മമ്മൂട്ടിയും മോഹന്‍ലാലും ഗോള്‍ഡന്‍ വിസ ഏറ്റുവാങ്ങി
ദുബായ്:മമ്മൂട്ടിയും മോഹൻലാലും യു.എ.ഇ. ഭരണകൂടത്തിൽനിന്ന് ഗോൾഡൻ വിസ ഏറ്റുവാങ്ങി. ഇതാദ്യമായാണ് മലയാള സിനിമാതാരങ്ങൾക്ക് ഗോൾഡൻ വിസ ലഭിക്കുന്നത്.
അബുദാബി സാമ്പത്തിക വികസന വകുപ്പ് ചെയർമാൻ മുഹമ്മദ് അലി അൽ ഷോറാഫാ അൽ ഹമ്മാദിയിൽ നിന്നാണ് മലയാളത്തിന്റെ പ്രിയതാരങ്ങൾ ഗോൾഡൻ വിസ ഏറ്റുവാങ്ങിയത്. ഇരുതാരങ്ങളും സിനിമ മേഖലയ്ക്ക് നൽകുന്ന സംഭാവന മഹത്തരമെന്ന് മുഹമ്മദ് അലി അൽ ഷോറാഫാ അൽ ഹമ്മാദി പറഞ്ഞു.
വിവിധ മേഖലകളിൽ കഴിവ് തെളിയിക്കുന്ന പ്രതിഭകൾക്ക് യു.എ.ഇ. ഭരണകൂടം നൽകുന്നതാണ് പത്തുവർഷത്തെ ഗോൾഡൻ വിസ. പ്രവാസി വ്യവസായി എം.എ യൂസഫലിയാണ് മമ്മൂട്ടിക്കും മോഹൻലാലിലും ഗോൾഡൻ വിസ നൽകുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്.
മലയാളിയുടെ പോറ്റമ്മരാജ്യത്തിൽനിന്നുള്ള ആദരം ഏറെ സന്തോഷമെന്ന് മമ്മൂട്ടി പ്രതികരിച്ചു. യു.എ.ഇ. ഭരണകൂടത്തിൽനിന്നുള്ള ഗോൾഡൻ വിസ മലയാള സിനിമയ്ക്ക് കൂടിയുള്ള അംഗീകാരമാണെന്ന് മോഹൻലാൽ പറഞ്ഞു.
ഷാരൂഖ് ഖാൻ, സഞ്ജയ് ദത്ത് എന്നിവരാണ് ഇതിനു മുൻപ് ഗോൾഡൻ വിസ നേടിയ ഇന്ത്യൻ സിനിമാതാരങ്ങൾ.