കൊച്ചി:തൃക്കാക്കര പണക്കിഴി വിവാദത്തിൽ പ്രതിഷേധം സംഘടിപ്പിക്കാത്തതിനെ ചൊല്ലി ബിജെപി ജില്ലാ നേതൃത്വത്തിൽ തമ്മിലടി. പ്രതിഷേധം സംഘടിപ്പിക്കാത്തത് ചോദ്യം ചെയ്ത ബി.ജെ.പി ജില്ലാ ഭാരവാഹി രാജേഷിനെ ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തി. ഭീഷണി ഫോൺ സംഭാഷണം പുറത്തു വന്നു.
തൃക്കാക്കര നഗരസഭയിൽ ബി.ജെ.പിക്ക് കൗൺസിലർമാരില്ല. എന്നാൽ ഇങ്ങനെയൊരു വിവാദം കത്തിനിൽക്കുമ്പോഴും ബി.ജെ.പി നേതൃത്വം മൗനം പാലിക്കുന്നതിനെതിരെയാണ് ഇപ്പോൾ പ്രവർത്തകർക്കിടയിൽ അതൃപ്തിയുണ്ടായിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ബി.ജെ.പി ഐടി സെൽ ഭാരവാഹി രാജേഷ് പാർട്ടി ഗ്രൂപ്പിൽ ഒരു പോസ്റ്റ് ഇട്ടിരുന്നു. ഇതാണിപ്പോൾ വിവാദമായിരിക്കുന്നത്.
തൃക്കാക്കര നഗരസഭയിലെ പണക്കിഴിവിവാദത്തിൽ കോൺഗ്രസ് അന്വേഷണ കമ്മീഷന്‍റെ തെളിവെടുപ്പ് നാളെ. മൊഴിയിൽ ഉറച്ചു നിൽക്കുമെന്ന് കോൺഗ്രസ് കൗൺസിലർ വി ഡി സുരേഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. നഗരസഭ അധ്യക്ഷ അജിത തങ്കപ്പൻ കൗൺസിലർമാർക്ക് പണം നൽകിയിട്ടുണ്ട്. ഇത് തെളിയിക്കാൻ കഴിയും. പാർട്ടി കമ്മീഷന് മുന്നിൽ എല്ലാ കാര്യങ്ങളും വെളിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. പണം കൈമാറിയെന്ന് സമ്മതിച്ച കോൺഗ്രസിലെ ഏക കൗൺസിലറാണ് സുരേഷ്.
കഴിഞ്ഞ ദിവസമാണ് തൃക്കാക്കര നഗരസഭയിൽ ഓണക്കോടിക്കൊപ്പം കൗൺസിലർമാർക്ക് ചെയർപേഴ്സൻ 10,000 രൂപയും സമ്മാനിച്ചത്. പണം വാങ്ങുന്നത് പന്തിയല്ലെന്ന് തോന്നിയവർ കവർ ചെയർപേഴ്സന് തന്നെ തിരിച്ച് നൽകി വിജിലൻസിൽ പരാതി നൽകി. സംഭവത്തിൽ കോൺഗ്രസ് കൗൺസിലർ വി ഡി സുരേഷ് അടക്കം അന്വേഷണം വേണമെന്നാവശ്യപ്പെട്ട് രംഗത്തെത്തി. സംഭവം വിവാദമായത്തോടെയാണ് ചെയർപേഴ്സന്‍റെ നടപടിയില്‍ കോൺഗ്രസ് നേതൃത്വം അന്വേഷണം പ്രഖ്യാപിച്ചത്. പണമടങ്ങിയ കവർ ചെയർപേഴ്സന് തിരിച്ചു നൽകുന്നതിന്‍റെ കൂടുതൽ തെളിവുകളും ഇതിനിടെ പുറത്ത് വന്നു.
അതേസമയം, പണം ആർക്കും നൽകിയിട്ടില്ലെന്ന നിലപാടില്‍ ഉറച്ച് നല്‍ക്കുന്ന ചെയർപേഴ്സൻ അജിത തങ്കപ്പൻ, തെളിവായി കൗൺസിലർമാർ പുറത്ത് വിട്ട വീഡിയോയിലുള്ളത് പരാതി കവറിൽ സ്വീകരിക്കുന്ന ദൃശ്യമാണെന്നും പറഞ്ഞിരുന്നു. എന്നാൽ തിരിച്ചേൽപ്പിച്ചത് പണമടങ്ങിയ കവർ തന്നെ ആണെന്ന് തെളിയിക്കാനുള്ള കൂടുതൽ വീഡിയോ കൗൺസിലർമാർ പുറത്ത് വിട്ടു. പരാതി ശരിവെച്ച് ഭരണപക്ഷ കൗൺസിലർ റാഷിദ് ഉള്ളമ്പള്ളി നടത്തിയ ഫോൺ സംഭാഷവും പുറത്താത് അജിത തങ്കപ്പന് തിരിച്ചടിയാകും. ചെയർപേഴ്സനെതിരെ അന്വേഷണം ആവശ്യപ്പെട്ട കോൺഗ്രസ് കൗൺസിലർ വിഡി സുരേഷ് സംഘടിപ്പിച്ച തിരുവോണ പരിപാടിയിൽ നിന്ന് പിടി തോമസ് വിട്ട് നിന്നതും വിവാദമായിരുന്നു.