33.4 C
Kottayam
Friday, April 26, 2024

4 മാസം നീണ്ട ‘രാത്രി’യ്ക്ക് അന്ത്യം;അന്റാര്‍ട്ടിക്കയില്‍ വീണ്ടും സൂര്യനുദിച്ചു

Must read

അൻ്റാർട്ടിക്ക:നാല് മാസത്തിലേറെ നീണ്ടുനിന്ന രാത്രികാലമവസാനിച്ചതോടെ അന്റാർട്ടിക്കയിൽ പര്യവേക്ഷണപ്രവർത്തനങ്ങൾ പുനഃരാരംഭിച്ചു. ദക്ഷിണധ്രുവത്തിൽ സ്ഥിതി ചെയ്യുന്ന വൻകരയിൽ ഇന്ത്യയുൾപ്പെടെ വിവിധ രാജ്യങ്ങളുടെ ഗവേഷണകേന്ദ്രങ്ങളുണ്ട്. നവംബറിൽ അന്തരീക്ഷതാപനില വർധിക്കുന്നതോടെ ശീതകാലത്ത് മടങ്ങിപ്പോയ ഗവേഷകർ തിരികെയെത്തുകയും ഗവേഷണപ്രവർത്തനങ്ങൾ കൂടുതൽ ത്വരിതപ്പെടുകയും ചെയ്യും.

നാലോ അഞ്ചോ മാസം നീണ്ടുനിൽക്കുന്ന രാത്രികാലത്ത് 24 മണിക്കൂറും അന്റാർട്ടിക്കയിൽ ഇരുട്ടായിരിക്കും. ഇക്കാരണത്താൽ ശീതകാലത്ത് ഗവേഷണകേന്ദ്രങ്ങളിൽ നിന്ന് പുറത്തിറങ്ങുന്നത് ഗവേഷകർക്ക് അസാധ്യമാണ്. താപനില അസഹനീയമായ വിധത്തിൽ താഴുന്നതിനാൽ അന്റാർട്ടിക്കയിൽ തങ്ങാതെ ഗവേഷകർ മടങ്ങുകയും പിന്നീട് വേനൽക്കാലമാകുന്നതോടെ തിരികെയെത്തുകയുമാണ് പതിവ്.

ദീർഘകാലം സൂര്യപ്രകാശമില്ലാത്ത സ്ഥലത്ത് തങ്ങുന്നതിൽ ശരീരത്തിലുണ്ടാകുന്ന പ്രതികരണത്തെ കുറിച്ചുള്ള പഠനത്തിലേർപ്പെട്ടിരിക്കുന്ന ഗവേഷകരും ഇവിടെയുണ്ട്. ബഹിരാകാശയാത്രാഗവേഷണങ്ങളിൽ ഈ പഠനം പ്രയോജനപ്പെടുത്താമെന്നതിനാലാണിത്. ഇത്തരം ഗവേഷണങ്ങൾക്കായി അന്റാർട്ടിക്കയിൽ തങ്ങുന്ന യൂറോപ്യൻ സ്പേസ് ഏജൻസിയിലെ(ESA) ശാസ്ത്രജ്ഞർ ‘നീണ്ട രാത്രി’യ്ക്ക് ശേഷമുള്ള സൂര്യോദയത്തെ എതിരേറ്റു. വൻകരയെ സംബന്ധിക്കുന്ന വിവിധ വിഷയങ്ങളിൽ ഇവിടെ ഗവേഷണങ്ങൾ നടക്കുന്നുണ്ട്.

ഏകദേശം ആറ് മാസത്തോളമാണ് അന്റാർട്ടിക്ക ഇരുട്ടിലാവുന്നത്. വേനൽ, ശിശിരം തുടങ്ങി രണ്ട് കാലങ്ങൾ മാത്രമാണ് അന്റാർട്ടിക്കയിലുണ്ടാവുന്നത്. നാല് മുതൽ ആറ് മാസത്തോളം ഓരോ കാലവും നീളും. വേനൽക്കാലത്ത് ദിനം മുഴുവനും സൂര്യപ്രകാശം ലഭിക്കുമെങ്കിലും മഞ്ഞ് നിറഞ്ഞ ഭൂഖണ്ഡത്തിൽ താപനില എപ്പോളും താണനിലയിൽ തന്നെ തുടരും. ശിശിരത്തിൽ മൈനസ് 34 ഡിഗ്രി സെൽഷ്യസ് ആണ് ശരാശരി താപനില.

വേനലെത്തുന്നതോടെ എല്ലാ ഗവേഷണ ആസ്ഥാനങ്ങളും ശുചിയാക്കുകയും യന്ത്രങ്ങളും മറ്റുപകരണങ്ങളും സർവീസ് ചെയ്യുകയും ടെന്റുകൾ ഉയർത്തുകയും ഊഷ്മളമാക്കുകയും ചെയ്യും. പുതിയ സംഘങ്ങൾക്കെത്താൻ റൺവേകൾ മഞ്ഞ് നീക്കി ഒരുക്കും. നിഗൂഢതകൾ ഏറെ നിറഞ്ഞ അന്റാർട്ടിക്ക ഗവേഷകർക്ക് ഒരു അദ്ഭുതമാണ്. ഇനിയുമേറെ കാര്യങ്ങൾ ഈ വൻകരയിൽ നിന്ന് അറിയാനുണ്ട്, അതിനുള്ള പരിശ്രമത്തിലാണ് ഗവേഷകർ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week