തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ ബി.ജെ.പി കൗണ്‍സിലറുടെ നേതൃത്വത്തില്‍ ചെരുപ്പുകടയിലെ ജീവനക്കാരെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. മാസ്ക് ധരിക്കാത്തത് ചോദ്യം ചെയ്തതിനാണ് രണ്ടു ജീവനക്കാര്‍ക്ക് മര്‍ദനമേറ്റത്. പരാതിയുടെ അടിസ്ഥാനത്തില്‍ ചെമ്പഴന്തി കൗണ്‍സിലര്‍ ചെമ്പഴന്തി ഉദയനെതിരെ പോലീസ് കേസെടുത്തു.
വെള്ളിയാഴ്ച വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം. നഗരസഭാംഗവും ബിജെപി ജില്ലാ നേതാവുമായ ചെമ്പഴന്തി ഉദയന്‍ മാസ്ക് ധരിക്കാതെ ചെരുപ്പുകടയിലെത്തിയതിനെ ജീവനക്കാര്‍ ചോദ്യം ചെയ്യുകയായിരുന്നു. തുടര്‍ന്നു നടന്ന തര്‍ക്കത്തിനും വാക്കേറ്റത്തിനുമിടെയാണ് മാനേജര്‍ വിഷ്ണു, ജീവനക്കാരനായ അജയ് എന്നിവര്‍ക്ക് മര്‍ദനമേറ്റത്.
ഇരുവരേയും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്രീകാര്യം പോലീസ് ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തി. ബിജെപി പ്രവര്‍ത്തകരെത്തി കട അടപ്പിച്ചതായും ആക്ഷേപമുണ്ട്. അതേസമയം, കടയിലുള്ളവര്‍ അപമര്യാദയായി പെരുമാറിയെന്ന് കാണിച്ച് ചെമ്പഴന്തി ഉദയനും പോലീസില്‍ പരാതി നല്കി.