28.9 C
Kottayam
Thursday, May 2, 2024

മരംമുറി കേസില്‍ വിവരം നല്‍കിയ യുവാവിന്റെ മൃതദേഹം കനാലില്‍; കൊലപാതകമെന്ന് നിഗമനം

Must read

ചക്കരക്കല്ല്(കണ്ണൂർ): നാല് ദിവസംമുമ്പ് ചക്കരക്കല്ലിൽ നിന്ന് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പൊതുവാച്ചേരി കരുണൻ പീടികക്ക് സമീപത്തെ കനാലിൽ നിന്നാണ് ചാക്കിൽകെട്ടിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. ചാക്കിൽ മടക്കിക്കെട്ടിയ നിലയിൽ കാട് നിറഞ്ഞ കനാലിന്റെ അടിഭാഗത്ത് നിന്നാണ് മൃതദേഹം കിട്ടിയത്. ഓഗസ്റ്റ് 19-ന് കാണാതായ പ്രശാന്തിനിവാസിൽ ഇ.പ്രജീഷിന്റെ (33) മൃതദേഹമാണിതെന്ന് പോലീസ് സ്ഥിരീകരിച്ചു. സംഭവം കൊലപാതകമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അഴുകിയ മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

പ്രജീഷിനെ കാണാതായതിനെ തുടർന്ന് അന്വേഷണം നടന്നുവരികയായിരുന്നു. ഇതിനിടെ പോലീസിന് ലഭിച്ച രഹസ്യവിവരമാണ് മൃതദേഹം കണ്ടെത്താനിടയാക്കിയത്. തിങ്കളാഴ്ച രാവിലെയാണ് ചക്കരക്കല്ല് പോലീസിന്റെ നേതൃത്വത്തിൽ മണിക്കിയിൽ അമ്പലത്തിനു സമീപം കരുണൻ പീടികയോട് ചേർന്നുള്ള കനാലിൽ പരിശോധന നടത്തിയത്. കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാൾ കസ്റ്റഡിയിലായതായും രണ്ട് പേർ നിരീക്ഷണത്തിലാണെന്നും സൂചനയുണ്ട്.

പോലീസ് ഉദ്യോഗസ്ഥർ, വിരലടയാള വിദഗ്ദർ, ഫോറൻസിക് വിഭാഗം എന്നിവരുടെ സാന്നിധ്യത്തിൽ അഗ്നിരക്ഷാസേന വിഭാഗമാണ് തിങ്കളാഴ്ച ഉച്ചയോടെ മൃതദേഹം പുറത്തെടുത്തത്. ചക്കരക്കല്ല് പോലീസ് ഇൻക്വസ്റ്റ് നടത്തി. പോസ്റ്റ്മോർട്ടത്തിനായി കണ്ണൂർ ഗവ: മെഡിക്കൽ കോളേജിലേക്ക് മാറ്റി. ചക്കരക്കല്ല് പ്രശാന്തി നിവാസിൽ ശങ്കരവാര്യർ, സുശീല ദമ്പതികളുടെ മകനാണ് പ്രജീഷ്. സഹോദരങ്ങൾ: പ്രവീൺ, പ്രസാദ്.

പൊതുവാച്ചേരിയിൽ ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തിയത് ചക്കരക്കൽ സ്വദേശി പ്രജീഷ് എന്നയാളുടെ മൃതദേഹമെന്ന് സ്ഥിരീകരണം. മരം മോഷണക്കേസിൽ പോലീസിന് വിവരങ്ങൾ നൽകിയ ആളാണ് കൊല്ലപ്പെട്ട പ്രജീഷ്. പ്രതികളെ തിരിച്ചറിഞ്ഞതായും മോഷണകേസിൽ പ്രതികളെ കുറിച്ച് വിവരം നൽകിയതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് കരുതുന്നതായും കണ്ണൂർ അസി.കമ്മീഷണർ പി.പി. സദാനന്ദൻ പറഞ്ഞു.

മരം മോഷണവുമായി ബന്ധപ്പെട്ട് പ്രതികളെക്കുറിച്ച് പൊലീസിന് വിവരം നൽകിയ ആളാണ് പ്രജീഷ്. ഇതിലുള്ള പ്രതികാരമാണ് കൊലപാതകത്തിലേക്ക് എത്തിയത്. നാല് ലക്ഷം രൂപയുടെ തേക്കുമരം മോഷ്ടിച്ചതിന് പ്രതികൾ ഓഗസ്റ്റ് ഒമ്പതാം തീയതി പിടിയിലായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week