KeralaNews

മലയാളത്തില്‍ ഏതെങ്കിലും നടിമാര്‍ക്ക് ഫാന്‍സ് അസോസിയേഷന്‍ ഉണ്ടോ? ചോദ്യവുമായി ഭാഗ്യലക്ഷ്മി

തിരുവനന്തപുരം: മലയാള സിനിമയില്‍ പുരുഷാധിപത്യമെന്ന് ഡബ്ബിങ്ങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ഇവിടെ സ്ത്രീകളുടെ വാക്കുകള്‍ ഒരിക്കല്‍ പോലും മുഖവിലയ്ക്ക് എടുക്കുന്നില്ല. പുരുഷന്മാര്‍ക്ക് മാത്രമാണ് ഇവിടെ തിയേറ്റര്‍ മാര്‍ക്കറ്റ് ഉള്ളത്. അത്തരമൊരു അവസ്ഥയില്‍ ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നാല്‍ അത് പലരെയും ബാധിക്കുമെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു. ഒരു ചാനലിന്റെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഭാഗ്യലക്ഷ്മി.

‘ഹേമ കമ്മീഷന്‍ എന്നെയും ഒരുദിവസം വിളിച്ച്, രണ്ടു- മൂന്നു മണിക്കൂറുകളോളം സംസാരിച്ചിരുന്നു. എനിക്ക് ഒട്ടും താല്‍പര്യം ഇല്ലായിരുന്നു പോകാന്‍. ഒന്നും ചെയ്യാന്‍ പറ്റില്ല എന്ന് എന്റെ മനസ്സില്‍ തോന്നിയിരുന്നു. എന്നാല്‍ ഒരുപാട് പേരുടെ തൊഴിലിന്റെ പ്രശ്‌നമാണ്, അവര്‍ അനുഭവിക്കുന്ന പല തരത്തിലുള്ള മാനസിക പീഡനങ്ങള്‍ക്ക് എന്തെങ്കിലും നിവര്‍ത്തി ഉണ്ടാക്കാന്‍ വേണ്ടിയാണ് ഇങ്ങനെയൊരു കമ്മീഷന്‍ രൂപീകരിച്ചത്. അതിനോടൊപ്പം സഹകരിക്കുക എന്നത് എന്റെ കടമയാണ് തോന്നിയതിനാല്‍ ഞാന്‍ പോയി.’

‘ഞാന്‍ ആദ്യം ചോദിച്ചത് ഇങ്ങനെയൊരു തുറന്നു പറച്ചിലിലൂടെ കമ്മീഷന്‍ സ്ത്രീകള്‍ക്ക് വേണ്ടി എന്താണ് ചെയ്യാന്‍ പോകുന്നത്?തീര്‍ച്ചയായും സിനിമയില്‍ ഒരു വലിയ മാറ്റം കൊണ്ടുവരാന്‍ ഈ കമ്മീഷന് കഴിയും എന്നാണ് അവര്‍ നല്‍കിയ മറുപടി. എന്ത് രീതിയിലുള്ള മാറ്റങ്ങളാണ് നിങ്ങള്‍ ഉദ്ദേശിക്കുന്നത് എന്ന് ഞാന്‍ ചോദിച്ചു. കാരണം ഇവിടെ സ്ത്രീകള്‍ക്ക് മാര്‍ക്കറ്റ് ഇല്ല. പുരുഷന്മാര്‍ക്ക് മാത്രമാണ് ഇവിടെ തിയേറ്റര്‍ മാര്‍ക്കറ്റ് ഉള്ളത്. അതിനാല്‍ തന്നെ ഇവിടെ മാറ്റം കൊണ്ടുവരുക എന്നത് സാധ്യമല്ല. ‘

‘ഇവിടെ ഏതെങ്കിലും നടിമാര്‍ക്ക് ഫാന്‍സ് അസോസിയേഷന്‍ ഉണ്ടോ? മഞ്ജു വാര്യര്‍ക്ക് ഉണ്ടായേക്കാം. എന്നാല്‍ മഞ്ജു വാര്യര്‍ ഉണ്ടെങ്കില്‍ ഈ സിനിമ ഞങ്ങള്‍ എടുത്തോളാം എന്ന് പറയുന്ന എത്ര തിയേറ്റര്‍ ഉടമകള്‍ ഉണ്ട്? വിരലില്‍ എണ്ണാവുന്നവര്‍ ആയിരിക്കും. ഇത് കേരളത്തിലെ മാത്രമല്ല ഇന്ത്യ മുഴുവന്‍ ഉള്ളതാണ്. അതിനാല്‍ തന്നെ അടൂര്‍ കമ്മിറ്റി പോലെ അല്ല ഈ റിപ്പോര്‍ട്ട്.

ഇത് പലരെയും ബാധിക്കും.’ മലയാള സിനിമയിലെ സ്ത്രീ നിര്‍മ്മാതാക്കളുടെ എണ്ണം നോക്കിയാല്‍ അഞ്ചില്‍ കുറവാണ്. എക്‌സിബിറ്റേഴ്‌സില്‍ വനിതകള്‍ ഉണ്ടോ എന്ന് എനിക്ക് അറിയില്ല.ഇത് ഒരു പുരുഷാധിപത്യമുള്ള മേഖലയാണ്. ഇവിടെ സ്ത്രീയുടെ ശബ്ദം ആരും മുഖവിലയ്ക്ക് എടുക്കില്ല.’എന്നും അവര്‍ പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button