തിരുവനന്തപുരം: ഇരുചക്ര വാഹനങ്ങളുടെ പിന്‍സീറ്റില്‍ യാത്ര ചെയ്യുന്നവര്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാക്കി ഹൈക്കോടതി ഉത്തരവ് വന്നിരിക്കുകയാണ്. നാല് വയസ്സിനു മുകളിലുള്ള എല്ലാവര്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാണെന്നാണ് പുതിയ ഉത്തരവ്. ഡിസംബര്‍ 1 മുതല്‍ കേരളത്തില്‍ നിയമം നടപ്പാക്കണമെന്ന് ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു.
എന്നാല്‍ പുതിയ മോട്ടോര്‍വാഹന നിയമം നിലവില്‍ വരുമ്പോള്‍ പ്രധാനമായും ജനങ്ങള്‍ക്ക് നേരിട്ട് ബാധിക്കുന്നതാണ് ഹെല്‍മെറ്റ് പരിഷ്‌കാരം. ഇതോടെ ബൈക്കില്‍ ലിഫ്റ്റ് ചോദിക്കുന്നവര്‍ക്കാണ് എട്ടിന്റെ പണി കിട്ടുക. പിന്‍സീറ്റിലിരിക്കുന്നയാള്‍ ഹെല്‍മെറ്റില്ലാതെ പിടിക്കപ്പെട്ടാല്‍, ആ യാത്രക്കാരനോടാണ് പിഴയൊടുക്കാന്‍ പറയുക. എന്നാല്‍ അയാള്‍ പിഴയടക്കാന്‍ തയ്യാറായില്ലെങ്കില്‍ ബൈക്ക് ഓടിച്ച ആളില്‍ നിന്നും പിഴയീടാക്കും. ബൈക്ക് ഓടിച്ചയാളും അതിന് തയ്യാറായില്ലെങ്കില്‍ ബൈക്ക് ഉടമയില്‍ നിന്ന് പിഴയീടാക്കാനാണ് വ്യവസ്ഥ. ആയിരം രൂപയാണ് ഹെല്‍മെറ്റില്ലാത്തതിന് പിഴ. സാധാരണഗതിയില്‍ ബൈക്ക് യാത്രികര്‍ ലിഫ്റ്റ് കൊടുക്കുന്ന പതിവുണ്ട്. എന്നാല്‍ പിന്‍സീറ്റിലിരിക്കുന്നവര്‍ക്ക് ഹെല്‍മെറ്റ് ഉണ്ടെങ്കില്‍ മാത്രമേ ഇനി സഹായം ചെയ്യാനാകൂ.