പ്രായപൂര്‍ത്തിയാകാത്ത കാലം മുതല്‍ പീഡനം തുടങ്ങി; ഞീഴൂരിലെ ബി.ജെ.പി നേതാവിനെതിരെ പെണ്‍കുട്ടിയുടെ മൊഴി, ചിത്രങ്ങള്‍ ഷെയര്‍ ചെയ്തവരും കുടുങ്ങും
കോട്ടയം: ഞീഴൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചിച്ചെന്ന പരാതിയില്‍ ബി.ജെ.പി നേതാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ബിജെപി ഞീഴൂര്‍ മുന്‍ മണ്ഡലം പ്രസിഡന്റായിരുന്ന ജോസ് പ്രകാശി(58) നെ ആണ് ഇന്നലെ രാത്രിയില്‍ കടുത്തുരുത്തി പോലീസ് കസ്റ്റഡിയിലെടുത്തത്. കേസിനെ തുടര്‍ന്ന് ഇദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയിരുന്നു.
തന്റെ ചിത്രങ്ങള്‍ മോശമായി പ്രചരിപ്പിക്കുന്നതായി പെണ്‍കുട്ടി ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു. പോലീസ് സംഘത്തിന് പെണ്‍കുട്ടി നല്‍കിയെ മൊഴിയെ തുടര്‍ന്നാണ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്. 2017 മുതല്‍ പ്രതിയുടെ പീഡനം ആരംഭിച്ചിരുന്നതായാണ് പെണ്‍കുട്ടി മൊഴി നല്‍കിയതെന്ന് പോലീസ് പറഞ്ഞു. ഈ സമയത്ത് പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ല.
പോക്‌സോ, ഐറ്റി ആക്ടുകള്‍ അനുസരിച്ചാണ് കേസ് എടുത്തിരിക്കുന്നത്. സമൂഹമാധ്യമങ്ങളിലൂടെ പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെയും നടപടിയുണ്ടാകുമെന്ന് കടുത്തുരുത്തി സിഐ കെ.പി. ശിവന്‍കുട്ടി പറഞ്ഞു. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.