31.1 C
Kottayam
Tuesday, April 23, 2024

അവസാന ഓവറിലെ അഞ്ചു പന്തില്‍ അഞ്ചു വിക്കറ്റ്; ബ്രസീലിന് അവിശ്വസനീയ വിജയം!

Must read

നൗകൽപൻ (മെക്സിക്കോ): വനിതാ ട്വന്റി-20 ലോകകപ്പിനുള്ള യോഗ്യതാ റൗണ്ടിൽ ആരാധകരെ അമ്പരപ്പിക്കുന്ന മത്സരങ്ങളാണ് നടക്കുന്നത്. അമേരിക്കൻ യോഗ്യതാ റൗണ്ടിൽ അർജന്റീനയെ ബ്രസീൽ 12 റൺസിന് പുറത്താക്കിയത് വാർത്തയായിരുന്നു. ഇതിന് പിന്നാലെ ബ്രസീലും കാനഡയും തമ്മിലുള്ള മത്സരത്തിന്റെ കൗതുകകരമായ റിപ്പോർട്ടാണ് പുറത്തുവരുന്നത്.

17 ഓവറായി ചുരുക്കിയ മത്സരത്തിൽ ആദ്യം ബാറ്റുചെയ്ത ബ്രസീൽ വനിതകൾ നേടിയത് 48 റൺസാണ്. മറുപടി ബാറ്റിങ്ങിനിറങ്ങിയ കാനഡയ്ക്ക് അവസാന ഓവറിൽ വിജയിക്കാൻ വേണ്ടത് മൂന്ന് റൺസ് മാത്രമായിരുന്നു. അഞ്ചു വിക്കറ്റും കൈയിലുണ്ടായിരുന്നു.

കാനഡയുടെ വിജയം ഉറപ്പിച്ച നിമിഷമായിരുന്നു അത്. എന്നാൽ അവിശ്വസനീയമായ കാര്യങ്ങളാണ് പിന്നീട് സംഭവിച്ചത്. ആ ഓവറിലെ ആദ്യ അഞ്ചു പന്തിൽ കാനഡയ്ക്ക് അഞ്ചു വിക്കറ്റും നഷ്ടപ്പെട്ടു. മത്സരം തോറ്റെന്നു ഉറപ്പിച്ച ബ്രസീലിന് ഒരു റണ്ണിന്റെ അമ്പരപ്പിക്കുന്ന വിജയം.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബ്രസീൽ 17 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 48 റൺസാണ് നേടിയത്. 32 പന്തിൽ രണ്ടു ഫോറുകളോടെ 21 റൺസെടുത്ത ക്യാപ്റ്റൻ റോബർട്ട ആവേരിയായിരുന്നു ബ്രസീലിന്റെ ടോപ് സ്കോറർ. ബ്രസീൽ നിരയിൽ മറ്റാർക്കും രണ്ടക്കം കാണാനായില്ല.

മറുപടി ബാറ്റിങ്ങിൽ കാനഡ 16 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 46 റൺസെന്ന നിലയിലായിരുന്നു. അവസാന ഓവറിൽ മൂന്നു റണ്ണെടുത്താൽ വിജയിക്കാം. എന്നാൽ ബ്രസീലിനായി ആ ഓവർ എറിഞ്ഞ ലൗറ കാർഡോസോ മത്സരം മാറ്റിമറിച്ചു. 24 പന്തിൽ ഒമ്പത് റൺസെടുത്ത ക്രിമ കപാഡിയ ആദ്യ പന്തിൽ പുറത്ത്. പിന്നാലെ ക്രീസിലെത്തിയ ഹാല അസ്മത്ത്, ഹിബ ഷംഷാദ്, സന സഫർ എന്നിവർ പൂജ്യത്തിന് പുറത്തായി. അഞ്ചാം പന്തിൽ കാനഡയുടെ ടോപ് സ്കോറർ മുഖ്വിന്ദർ സിങ് ടരണ്ടാം റണ്ണിനായുള്ള ശ്രമത്തിൽ റൺഔട്ടായി. ഇതോടെ ബ്രസീലിന് ഒരു റണ്ണിന്റെ അവിശ്വസനീയ വിജയം!

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week