26.3 C
Kottayam
Saturday, April 20, 2024

ബാഴ്സലോണയിൽ മെസിയുടെ പത്താം നമ്പർ ജേഴ്സിയുടെ പുതിയ ഉടമയെ പ്രഖ്യാപിച്ച് ക്ലബ്

Must read

ബാഴ്സലോണ: ബാഴ്സലോണയിൽ പത്താം നമ്പർ ജേഴ്സി യുവതാരം അൻസു ഫാറ്റിക്ക്. ഏറെക്കാലമായി ലിയോണൽ മെസ്സി ധരിച്ചിരുന്ന പത്താം നമ്പർ ജഴ്സിയാണ് ഈ സീസണിൽ ഫാറ്റിക്ക് കൈമാറുന്നത്. നേരത്തേ, ബ്രസീല്‍ താരം ഫിലിപെ കൂടിഞ്ഞോയ്ക്ക് പത്താം നമ്പർ നൽകുമെന്ന അഭ്യൂഹം ഉണ്ടായിരുന്നെങ്കിലും ബാഴ്സയുടെ അക്കാദമി താരമായ ഫാറ്റിക്ക് തന്നെ പത്താം നമ്പർ ജേഴ്സി നൽകാൻ ബാഴ്സലോണ മാനേജ്മെന്‍റ് തീരുമാനിക്കുകയായിരുന്നു.

ബാഴ്സയില്‍ പ്രഫഷണല്‍ കരിയര്‍ തുടങ്ങുമ്പോള്‍ മെസിയുടെ ജേഴ്സി നമ്പര്‍ 30 ആയിരുന്നു. ഫ്രാങ്ക് റെയ്ക്കാര്‍ഡിന്‍റെ കീഴില്‍ ബാഴ്സയുടെ സീനിയര്‍ ടീമിനായി കളിച്ച ആദ്യ മത്സരത്തില്‍ മെസി 30-ാംനമ്പര്‍ ജേഴ്സി ധരിച്ചാണിറങ്ങിയത്. പിന്നീട് രണ്ട് സീസണുകളില്‍ മെസി 19-ാം നമ്പര്‍ ജേഴ്സി ധരിച്ചു.

2008ല്‍ ബ്രസീല്‍ താരം റൊണാള്‍ഡീഞ്ഞോ എ സി മിലാനില്‍ ചേരാനായി ബാഴ്സ വിട്ടശേഷമാണ് മെസി പത്താം നമ്പര്‍ ജേഴ്സിയിലേക്ക് മാറിയത്. പിന്നീട് ബാഴ്സയുടെ പടിയറങ്ങുന്നതുവരെ പത്താം നമ്പറില്‍ മെസിയല്ലാതെ മറ്റൊരു താരം ബാഴ്സക്കില്ലായിരുന്നു.

മെസി ടീം വിട്ടതിന് പിന്നാലെ പത്താം നമ്പര്‍ ജേഴ്സിയും എന്നെന്നേക്കുമായി വിരമിക്കണമെന്ന ബാഴ്സ ആരാധകര്‍ ആവശ്യപ്പെട്ടിരുന്നു. മെസി ക്ലബ്ബ് വിട്ടതിന് പിന്നാലെ പുതിയ സീസണിലേക്കുള്ള കളിക്കാരുടെ സ്ക്വഡ് നമ്പര്‍ ബാഴ്സ പുറത്തുവിട്ടപ്പോള്‍ ബാഴ്സ പത്താം നമ്പര്‍ ഒഴിച്ചിടുകയും ചെയ്തു.

എന്നാല്‍ റോയല്‍ സ്പാനിഷ് ഫുട്ബോള്‍ ഫെഡറേഷന്‍റെ നിയമാവലി പ്രകാരം ലാ ലിഗയിലെ ഓരോ ടീമിലെയും 25 കളിക്കാര്‍ക്കും ഒന്നു മുതല്‍ 25വരെയുള്ള ജേഴ്സി നമ്പര്‍ അനുവദിച്ചേ മതിയാകു. തുടര്‍ന്നാണ് അന്‍സു ഫാറ്റിക്ക് പത്താം നമ്പര്‍ ജേഴ്സി അനുവദിക്കാന്‍ ബാഴ്സ തയാറായത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week