‌നം പരിഹരിക്കാന്‍ ആവില്ലെന്നും മഹിളാ അസോസിയേഷന്‍ അധ്യക്ഷ മറിയം ദാവ്ളെ വ്യക്തമാക്കി. വിവാഹപ്രായം യുവതികള്‍ സ്വയം നിശ്ചയിക്കട്ടെയെന്ന് മറിയം ദാവ്ളെ പറഞ്ഞു.
പെണ്‍കുട്ടികളുടെ വിവാഹപ്രായം 18 വയസ്സില്‍ നിന്ന് 21 ആക്കി ഉയര്‍ത്താനുള്ള കേന്ദ്ര കാബിനറ്റ് തീരുമാനത്തോട് അസോസിയേഷന്‍ ശക്തമായി വിയോജിക്കുന്നു. ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങളായ പോഷകാഹാരം വിദ്യാഭ്യാസം, തൊഴില്‍ തുടങ്ങിയവ നിറവേറ്റുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ ‘സ്ത്രീ ശാക്തീകരണ’ത്തിന് വേണ്ടിയുള്ള ഈ നീക്കം ഒരര്‍ത്ഥത്തിലും ഫലപ്രദമല്ല എന്നും മറിയം ദാവ്ളെ പറഞ്ഞു.