FeaturedNews

ഇന്ത്യയ്ക്ക് വീണ്ടും മെഡല്‍; ഗുസ്തിയില്‍ ബജ്‌റംഗ് പൂനിയയ്ക്ക് വെങ്കലം

ടോക്കിയോ: ടോക്കിയോ ഒളിമ്പിക്സില്‍ ഇന്ത്യയ്ക്ക് ആറാം മെഡല്‍. ഗുസ്തിയില്‍ പുരുഷന്‍മാരുടെ 65 കിലോ ഫ്രീസ്‌റ്റൈലില്‍ ഇന്ത്യയുടെ ബജ്‌റംഗ് പൂനിയ വെങ്കലം നേടി. വെങ്കല മെഡലിനായുള്ള പോരാട്ടത്തില്‍ കസാഖിസ്ഥാന്റെ ദൗലത് നിയാസ്‌ബെക്കോവിനെയാണ് ബജ്‌റംഗ് തോല്‍പ്പിച്ചത്.

ആധികാരികമായായിരുന്നു ബജ്‌റംഗിന്റെ ജയം. ആദ്യ പിരിയഡില്‍ രണ്ട് പോയിന്റുകള്‍ക്ക് മുന്നിലെത്തിയ ഇന്ത്യന്‍ താരം ബ്രേക്കിനു ശേഷം കസാക്ക് താരത്തിന് ഒരു അവസരവും നല്‍കാതെയാണ് കളിച്ചത്. മൂന്ന് തവണ 2 പോയിന്റുകള്‍ നേടി ദൗലത്തിനെ നിഷ്പ്രഭനാക്കിയ ബജ്‌റംഗ് തന്ത്രപരമായാണ് കളിച്ചത്. മികച്ച കൗണ്ടര്‍ അറ്റാക്കുകളും പഴുതടച്ച പ്രതിരോധവുമാണ് ബജ്‌റംഗിന് ജയം നേടിക്കൊടുത്തത്.

മൂന്ന് തവണ ലോക ചാമ്പ്യനായിട്ടുള്ള അസര്‍ബെയ്ജാന്‍ തരാം ഹാജി അലിയേവിന് മുമ്പിലാണ് സെമിയില്‍ ബജ്രംഗ് കീഴടങ്ങിയത്. സ്‌കോര്‍ 12-5. ബജ്‌റംഗിന്റെ സ്ഥിര ദൗര്‍ബല്യമായ കാലുകള്‍ കൊണ്ടുള്ള പ്രതിരോധം മുതലെടുത്ത് അലിയേവ് ആദ്യ പീരിഡില്‍ തന്നെ 4-1 ന് മുന്നിലെത്തി. രണ്ടാം പീരിഡില്‍ അസര്‍ബെയ്ജാന്‍ തരാം 8-1 ന് മുന്നിലെത്തിയ ശേഷം ബജ്‌റംഗ് തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും സമയം ഉണ്ടായിരുന്നില്ല. കിര്‍ഗിസ്ഥാന്റെ എര്‍നാസര്‍ അക്മതാലിയേവ്, ഇറാന്റെ മുര്‍ത്തസ ചേക്ക ഗിയാസി എന്നിവരെ തോല്‍പ്പിച്ചാണ് ഇന്ത്യന്‍ താരം സെമിയിലെത്തിയത്.

നേരത്തെ, ഒളിമ്പിക്‌സ് ഗോള്‍ഫില്‍ മെഡല്‍ പ്രതീക്ഷ ഉയര്‍ത്തിയ ഇന്ത്യന്‍ താരം അദിതി അശോകിന് മെഡല്‍ നഷ്ടമായി. 1-5 പാര്‍പോയന്റുമായി താരം നാലാമതാണ് ഫിനിഷ് ചെയ്തത്. ആദ്യ മൂന്ന് റൗണ്ടുകളിലും രണ്ടാമതായിരുന്ന അദിതി അവസാന ദിനമാണ് നിരാശപ്പെടുത്തിയത്. എങ്കിലും ഒളിമ്പിക്‌സ് വേദിയില്‍ എതിരാളികള്‍ക്ക് സമ്മര്‍ദം നല്‍കാന്‍ അദിതി അശോകിന് കഴിഞ്ഞു. ഗോള്‍ഫില്‍ ഒളിമ്പിക്‌സ് മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടമാണ് ഇതോടെ അദിതിക്ക് നഷ്ടമായത്.

ലോക റാങ്കിംഗില്‍ 200ആം സ്ഥാനത്താണ് അദിതി. ടോക്യോയില്‍ ഒരു സാധ്യതയും കല്പിക്കപ്പെടാതിരുന്ന താരം. ആദ്യ മൂന്ന് റൗണ്ടുകളിലും രണ്ടാം സ്ഥാനത്ത് ഉറച്ചുനിന്ന അദിതിക്ക് അവസാന റൗണ്ടില്‍ കാലിടറി. റിയോ ഒളിമ്പിക്‌സില്‍ മത്സരിച്ച അദിതി 41ആം സ്ഥാനത്ത് ഫിനിഷ് ചെയ്തു. നാല് വര്‍ഷങ്ങള്‍ക്കിപ്പുറം അദിതി മടങ്ങുന്നത് നാലാം സ്ഥാനക്കാരിയായാണ്.

ഒളിംപിക്സ് ചരിത്രത്തില്‍ ഗുസ്തിയില്‍ ഇന്ത്യയുടെ ഏഴാം മെഡലാണിത്. രവികുമാര്‍ ദഹിയക്ക് ശേഷം ടോക്കിയോ ഒളിംപിക്‌സില്‍ ഗുസ്തിയില്‍ ഇന്ത്യയുടെ രണ്ടാമത്തെ മെഡല്‍. നേരത്തെ സെമിയില്‍ റിയോ ഒളിംപിക്‌സിലെ വെങ്കല മെഡല്‍ ജേതാവ് അസര്‍ബൈജാന്റെ ഹാജി അലിയെവയോട് ബജ്‌റംഗ് പരാജയപ്പെട്ടിരുന്നു.

മീരാബായ് ചാനു, പി.വി സിന്ധു, ലവ്‌ലിന ബോര്‍ഗൊഹെയ്ന്‍, ഇന്ത്യന്‍ ഹോക്കി ടീം, രവികുമാര്‍ ദഹിയ എന്നിവരാണ് ഈ ഒളിംപിക്സില്‍ ഇന്ത്യയ്ക്ക് വേണ്ടി മെഡല്‍ നേടിയ മറ്റ് താരങ്ങള്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button