‘മദ്യശാലകള്‍ അടച്ചുപൂട്ടണം’; മദ്യശാല കല്ലെറിഞ്ഞ് തകര്‍ത്ത് ബി.ജെ.പി നേതാവ് ഉമാഭാരതി (വീഡിയോ)
ഭോപ്പാല്‍: മദ്യഷോപ്പ് കല്ലെറിഞ്ഞ് തകര്‍ത്ത് മുതിര്‍ന്ന ബിജെപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഉമാ ഭാരതി. മധ്യപ്രദേശിലെ ബര്‍ഖേദ പഠാനി പ്രദേശത്ത് മദ്യനിരോധനം ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധ സമരത്തിനിടെയാണ് മദ്യശാലയ്ക്ക് നേരെ ഉമാ ഭാരതി കല്ലെറിഞ്ഞത്.
കല്ലെറിയുന്ന ദൃശ്യങ്ങള്‍ ഉമാ ഭാരതി ട്വിറ്ററില്‍ പങ്കുവയ്ക്കുകയും ചെയ്തു. മധ്യപ്രദേശില്‍ മദ്യം നിരോധിക്കണമെന്നും അതിനായി സമരം ചെയ്യുമെന്നും ഉമാ ഭാരതി നേരത്തെ വ്യക്തമാക്കിയിരുന്നു. മദ്യം നിരോധിച്ചില്ലെങ്കില്‍ വടികൊണ്ട് തെരുവിലിറങ്ങുമെന്നും അവര്‍ വ്യക്തമാക്കിയിരുന്നു
‘ബര്‍ഖേദ പഠാനി പ്രദേശത്തെ തൊഴിലാളികളുടെ കോളനിയില്‍ നിരവധി മദ്യശാലകളുണ്ട്. അവിടെ അടഞ്ഞ സ്ഥലത്ത് മദ്യം വിളമ്പുന്നു. ഇത് സര്‍ക്കാര്‍ നയത്തിന് എതിരായതിനാല്‍ താമസക്കാരും സ്ത്രീകളും എതിര്‍ക്കുകയും പ്രതിഷേധിക്കുകയും ചെയ്തു. കട പൂട്ടുമെന്ന് ഭരണകൂടം മുന്‍പ് പലതവണ ഉറപ്പ് നല്‍കിയിരുന്നു. പക്ഷേ വര്‍ഷങ്ങളായി ഇത് സംഭവിച്ചിട്ടില്ല’ – വീഡിയോ പങ്കുവെച്ച് ഉമാഭാരതി പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ജനുവരി 15നാണ് മദ്യനിരോധനം കൊണ്ടുവരുമെന്ന ആഹ്വാനം നടത്തിയത്. സംഭവം നടന്നില്ലെങ്കില്‍ എല്ലാം തകര്‍ക്കുമെന്ന് അന്ന് പറഞ്ഞിരുന്നു. ഇതിനിടെയാണ് പുതിയ എക്‌സൈസ് നിയമം പുറത്തുവരുന്നത്. മദ്യത്തിന് വില കുറച്ചാണ് നിയമം വന്നത്. വിദേശ മദ്യത്തിന്റെ എക്‌സൈസ് തീരുവ 10-13 ശതമാനമായും കുറച്ചിരുന്നു. സര്‍ക്കാര്‍ സമീപനത്തെയും ഉമാഭാരതി വിമര്‍ശിച്ചു. ഗംഗ പ്രചാരണത്തിന്റെ ഭാഗമായിരുന്നതുകൊണ്ടാണ് പ്രതിഷേധം വൈകിയതെന്നും ഇവര്‍ പറഞ്ഞു.
വീടുകളില്‍ ബാറുകള്‍ സ്ഥാപിക്കാന്‍ അനുമതി നല്‍കുകയും മദ്യത്തിന്റെ ചില്ലറ വില്‍പ്പന വില 20 ശതമാനം കുറയ്ക്കുകയും ചെയ്യുന്ന നയമാണ് മധ്യപ്രദേശിലെ ബിജെപി സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. സംസ്ഥാനത്ത് മദ്യവിരുദ്ധ പ്രചാരണം നടത്തുമെന്ന് ഭാരതി നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ മദ്യനിരോധനത്തിനായുള്ള തന്റെ പ്രചാരണം സംസ്ഥാന സര്‍ക്കാരിന് എതിരല്ലെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.